‘ജൂതൻമാർ മുസ്‍ലിം രാജ്യങ്ങളിൽ സന്തോഷത്തോടെ കഴിയുന്നു’; ഇസ്രായേലാണ് അവർക്ക് ഏറ്റവും അപകടകരമെന്ന് ജൂത പുരോഹിതൻ
‘ഒരു നാൾ ഇസ്രായേൽ തീർച്ചയായും തകരും’
‘ഇസ്രായേൽ രാഷ്ട്രം ദൈവത്തിനെതിരായ കലാപമാണ്, അത് വിജയിക്കില്ല. അത് എത്രയും വേഗമോ അല്ലെങ്കിൽ പിന്നീടോ അവസാനിക്കും, തീർച്ചയായും ഒരു ദിവസം അവസാനിക്കും. 75 വർഷമായിട്ടും അതിന് സമാധാനം കൊണ്ടുവരാൻ സാധിച്ചിട്ടില്ല’-ഓർത്തഡോക്സ് ജൂത പണ്ഡിതനായ റബ്ബി എൽഹാനൻ ബെക്കിന്റേതാണ് ഈ വാക്കുകൾ. സയണിസ്റ്റ് വിരുദ്ധരായ നെറ്റൂറി കർത്ത എന്ന പ്രസ്ഥാനത്തിന്റെ തലവനാണ് ഇദ്ദേഹം.
ഇസ്രായേലാണ് ഇന്ന് ജൂതൻമാർക്കുള്ള ഏറ്റവും അപകടരമായ സ്ഥലമെന്ന് എൽഹാനൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ‘ഞാൻ 36 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുന്നു. ഒരു ഇംഗ്ലീഷ് സൈനികൻ എങ്ങനെയിരിക്കുമെന്ന് എനിക്കറിയില്ല. ഞാൻ അവരെ ഇതുവരെ കണ്ടിട്ടില്ല, അവരുടെ യൂനിഫോം എങ്ങനെയാണെന്ന് അറിയില്ല. ഇത് സുരക്ഷിതത്വത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്ന് ഇംഗ്ലണ്ടിലും അമേരിക്കയിലുമെല്ലാം ജൂതൻമാർ മികച്ച ജീവിതമാണ് നയിക്കുന്നത്.
സയണിസം ജൂത വിശ്വാസങ്ങൾക്ക് എതിരാണ്. സയണിസം എന്ന ആശയത്തിന്റെ ആവിർഭാവം മുതൽ തന്നെ ഓർത്തഡോക്സ് ജൂതന്മാർ ഇസ്രായേലിന്റെ രൂപീകരണത്തിന് എതിരായിരുന്നു’ -എൽഹാനൻ ബെക്ക് വ്യക്തമാക്കുന്നു.
‘ദൈവത്തെ അവിശ്വസിച്ചാണ് സയണിസം കെട്ടിപ്പടുത്തിയിട്ടുള്ളത്. എന്നാൽ, ജൂതായിസം ദൈവ വിശ്വാസത്താൽ കെട്ടിപ്പടുത്തിയതാണ്. കഴിഞ്ഞ 75 വർഷത്തിനിടെ പല രാജ്യങ്ങളും പുതുതായി വന്നു. അവരെല്ലാം ഇന്ന് സമാധാനത്തിലാണ് കഴിയുന്നത്. ഈ ലോകത്ത് ഒരു ദിവസം പോലും സമാധാനമില്ലാത്ത രാജ്യം ഇസ്രായേൽ മാത്രമാണ്.
സയണിസ്റ്റുകൾ എപ്പോഴും പറയുന്നത് മുസ്ലീങ്ങൾ ജൂതൻമാരെ കൊല്ലാൻ ശ്രമിക്കുകയാണെന്നാണ്. എല്ലാ ജൂതന്മാരെയും കടലിൽ എറിയാനാണ് മുസ്ലീങ്ങൾ ആഗ്രഹിക്കുന്നതെന്നും അവർ പറയുന്നു. എന്നാൽ, ഇത് തീർത്തും തെറ്റാണ്. മുസ്ലീം രാജ്യങ്ങളിൽ നമുക്ക് സുവർണ ജീവിതമാണുള്ളതെന്ന് അൽപ്പം ചരിത്രമറിയുന്ന എല്ലാവർക്കും അറിയാം. ലോകത്ത് പലയിടത്തും നമ്മൾ പീഡിപ്പിക്കപ്പെട്ടു. മുസ്ലീങ്ങൾ നമുക്ക് രക്ഷകരായി. അവർ താമസിക്കാൻ സുവർണ ഇടം നൽകി’-എൽഹാനൻ ബെക്ക് ചൂണ്ടിക്കാട്ടി.
‘75 വർഷമായി അവർ ഫലസ്തീനികളെ കൊല്ലാൻ തുടങ്ങിയിട്ട്. എന്നാൽ, ഇപ്പോഴും മുസ്‍ലിം രാജ്യങ്ങളിൽ ജൂതൻമാർ സമാധാനത്തോടെ ജീവിക്കുന്നു. മൊറോക്കോയിലും ടുണീഷ്യയിലും അൽജീരിയയിലും ഇറാനിലും തുർക്കിയിലും യെമനിലുമെല്ലാം ജൂതൻമാരുണ്ട്. അവർ അവിടെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്’ -ബെക്ക് പറയുന്നു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ബെക്ക് കുറ്റപ്പെടുത്തി. വംശഹത്യ നടത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഒരാളെ ജൂതനായി കാണാനാകില്ല. വംശഹത്യയെ ന്യായീകരിക്കുന്നവർ ജൂതനല്ല, നാസിയാണ്. ദൈവത്തിനെതിരെ കലാപം നടത്തുന്നവരുടെ തലവനാണ് നെതന്യാഹു.
ഈ യുദ്ധം ഒക്ടോബർ ഏഴിന് തുടങ്ങിയതല്ല. 1948 മേയ് 15ന് തന്നെ അത് ആരംഭിച്ചിട്ടുണ്ട്. ഇസ്രായേൽ സമാധാനപരമായി ഇല്ലാതാകണമെന്നും ഫലസ്തീൻ സ്വതന്ത്രമാകണമെന്നും ബെക്ക് പറഞ്ഞു.
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിനെതിരെ ശക്തമായി സംസാരിക്കുന്ന വിഭാഗമാണ് ഓർത്തഡോക്സ് ജൂതൻമാർ. ഇസ്രായേൽ എന്ന രാജ്യം സമാധാനപരമായി തകർത്തുകളയണമെന്നാണ് ഇവരുടെ നിലപാട്.
സയണിസ്റ്റ് വിരുദ്ധരായ നെറ്റൂറി കർത്ത പ്രസ്ഥാനത്തിലെ അംഗങ്ങൾ ലണ്ടനിൽ നടന്ന ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. ഇതിന്റെ നേതാവാണ് എൽഹാനൻ ബെക്ക്. 1938ൽ ജെറൂസലേമിലാണ് ഈ സംഘടന രൂപീകരിക്കുന്നത്.
Adjust Story Font
16