Quantcast

‘ഗസ്സയെ ജീവിക്കാൻ അനുവദിക്കൂ’; യു.എസ് കാപിറ്റോൾ മന്ദിരത്തിൽ പ്രതിഷേധവുമായി ജൂതൻമാർ

ഫലസ്തീൻ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ടുവെന്ന് പറയേണ്ട ചരിത്രനിമിഷമാണിതെന്ന് പ്രതിഷേധക്കാർ

MediaOne Logo

Web Desk

  • Published:

    24 July 2024 5:56 AM GMT

jews protest
X

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യാ യുദ്ധത്തിനെതിരെ പ്രതിഷേധവുമായി അമേരിക്കയിലെ ജൂതൻമാർ. യു.എസ് കാപ്പിറ്റോൾ മന്ദിരത്തിലെ ഓഫിസ് കെട്ടിടത്തിലാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയത്. ‘ഗസ്സയെ ജീവിക്കാൻ അനുവദിക്കൂ’ എന്ന് പ്രതിഷേധക്കാർ ഒരേസ്വരത്തിൽ പാർലമെന്റ് മന്ദിരത്തിലെ നടുത്തളത്തിലിരുന്ന് മുഴക്കി. എല്ലാവരും ഒരേ നിറത്തിലുള്ള ടി-ഷർട്ടാണ് ധരിച്ചിരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ‘ഇസ്രായേലിന് ആയുധം കൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ജൂതൻമാർ പറയുന്നു’ എന്നും മറുഭാഗത്ത് ‘ഞങ്ങളുടെ പേരിൽ ഇത് വേണ്ട’ എന്നും എഴുതിയിരുന്നു.

‘ജ്യൂയിഷ് വോയിസ് ഓഫ് പീസ്’ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മിനിറ്റുകൾക്കുള്ളിലാണ് മന്ദിരത്തിനകത്ത് പ്രതിഷേധക്കാർ അണിനിരന്നത്. ഇത് കാപിറ്റോൾ മന്ദിരത്തിലെ ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചു.

ഉടൻ തന്നെ ​പൊലീസ് സംഭവസ്ഥലത്തെത്തി പ്രതിഷേധക്കാരെ ആട്ടിയോടിക്കാൻ തുടങ്ങി. പുറത്തേക്ക് പോകാൻ മടിച്ച നൂറുകണക്കിന് പ്രതിഷേധക്കാരെ ​പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

‘ഫലസ്തീൻ സ്വാതന്ത്ര്യത്തിന് വേണ്ടി ഞങ്ങൾ നിലകൊണ്ടുവെന്ന് പറയേണ്ട ചരിത്രനിമിഷമാണിത്. ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ തുടരുന്ന വംശഹത്യ അവസാനിപ്പിക്കാനാണ് ഞങ്ങൾ നിലകൊണ്ടത്’ -പ്രതിഷേധത്തിൽ പങ്കാളിയായ ലിവ് കുനിൻസ് ബെർകോവിറ്റ്സ് പറഞ്ഞു.

വംശീയ ഉൻമൂലനത്തെയും വംശഹത്യയെയും അതിജീവിച്ചവരുടെ പിൻഗാമികളാണ് ഞങ്ങളിൽ പലരും. ഈ സമയത്ത് കാഴ്ചക്കാരായി നിൽക്കുക എന്നതാണ് ഏറ്റവും മോശമായ കാര്യമെന്ന് ഞങ്ങളുടെ പൂർവീകാരും മുത്തച്ഛൻമാരും പഠിപ്പിച്ചിട്ടുണ്ട്. സമാധാനപരമായ നിയമലംഘന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതിഷേധം. നമ്മുടെ സർക്കാർ ഞങ്ങളുടെ വാക്കുകളെ കേൾക്കാൻ വിസമ്മതിക്കുമ്പോൾ ഇതാണ് ചെയ്യാൻ സാധിക്കുകയെന്നും ബെർകോവിറ്റ്സ് കൂട്ടിച്ചേർത്തു.

ഇസ്രായേലിന് ആയുധം നൽകുന്നതും യുദ്ധവും അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നതെന്ന് ജൂത പുരോഹിതനും ആക്ടിവിസ്റ്റുമായ അബ്ബി സ്റ്റെയിൻ പറഞ്ഞു. ഇസ്രായേലിന് കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങൾ അമേരിക്ക അയയ്ക്കുമ്പോൾ നമ്മൾ ആരും സുരക്ഷിതരായിരിക്കില്ലെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 400ഓളം പേരെ ​കാപിറ്റോൾ പൊലീസ് അറസ്റ്റ് ചെയ്തതായി സംഘാടകൾ അറിയിച്ചു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കാനിരിക്കെയാണ് കാപിറ്റോൾ മന്ദിരത്തിലെ പ്രതിഷേധം. കഴിഞ്ഞ ഒമ്പത് മാസമായി ക്രൂരമായ ആക്രമണമാണ് ഗസ്സയിൽ ഇസ്രായേൽ തുടരുന്നത്. ഇതിന് സർവപിന്തുണയും അമേരിക്കൻ സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. ബൈഡൻ ഭരണകൂടം 14 മില്യൺ ഡോളറിന്റെ സൈനിക സഹായമാണ് ഇസ്രായേലിന് നൽകിയത്. കൂടാതെ വെടിനിർത്തൽ ആവശ്യവുമായി യു.എൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച മൂന്ന് പ്രമേയങ്ങൾ അമേരിക്ക വീറ്റോ ചെയ്യുകയുമുണ്ടായി.

വംശഹത്യയെ പിന്തുണക്കുന്ന അമേരിക്കൻ നടപടിക്കെതിരെ പുരോഗമന ജൂത സംഘടനകൾ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞവർഷം ഒക്ടോബറിലും കാപിറ്റോൾ ഹില്ലിൽ പ്രതിഷേധം സംഘടപ്പിച്ചിരുന്നു.

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനെതിരെയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യു.എസ് കോൺഗ്രസ് അംഗം റാഷിദ ത്ലൈബ് രംഗത്തുവന്നു.

യുദ്ധക്കുറ്റവാളിയായ നെതന്യാഹു ഫലസ്തീൻ ജനതക്കെതിരെ വംശഹത്യ തുടരുകയാണ്. ഇരുപാർട്ടികളിലെയും നേതാക്കൾ അദ്ദേഹത്തെ കോൺഗ്രസിലേക്ക് പ്രസംഗിക്കാൻ ക്ഷണിച്ചത് അങ്ങേയറ്റം അപമാനകരമാണ്. അയാളെ അറസ്റ്റ് ചെയ്ത് ക്രിമിനൽ കോടതിയിൽ ഹാജരാക്കണം. നെതന്യാഹുവിന്റെ വർണവിവേചന സർക്കാർ ഗസ്സയിൽ 39,000 ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്. വംശഹത്യ തുടരുന്ന ഒരാളുടെ കൂടെ എന്റെ സഹപ്രവർത്തകർ ഫോട്ടോയെടുക്കാൻ പുഞ്ചിരിച്ച് നിൽക്കുന്ന കാഴ്ച നമ്മുടെ ജനാധിപത്യത്തിന്റെ ദുഃഖകരമായ ദിനമാകും. ഈ സംഭവം ഫലസ്തീനികളുടെ വംശഹത്യ ഉൻമൂലനത്തിന്റെ ആഘോഷമാണെന്ന് തെറ്റില്ലാതെ പറയാനാകുമെന്നും റാഷിദ ത്ലൈബ് വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് നെതന്യാഹു അമേരിക്കയിലെത്തിയത്. പ്രസിഡന്റ് ജോ ബൈഡന് പുറമെ മുൻ പ്രസിഡന്റ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

TAGS :

Next Story