Quantcast

വോക്കി ടോക്കി സ്‌ഫോടനം; നിർണായക വെളിപ്പെടുത്തലുമായി ജപ്പാൻ കമ്പനി

ഉപകരങ്ങൾക്കുള്ളിൽ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ റിമോട്ട് കൺട്രോൾ സംവിധാനം ഉപയോഗിച്ച് പ്രവർത്തിപ്പിച്ചാണ് സ്ഫോടനം നടത്തിയത്.

MediaOne Logo

André

  • Published:

    19 Sep 2024 6:24 AM GMT

വോക്കി ടോക്കി സ്‌ഫോടനം; നിർണായക വെളിപ്പെടുത്തലുമായി ജപ്പാൻ കമ്പനി
X

ടോക്യോ: തെക്കൻ ലബനാനിൽ ഇരുപതു പേരുടെ മരണത്തിനും 450-ലേറെ പേരുടെ പരിക്കിനും ഇടയാക്കിയ വോക്കി ടോക്കി സ്‌ഫോടനത്തിൽ നിർണായക വെളിപ്പെടുത്തലുമായി ജാപ്പനീസ് റേഡിയോ നിർമാതാക്കളായി ഐകോം. ബുധനാഴ്ച ഹിസ്ബുല്ല പോരാളികളുടെ കൈകളിൽ പൊട്ടിത്തെറിച്ച വോക്കി ടോക്കി റേഡിയോകളിൽ ഐകോം കമ്പനിയുടെ പേരും 'മെയ്ഡ് ഇൻ ജപ്പാൻ' ലേബലും ഉണ്ടായിരുന്നു. അഞ്ചു മാസം മുമ്പ് ഹിസ്ബുല്ല വാങ്ങി എന്ന് കരുതപ്പെടുന്ന ഈ റേഡിയോകൾ തങ്ങൾ നിർമിച്ചതല്ലെന്നും, ഐ.സി - വി82 എന്ന ഈ മോഡലിന്റെ ഉൽപ്പാദനം പത്തു വർഷം മുമ്പേ തങ്ങൾ അവസാനിപ്പിച്ചതാണെന്നും ഐകോം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

'ഐ.സി-വി82 കൈറേഡിയോകൾ ഉൽപ്പാദിപ്പിക്കുകയും മിഡിൽ ഈസ്റ്റിലേക്കടക്കം കയറ്റി അയക്കുകയും ചെയ്തിരുന്നത് 2004-2014 കാലഘട്ടത്തിലാണ്. പത്തുവർഷം മുമ്പേ ഇതിന്റെ ഉൽപ്പാദനം ഞങ്ങൾ നിർത്തിയിട്ടുണ്ട്. അതിനു ശേഷം ഞങ്ങളുടെ കമ്പനിയിൽ നിന്ന് ഇത് ഒരിടത്തേക്കും ഇത് അയച്ചിട്ടില്ല. ഇതിന്റെ മെയിൻ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ബാറ്ററിയുടെ നിർമാണവും നിർത്തിയതാണ്. (സ്‌ഫോടനം നടന്ന വോക്കി ടോക്കികളിൽ) വ്യാജ ഉൾപ്പന്നങ്ങൾ തിരിച്ചറിയുന്നതിന് ഞങ്ങൾ പതിക്കുന്ന ഹോളോഗ്രാം സീൽ ഉണ്ടായിരുന്നില്ല.' ഐകോം പത്രക്കുറിപ്പിൽ പറയുന്നു. വക്കയാമ നഗരത്തിലുള്ള ഫാക്ടറിയിൽ മാത്രമാണ് തങ്ങളുടെ റേഡിയോകൾ ഉൽപ്പാദിപ്പിക്കുന്നതെന്നും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ഇവ വിതരണത്തിന് എത്തിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.

ഇതോടെ, ഇസ്രായേൽ ചാരസംഘടനകളുടെ മേൽനോട്ടത്തിൽ വ്യാജമായി നിർമിച്ച വോക്കി ടോക്കികളാണ് ഹിസ്ബുല്ലയുടെ കൈവശം എത്തിയതെന്ന ആരോപണം ബലപ്പെടുകയാണ്. ചൊവ്വാഴ്ച പത്ത് വയസ്സുള്ള പെൺകുട്ടിയടക്കം പന്ത്രണ്ട് പേരുടെ മരണത്തിനിടയാക്കി പൊട്ടിത്തെറിച്ച പേജറുകൾ തായ്‌വാനിലെ 'അപ്പോളോ ഗോൾഡ്' എന്ന കമ്പനിയുടെ പേരിലുള്ളതാണെങ്കിലും, ഇവ നിർമിച്ചത് ഹംഗറിയിലെ മറ്റൊരു കമ്പനിയാണെന്ന് തെളിഞ്ഞിരുന്നു. സ്ഫോടനം നടന്ന പേജറുകളും വോക്കിടോക്കികളും ഏകദേശം ഒരേസമയത്താണ് ഹിസ്ബുല്ല ഓർഡർ ചെയ്തത് എന്ന് ലബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഉപകരങ്ങൾക്കുള്ളിൽ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ റിമോട്ട് കൺട്രോൾ സംവിധാനം ഉപയോഗിച്ച് പ്രവർത്തിപ്പിച്ചാണ് സ്ഫോടനം നടത്തിയത്. സംഭവത്തിൽ ഹിസ്ബുല്ല അംഗങ്ങൾക്കു പുറമെ കുട്ടികളും സ്ത്രീകളുമടക്കം കൊല്ലപ്പെട്ടു. പരിക്കേറ്റ മിക്കവരും സിവിലിയന്മാരാണ്. സിവിലിയന്മാരുടെ അപകടത്തിന് കാരണമാകുന്ന വിധത്തിൽ ഉപകരണങ്ങളിലോ സ്ഥലങ്ങളിലോ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നത് ഭീകരവാദത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ്.

TAGS :

Next Story