Quantcast

2023ല്‍ ജില്‍ ബൈഡന് ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനം നല്‍കിയത് മോദി; 20,000 ഡോളറിന്‍റെ 'ലാബ് ഗ്രോണ്‍ ഡയമണ്ട്'

രാജസ്ഥാന്‍ ജയ്പൂര്‍ സ്വദേശിയായ ശില്‍പി നിര്‍മിച്ച പ്രത്യേക ചന്ദനപ്പെട്ടിയാണ് മോദി ബൈഡന് സമ്മാനിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-01-03 06:23:32.0

Published:

3 Jan 2025 6:20 AM GMT

jill biden
X

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും കുടുംബത്തിനും കഴിഞ്ഞ വര്‍ഷം വിവിധ ലോകനേതാക്കളില്‍ നിരവധി വിലയേറിയ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. പ്രഥമ വനിത ജില്‍ ബൈഡന് 2023ല്‍ ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനം നല്‍കിയത് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയായിരുന്നു. 20,000 ഡോളര്‍ മൂല്യം വരുന്ന ഒരു ലാബ് ഗ്രോണ്‍ അഥവാ നിര്‍മിത വജ്രമാണ്(7.5 കാരറ്റ്) മോദി ജില്‍ ബൈഡന് സമ്മാനിച്ചത്. യുഎസിലെ യുക്രേനിയൻ അംബാസഡറിൽ നിന്ന് 14,063 ഡോളർ വിലമതിക്കുന്ന ബ്രൂച്ചും ഈജിപ്ത് പ്രസിഡന്‍റില്‍ ഭാര്യയില്‍ നിന്നും 5510 ഡോളര്‍ വിലയുള്ള ആല്‍ബലും ബ്രൂച്ചും ബ്രേസ്‍ലെറ്റും ജില്ലിന് സമ്മാനമായി ലഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാർഷിക അക്കൗണ്ടിങ്ങിലാണ് സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായി ജൂണ്‍ 21ന് വൈറ്റ് ഹൗസിലെത്തിയപ്പോഴാണ് അത്താഴ വിരുന്നില്‍ വച്ച് ജോ ബൈഡനും ജില്‍ ബൈഡനും സമ്മാനങ്ങള്‍ നല്‍കിയത്. രാജസ്ഥാന്‍ ജയ്പൂര്‍ സ്വദേശിയായ ശില്‍പി നിര്‍മിച്ച പ്രത്യേക ചന്ദനപ്പെട്ടിയാണ് മോദി ബൈഡന് സമ്മാനിച്ചത്. വെള്ളി കൊണ്ടുള്ള ഗണപതി വിഗ്രഹം, എണ്ണ വിളക്ക്, 10 ചെറിയ വെള്ളി പെട്ടികള്‍ എന്നിവയാണ് പെട്ടിയിൽ ഉണ്ടായിരുന്നത്. ‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’ എന്ന പുസ്തകത്തിന്‍റെ കോപ്പിയും പ്രധാനമന്ത്രി ബൈഡന് സമ്മാനിച്ചിരുന്നു.

കശ്മീരിന്‍റെ മനോഹരമായ ഒരു പേപ്പിയർ മാഷെ ബോക്സിലാണ് വജ്രം സമ്മാനിച്ചത്. സൗരോര്‍ജം, കാറ്റ്, വൈദ്യുതി എന്നീ സുസ്ഥിര വിഭവങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഈ ഗ്രീന്‍ ഡയമണ്ടില്‍ ഒരു കാരറ്റിന് 0.028 ഗ്രാം കാര്‍ബണ്‍ മാത്രമാണ് പുറന്തള്ളുക. മറ്റ് ഡയമണ്ടുകളുടെ നിര്‍മാണത്തിന് ഇടയില്‍ പുറന്തള്ളുന്ന കാര്‍ബണിനേക്കാള്‍ പതിനായിരം മടങ്ങ് കുറവാണ് ഇത്. ഭൂമിയി‍ൽനിന്നു ഖനനം ചെയ്തെടുക്കുന്ന വജ്രത്തെ തോൽപിക്കുന്ന മികവാണ് ആകൃതിയിലും നിറത്തിലും കാരറ്റിലും വ്യക്തതയിലുമെന്ന് വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ഡോളറിൻ്റെ വജ്രം വൈറ്റ് ഹൗസ് ഈസ്റ്റ് വിംഗിൽ ഔദ്യോഗിക ഉപയോഗത്തിനായി സൂക്ഷിച്ചിരിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് രേഖയിൽ പറയുന്നു. അതേസമയം പ്രസിഡൻ്റിനും പ്രഥമ വനിതയ്ക്കും ലഭിച്ച മറ്റ് സമ്മാനങ്ങൾ ആർക്കൈവിലേക്ക് അയച്ചു. വജ്രത്തിന്‍റെ ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രഥമ വനിതയുടെ ഓഫീസ് പ്രതികരിച്ചില്ല.

അടുത്തിടെ ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് സുക് യോൾ യൂണിൽ നിന്ന് 7,100 ഡോളർ വിലമതിക്കുന്ന ഒരു സ്മാരക ഫോട്ടോ ആൽബം, മംഗോളിയൻ പ്രധാനമന്ത്രിയിൽ നിന്ന് 3,495 ഡോളർ വിലമതിക്കുന്ന മംഗോളിയൻ യോദ്ധാക്കളുടെ പ്രതിമ, 3,300 ഡോളർ വിലയുള്ള വെള്ളി പാത്രം എന്നിവയുൾപ്പെടെ നിരവധി വിലയേറിയ സമ്മാനങ്ങൾ യുഎസ് പ്രസിഡൻ്റിന് കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു. ബ്രൂണെയിലെ സുൽത്താൻ, 3,300 ഡോളർ വിലയുള്ള ഒരു വെള്ളി തളികയും ഇസ്രായേല്‍ പ്രസിഡന്‍റ് 3160 ഡോളറിന്‍റെ ശുദ്ധമായ വെള്ളിയില്‍ തീര്‍ത്ത ട്രേയും യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി 2400 ഡോളര്‍ വിലമതിക്കുന്ന കൊളാഷുമാണ് ബൈഡന് സമ്മാനിച്ചത്.

TAGS :

Next Story