ഹമാസിനെ ഭീകരവാദ സംഘമെന്നു വിളിക്കാൻ വിസമ്മതിച്ച് ജെറമി കോർബിൻ
പിയേഴ്‌സ് മോർഗന്റെ അഭിമുഖ പരിപാടിയിലാണ് ആവർത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് വിസമ്മതിച്ചത്
പിയേഴ്സ്‍ മോര്‍ഗന്‍, ജെറമി കോര്‍ബിന്‍
ലണ്ടൻ: ഹമാസിനെ ഭീകരവാദ സംഘമെന്ന് വിശേഷിപ്പിക്കാൻ കൂട്ടാക്കാതെ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ. പിയേഴ്‌സ് മോർഗന്റെ അഭിമുഖ പരിപാടിയിലാണ് ആവർത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചത്. ബ്രിട്ടീഷ് ടെലിവിഷൻ ചാനലായ 'ടോക്ക് ടി.വി'യിലാണു സംഭവം.
'പിയേഴ്‌സ് മോർഗൻ അൺസെൻസേഡ്' എന്ന പരിപാടിയിലാണ് ഹമാസ് ഭീകരവാദ സംഘടനയല്ലേയെന്ന് മോർഗൻ ചോദിച്ചത്. അവർ എന്താണെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു മറുപടി. 'അവർ ഭീകരവാദ സംഘടനയാണോ? അവർ ഭീകരവാദ സംഘമാണെന്നു പറയാൻ താങ്കൾക്കാകുമോ?'-മോർഗൻ ചോദ്യം ആവർത്തിച്ചു.
താങ്കളുമായി യുക്തിഭദ്രമായ ചർച്ച സാധ്യമാണോ എന്നു തിരിച്ചുചോദിച്ചു കോർബിൻ. എന്നാൽ, ഒരേ ചോദ്യം തന്നെ ചോദിക്കുകയായിരുന്നു മോർഗൻ. ഒടുവിൽ ഹമാസ് ഭീകരസംഘടനയാണെന്ന് സഹപാനലിസ്റ്റ് വ്യക്തമാക്കിയതോടെയാണ് മോർഗൻ ചോദ്യംചെയ്യൽ നിർത്തിയത്. ഇതിനുശേഷം താങ്കൾക്ക് എന്തുകൊണ്ട് അങ്ങനെ പറയാനാകുന്നില്ലെന്ന് കോർബിനുനേരെ തിരിഞ്ഞ് മോർഗൻ ചോദിച്ചു.
ഒക്ടോബർ ഏഴിലെ ആക്രമണത്തെ താൻ എല്ലാ പ്രസംഗങ്ങളിലും താൻ അപലപിച്ചിട്ടുണ്ടെന്ന് പരിപാടിയുടെ തുടക്കത്തിൽ ജെറമി കോർബിൻ ചൂണ്ടിക്കാട്ടിയിരുന്നു. നിരപരാധികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ, ആ 1,400 പേരുടെ മരണത്തെ ഗസ്സയിൽ 10,000 പേരുടെ കൊലയിലേക്കു കൊണ്ടുപോകരുതെന്നും അടിയന്തരമായി വെടിനിർത്തൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലണ്ടനിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നടത്തിയ പ്രസംഗത്തിനുശേഷമായിരുന്നു കോർബിൻ മോർഗന്റെ അഭിമുഖത്തിനെത്തിയത്. റാലിയിൽ സെമിറ്റിക് വിരുദ്ധ പരാമർശങ്ങളുണ്ടായെന്ന മോർഗന്റെ ചോദ്യത്തോട് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ പൊലീസ് നടപടി സ്വീകരിക്കട്ടെയെന്ന് അദ്ദേഹം പ്രതികരിച്ചു. ഗസ്സയിൽ ഹമാസ് തുടരണോ വേണ്ടയോ എന്ന കാര്യം താങ്കളോ ഞാനോ അല്ല തീരുമാനിക്കേണ്ടതെന്നും കോർബിൻ വ്യക്തമാക്കി.
Summary: UK Labour Party leader Jeremy Corbyn refuses to call Hamas a terror group in on-air clash with Piers Morgan
Adjust Story Font
16