'ഒന്നും ചെയ്തില്ല'; ജാപ്പനീസ് യുവാവ് കഴിഞ്ഞ വർഷം വെറുതെയിരുന്ന് സമ്പാദിച്ചത് 69 ലക്ഷം
വേതനം വാങ്ങി ആളുകൾക്ക് കൂട്ട് നൽകുന്നതാണ് മോറിമോട്ടോയുടെ വരുമാന മാർഗം
ടോക്കിയോ: ഒന്നും ചെയ്യാതെ ജാപ്പനീസ് യുവാവ് കഴിഞ്ഞ വർഷം സമ്പാദിച്ചത് 69 ലക്ഷം രൂപ. ടോക്കിയോ സ്വദേശിയായ ഷോജി മോറിമോട്ടോ എന്ന 41 കാരനാണ് വെറുതെയിരുന്ന് വൻതുക സമ്പാദിച്ചത്. വേതനം വാങ്ങി ആളുകൾക്ക് കൂട്ട് നൽകുന്നതാണ് മോറിമോട്ടോയുടെ വരുമാന മാർഗം. ഒന്നും ചെയ്യാതെ ആളുകളോടൊപ്പം നടക്കാനും കാപ്പി കുടിക്കാനും ഒക്കെ പോവുകയും, ഇതിന് പണം ഈടാക്കുകയും ചെയ്യും.
ആഴത്തിലുള്ള സംഭാഷണങ്ങളോ മറ്റു പ്രവർത്തനങ്ങളോ പ്രതീക്ഷിക്കാത്തവരാകും മോറിമോട്ടോയുടെ ഉപഭോക്താക്കൾ. മാരത്തൺ ഓട്ടക്കാർക്ക് പിന്തുണയുമായി ഫിനിഷിംഗ് ലൈനിൽ കാത്തിരിക്കുക, മുറി വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യുമ്പോൾ വിഡിയോ കോളിലൂടെ കമ്പനി കൊടുക്കുക തുടങ്ങിയവയാണ് ഷോജി മോറിമോട്ടോ നൽകുന്ന സേവനങ്ങൾ. ഇനി സുഹൃത്തിനൊപ്പം സിനിമക്കോ, കൺസേർട്ടുകൾക്കോ ചെല്ലാമെന്ന് വാക്ക് കൊടുത്തെങ്കിലും അവിചാരിതമായി എത്താൻ നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ പകരം പോകാനും മോറിമോട്ടോ തയ്യാറാണ്.
ഉപഭോക്താവിന്റെ ആവശ്യങ്ങൾ അനുസരിച്ച് എല്ലാ കാര്യവും മോറിമോട്ടോ ചെയ്തുനൽകും. കടുത്ത വെയിലിൽ ക്യു നിൽക്കുക, തണുപ്പിൽ മണിക്കൂറുകളോളം നിൽക്കുക, അപരിചിതർ മാത്രമുള്ള പാർട്ടികളിൽ പങ്കെടുക്കുക, വലിയ സദസ്സിനു മുന്നിൽ സ്റ്റേജിൽ ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് നിൽക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ജോലിയുടെ ഭാഗമായി മോറിമോട്ടോ ചെയ്യാറുണ്ട്. ഉപദേശങ്ങളോ അഭിപ്രായങ്ങളോ പറയാതെ തങ്ങളുടെ വിഷമങ്ങൾ കേട്ടിരിക്കാനും ആളുകൾ ഇയാളെ സമീപിക്കാറുണ്ട്. 2018 ൽ ജോലി നഷ്ടപ്പെട്ടതിന്റെ ശേഷമാണ് മോറിമോട്ടോ പണം സമ്പാദിക്കാനായി ഈ പുതിയ വഴി കണ്ടെത്തിയത്.
Adjust Story Font
16