സിറിയയിൽ പുതുചരിത്രം രചിച്ച് ജുലാനി; രാജ്യത്തിലേക്ക് തിരിച്ചെത്തി ആയിരങ്ങൾ
ഹയാത് തഹ്‍രീർ അൽ ശാമിനെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിച്ച് ബ്രിട്ടൻ
ഡമസ്കസ്: ‘സിറിയൻ ജനതയാണ് രാജ്യത്തിന്റെ യഥാർഥ ഉടമകൾ, ഇവിടെ പുതിയ ചരിത്രം കുറിച്ചിരിക്കുന്നു’ -ബശ്ശാർ അൽ അസദിന്റെ ഭരണത്തിന് അന്ത്യംകുറിച്ചുകൊണ്ടുള്ള വിമത സായുധ വിഭാഗമായ ഹയാത് തഹ്‍രീർ അൽ ശാം (എച്ച്ടിഎസ്) തലവൻ അബു മുഹമ്മദ് അൽ ജുലാനിയുടെ വാക്കുകളാണിത്. തലസ്ഥാന നഗരിയായ ദമസ്കസിലെ ഉമയ്യദ് പള്ളിയിൽനിന്നായിരുന്നു ജീലാനിയുടെ പ്രസംഗം. ജുലാനിയുടെ നേതൃത്വത്തിൽ ആരംഭിച്ച പടയോട്ടത്തിൽ തകർന്നത് അസദിന്റെ ദശാബ്ദങ്ങൾ നീണ്ട അടിച്ചമർത്തൽ ഭരണം കൂടിയാണ്.
‘അസദിന്റെ ഭരണം സ്വന്തം ജനതയെ അന്യായമായും കുറ്റങ്ങൾ ചെയ്യാതെയും ജയിലിലടച്ചിരിക്കുന്നു. നമ്മൾ സിറിയൻ ജനതയാണ് ഈ രാജ്യത്തിന്റെ യഥാർഥ അവകാശികൾ. നമ്മൾ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇന്ന് നമ്മൾക്ക് വിജയം സമ്മാനിച്ചിരിക്കുന്നു. എത്ര ആളുകളാണ് ലോകത്തിന്റെ പല ഭാഗത്തേക്കായി കുടിയിറക്കപ്പെട്ടത്. എത്രപേരാണ് ടെന്റുകളിൽ കഴിയുന്നത്. എത്ര പേരാണ് കടലിൽ മുങ്ങിമരിച്ചത്. എന്റെ സഹോദരങ്ങളേ, ഈ മഹത്തായ വിജയത്തോടെ മേഖലയിൽ തന്നെ പുതിയ ചരിത്രം എഴുതപ്പെട്ടിരിക്കുകയാണ്’ -പള്ളിയിൽ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി ജുലാനി പറഞ്ഞു. പുതിയ സിറിയയെ കെട്ടിപ്പടുക്കാൻ കഠിനാധ്വാനം വേണ്ടിവരുമെന്ന് പറഞ്ഞ അദ്ദേഹം, അത് ഇസ്ലാമിക രാഷ്ട്രത്തിന് വഴികാട്ടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക തലയ്ക്ക് 10 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ച വ്യക്തി കൂടിയാണ് ജുലാനി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇത് ഒഴിവാക്കണോ എന്ന കാര്യത്തിൽ അമേരിക്ക ചർച്ച ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ ഹയാത് തഹ്‍രീർ അൽ ശാമിനെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്ന കാര്യം ബ്രിട്ടനും പരിഗണിക്കുന്നുണ്ട്. അസദിന്റെ ഭരണം ഇല്ലാതായതോടെ നിരവധി പേരാണ് പല രാജ്യങ്ങളിൽനിന്നായി സിറിയയിലേക്ക് വരുന്നത്. തുർക്കി അതിർത്തിയിൽ ആയിരങ്ങൾ ജനിച്ചമണ്ണിലേക്ക് വരാനായി തടിച്ചുകൂടിയിട്ടുണ്ട്.
തുടക്കം ഇദ്‍ലിബിൽനിന്ന്
ദിവസങ്ങൾക്കുള്ളിലാണ് അസദിന്റെ ഭരണം വീഴുന്നത്. എന്നാൽ, പോരാട്ടത്തിൽ വർഷങ്ങളുടെ ചരിത്രമുണ്ട് എച്ച്ടിഎസിനും ജുലാനിക്കും. ചരിത്ര പ്രധാനമായ ഇദ്‍ലിബ് പ്രവിശ്യയുടെ ഭരണം ഏറെ നാളുകളായി എച്ച്ടിഎസിന്റെ കൈകളിലാണ്.
2011ൽ അരങ്ങേറിയ അറബ് വസന്തത്തെ സിറിയയിൽ അതിക്രൂരമായാണ് അസദ് ഭരണകൂടം നേരിട്ടത്. വിപ്ലവകാരികളെ ക്രൂരമായി അടിച്ചമർത്തി. അന്നു മുതൽ തുടരുന്നതാണ് ജുലാനിയുടെയും എച്ച്ടിഎസിന്റെയും അസദ് ഭരണകൂടത്തോടുള്ള പോരാട്ടം. 2016 മുതൽ ജുലാനി വിമോചിത സിറിയയുടെ സംരക്ഷകരായി തന്നെയും തന്റെ ഗ്രൂപ്പിനെയും പ്രഖ്യാപിച്ചു.
2017ൽ ഇദ്‍ലിബ് കീഴക്കിയ എച്ച്ടിഎസ് ‘സിറിയൻ വിമോചന സർക്കാറി’ലൂടെ അവിടെ തങ്ങളുടെതായ ഭരണകൂടവും ശക്തമായ സേനയും സ്ഥാപിച്ചു. സിവിൽ ഭരണവും വിദ്യാഭ്യാസം, ആരോഗ്യം, ജുഡീഷ്യറി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൊക്കെ ഊന്നി തങ്ങളുടെതായ ഭരണവ്യവസ്ഥ ഉറപ്പിച്ചെടുത്തു.
അഹമ്മദ് ഹുസൈൻ അൽ ഷറ എന്നാണ് ജുലാനിയുടെ യഥാർഥ നാമം. പിതാവ് അഹമ്മദ് ഹുസൈൻ അൽ ഷറയിൽനിന്നാണ് ജുലാനിക്ക് പോരാട്ടവീര്യം ലഭിക്കുന്നത്. 18 വയസ്സുള്ളപ്പോൾ നടന്ന ഫലസ്തീനിലെ ‘രണ്ടാം ഇൻതിഫാദ’യാണ് തന്നെ വിപ്ലവകാരിയാക്കിയതതെന്ന് അമേരിക്കൻ മാധ്യമമായ ‘ഫ്രണ്ട് ലൈന്’ നൽകിയ അഭിമുഖത്തിൽ ജുലാനി പറഞ്ഞിട്ടുണ്ട്.
2003ൽ അദ്ദേഹം ഇറാഖിലേക്ക് നീങ്ങുകയും അമേരിക്കൻ അധിനിവേശത്തെ ചെറുക്കാനായി അൽ ഖാഇദയിൽ ചേരുകയും ചെയ്തു. 2006ൽ ഇറാഖിൽ അമേരിക്കൻ സേന അറസ്റ്റ് ചെയ്ത ജുലാനി വിവിധ ഇടങ്ങളിലായി അഞ്ച് വർഷത്തോളം തടവിൽ കിടന്നു. 2011ൽ ജയിൽ മോചിതനാകുമ്പോഴാണ് അറബ് വസന്തത്തിന്റെ ഭാഗമായി സിറിയയിൽ വിപ്ലവം തുടങ്ങുന്നത്. താൻ സിറിയയിലുണ്ടാവണമെന്ന് നിശ്ചയിച്ച ജുലാനി നേരേ ഇദ്‍ലിബിലെത്തി. ആ മേഖലയിൽ അൽ ഖാഇദയുടെ സ്വാധീനം ശക്തമാക്കുന്നതിൽ ജുലാനി നിർണായക പങ്ക് വഹിച്ചു. ഇസ്‍ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്ഐഎസ്) തലവൻ അബൂബക്കർ അൽ ബഗ്ദാദിയുമായി ജുലാനി ഏകോപിച്ച് പ്രവർത്തിച്ചു.
ഇദ്‍ലിബിനെ അൽ ഖാഇദയുടെ ശാഖയായ അൽ നുസ്ര ഫ്രണ്ടിന്റെ നിയന്ത്രണത്തിലാക്കിയത് ജുലാനിയാണ്. 2013 ഏപ്രിലിൽ അൽ ഖാഇദയുമായുള ബന്ധം വേർപെടുത്തി സിറിയയിൽ ഇസ്‍ലാമിക് സ്റ്റേറ്റിനെ വ്യാപിപ്പിക്കാൻ അൽ ബഗ്ദാദി തീരുമാനിച്ചു. നുസ്ര ഫ്രണ്ടിനെ വിഴുങ്ങി ബഗ്ദാദി ഐഎസ്ഐഎൽ എന്ന പുതിയ ഗ്രൂപ്പും പ്രഖ്യാപിച്ചു. അതിനോട് യോജിക്കാൻ കഴിയാതിരുന്ന ജുലാനി അൽ ഖാഇദയുമായുള്ള കൂറ് നിലനിർത്തിക്കൊണ്ട് ബഗ്ദാദിയുമായി ബന്ധം വിച്ഛേദിച്ചു.
പിന്നീട് അൽ ഖാഇദയുമായുള്ള ബന്ധവും ഉപേക്ഷിച്ച് സ്വന്തമായ സേന രൂപീകരിച്ചു. 2016 ജൂലൈയിൽ അലപ്പോ, സർക്കാർ സേനയുടെ നിയന്ത്രണത്തിലായപ്പോൾ ജുലാനിയുടെ സായുധ സംഘങ്ങൾ ഇദ്‌ലിബിലേക്ക് നീങ്ങി. വിമതരുടെ നിയന്ത്രണത്തിലായിരുന്നു ഇദ്‍ലിബ്. 2017ന്റെ തുടക്കത്തിൽ വിവിധ വിമത ഗ്രൂപ്പുകളിലെ ആയിരക്കണക്കിന് പോരാളികൾ അലപ്പോയിൽ നിന്ന് പലായനം ചെയ്ത് ഇദ്‍ലിബിലെത്തി. ആ ഗ്രൂപ്പുകളെ ചേർത്താണ് അൽ ജുലാനി ഹയാത്ത് തഹ്‌രീർ അൽ ഷാം രൂപീകരിച്ചത്. ഇന്ന് ആ സേനയുടെ കീഴിലായിരിക്കുന്നു രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളും.
നിലവിൽ ദമസ്കസും ഹുംസും അലപ്പോയുമെല്ലാം വിമത സേനയുടെ കീഴിലാണ്. അതേസമയം, ഖുർദുകളുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് സേന, തുർക്കിഷ് വിമതർ, ഐഎസ് എന്നിവർക്കെല്ലാം രാജ്യത്തിന്റെ പല ഭാഗത്തായി സ്വാധീനമുണ്ട്. കൂടാതെ ഗോലാൻ കുന്നുകൾ ഇപ്പോഴും ഇസ്രായേലിന്റെ കൈവശമാണ്. അതിനാൽ തന്നെ സിറിയയുടെ ഭാവി എന്താകുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.
Adjust Story Font
16