അലങ്കാരക്കുളങ്ങൾ, വെള്ളച്ചാട്ടം, പുൽമേട്; ജോണ്‍.എഫ്.കെന്നഡിയുടെ 291 കോടിയുടെ വസതി വിൽപ്പനയ്ക്ക്
പ്രശസ്ത ഫ്രഞ്ച് ആർക്കിടെക്റ്റ് ജാക്വസ് കൂല്ലെയാണ് 1920ൽ ഈ മാളിക രൂപകൽപ്പന ചെയ്തത്

മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ ഫ്രഞ്ച് റിവിയേരയിലെ അവധിക്കാല വസതി വിൽപനയ്ക്ക്. 35.5 മില്യൺ ഡോളറിനാണ് (ഏകദേശം 291 കോടി രൂപ) ഈ മാളിക വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഡൊമൈൻ ഡി ബ്യൂമോണ്ട് എന്നറിയപ്പെടുന്ന വാൽബോണിലെ ഈ സ്ഥലം 44 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രശസ്ത ഫ്രഞ്ച് ആർക്കിടെക്റ്റ് ജാക്വസ് കൂല്ലെയാണ് 1920ൽ ഈ മാളിക രൂപകൽപ്പന ചെയ്തത്. എസ്റ്റേറ്റിന് നിരവധി കെട്ടിടങ്ങളുണ്ട്. 12,500 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന പ്രധാന വീട്ടിൽ ഒമ്പത് കിടപ്പുമുറികളാണുള്ളത്. മാർബിൾ ഗോവണി, ഔപചാരിക ഡൈനിംഗ് റൂം എന്നിവ ഉൾക്കൊള്ളുന്ന വിശാലമായ സ്വീകരണ മുറിയാണ് ഇതിൽ പ്രധാനം. സ്റ്റാഫ് അംഗങ്ങൾക്ക് പ്രത്യേക പാർപ്പിട സൗകര്യവും താപനില നിയന്ത്രിത വൈൻ സ്റ്റോറേജ് ഏരിയയും എസ്റ്റേറ്റിലുണ്ട്.
65 അടിയുള്ള മാർബിൾ കുളം, പൂൾ ഹൗസ്, അലങ്കാര കുളങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ടെന്നീസ് കോർട്ട്, കുതിരകൾക്കായുള്ള പുൽമേട്, സവാരിക്കായി ഒരു ക്വാറി എന്നിവയാണ് മറ്റ് പ്രത്യേകതകൾ. കെന്നഡിയുടെ പിതാവ് ജോസഫ് പാട്രിക് കെന്നഡി യു.എസ് അംബാസഡറായിരുന്ന കാലത്ത് കെന്നഡിസഹോദരന്മാർ അവധി ആഘോഷിച്ചിരുന്നത് ഈ വസതിയിലായിരുന്നു.
Adjust Story Font
16