റഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കില്ല: ജോ ബൈഡന്‍
ബുധനാഴ്ച സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്
ജോ ബൈഡന്‍
വാഷിംഗ്ടണ്‍: ഗസ്സ നഗരമായ റഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്ക നിര്‍ത്തുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍. ബുധനാഴ്ച സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
''ഞാന്‍ വ്യക്തമായി ഒരു കാര്യം പറയുകയാണ്. അവര്‍ റഫയിലേക്ക് പോയാല്‍, ഇതുവരെ പോയിട്ടില്ല, അഥവാ പോയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തും'' ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അയൺ ഡോം സിസ്റ്റത്തിനുള്ള വിഭവങ്ങൾ പോലെയുള്ള പ്രതിരോധ ആയുധങ്ങൾ അമേരിക്ക ഇസ്രായേലിന് നൽകുമെന്ന് ബൈഡൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ആയുധങ്ങളും പീരങ്കി ഷെല്ലുകളും നല്‍കില്ലെന്നും വ്യക്തമാക്കി. ''റഫയിലെ നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങിയെന്ന് പറയാനാവില്ല. ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് അവർ പോയിട്ടില്ല. പക്ഷേ, നെതന്യാഹുവിനെയും ഇസ്രായേൽ കാബിനെറ്റിനേയും ഒരു കാര്യം ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ ആക്രമണം നടത്തിയാൽ ഇസ്രായേലിന് യു.എസ് പിന്തുണയുണ്ടാവില്ലെന്നും'' ജോ ബൈഡൻ പറഞ്ഞു.
ഗസ്സ നഗരമായ റഫയിൽ ആക്രമണം നടത്താനുള്ള ഇസ്രായേലിന്‍റെ നീക്കങ്ങളെ എതിർത്ത് രാജ്യത്തേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് യു.എസ് കഴിഞ്ഞയാഴ്ച താൽക്കാലികമായി നിർത്തിവച്ചതായി ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇസ്രായേലിലേക്കുള്ള നിർദിഷ്ട ആയുധ കൈമാറ്റങ്ങളെക്കുറിച്ച് യുഎസ് സമഗ്രമായ അവലോകനം ആരംഭിച്ചതായി വൈറ്റ് ഹൗസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് വ്യക്തമാക്കിയിരുന്നു. ''റഫയിലെ സ്ഥിതിഗതികൾ വഷളായി, ലക്ഷക്കണക്കിന് ഫലസ്തീൻ സിവിലിയന്മാർ ഗസ്സയുടെ മറ്റ് ഭാഗങ്ങളിൽ യുദ്ധത്തിൽ നിന്ന് അഭയം തേടുന്നു.റഫയിൽ ഇസ്രായേൽ സേനയുടെ പൂർണ്ണ തോതിലുള്ള ആക്രമണം തടയാൻ യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണകൂടം സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന്'' ഉദ്യോഗസ്ഥന്‍ പറഞ്ഞു."ഒരു ദശലക്ഷത്തിലധികം ആളുകൾ മറ്റെവിടെയും പോകാൻ കഴിയാതെ അഭയം പ്രാപിക്കുന്ന റഫയിൽ ഇസ്രായേൽ ഒരു വലിയ ഗ്രൗണ്ട് ഓപ്പറേഷൻ നടത്തേണ്ടതില്ലെന്നതാണ് യുഎസ് നിലപാട്,"എന്നാണ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. ഏപ്രിലിൽ, വാഷിംഗ്ടൺ ഇസ്രായേലിനായി 15 ബില്യൺ ഡോളറിൻ്റെ സൈനിക സഹായ പാക്കേജിന് അംഗീകാരം നൽകിയിരുന്നു. 'സുപ്രധാന പിന്തുണ' എന്നാണ് ബൈഡന്‍ അതിനെ വിശേഷിപ്പിച്ചത്.
അതേസമയം റഫ ക്രോസിങ്ങിലൂടെ കടന്നുകയറിയ ഇസ്രായേലി യുദ്ധ ടാങ്കുകൾ ആക്രമണം തുടരുകയാണ്.അൽ ഖസ്സം ബ്രിഗേഡും അൽ ഖുദ്സ് ബ്രിഗേഡും കനത്ത ചെറുത്തുനിൽപ്പ് തുടരുകയാണ്. ആയിരങ്ങളാണ് റഫയിൽ അഭയം തേടി അലയുന്നത്. കറം അബൂസാലം അതിർത്തി തുറന്നതായും ഗസ്സക്കുള്ള സഹായവസ്തുക്കൾ ഇതിലൂടെ കടത്തിവിട്ടു തുടങ്ങിയെന്നും ഇസ്രായേൽ അറിയിച്ചെങ്കിലും യു.എൻ സഹായ ഏജൻസികൾ ഇക്കാര്യം നിഷേധിച്ചു. ഇസ്രായേലിനുള്ള ഒരു ആയുധ ഷിപ്മെന്റ് തടഞ്ഞതായും ബാക്കിയുള്ള ഷിപ്മെന്റുകളുടെ കാര്യത്തിൽ തീരുമാനമായില്ലെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. റഫയിൽ ശക്തവും വിപുലവുമായ ആക്രമണം ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
Adjust Story Font
16