Quantcast

ഗസ്സ ആക്രമണം: മുസ്‌ലിം പള്ളിയിലെത്തിയ ജസ്റ്റിൻ ട്രൂഡോയ്ക്കുനേരെ വന്‍ പ്രതിഷേധം

വെടിനിർത്തൽ ആവശ്യപ്പെടാൻ ഇനിയും എത്ര ഫലസ്തീൻ കുഞ്ഞുങ്ങൾ കൊല്ലപ്പെടണമെന്ന് കാനഡ പ്രധാനമന്ത്രിയുടെ മുഖത്തുനോക്കി പള്ളിയിൽ ഒരുമിച്ചുകൂടിയ വിശ്വാസികൾ ചോദിച്ചു

MediaOne Logo

Web Desk

  • Updated:

    2023-10-21 16:16:26.0

Published:

21 Oct 2023 3:50 PM GMT

Canada PM Justin Trudeau booed at mosque over Israel-Hamas stance, Israel-Palestine war 2023, Gaza attack 2023
X

ടൊറന്റോ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിലെ നിലപാടിൽ പ്രതിഷേധച്ചൂടറിഞ്ഞ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയിലെ മുസ്‌ലിം പള്ളിയിൽ നടത്തിയ സന്ദർശനത്തിനിടെയാണ് വിശ്വാസികൾ ട്രൂഡോയ്‌ക്കെതിരെ തിരിഞ്ഞത്. നാണക്കേടെന്നു പറഞ്ഞു പള്ളിയില്‍ ഒരുമിച്ചുകൂടിയവര്‍ അദ്ദേഹത്തിന്‍റെ പ്രസംഗം തടസപ്പെടുത്തുകയും ചെയ്തു.

ടൊറന്റോയിലെ എറ്റോബിക്കോയിലെ ഒരു പള്ളിയിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരത്തിനിടെയായിരുന്നു ട്രൂഡോയുടെ അപ്രതീക്ഷിത സന്ദർശനം. മാധ്യമങ്ങൾക്കടക്കം വിവരം നൽകാതെയായിരുന്നു അദ്ദേഹം ഇവിടെയെത്തിയത്. ട്രൂഡോ പള്ളിയിൽ പ്രസംഗിക്കാൻ എണീറ്റപ്പോഴാണു സദസിൽനിന്ന് ബഹളം ഉയർന്നത്.

ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ വെടിനിർത്തലിന് ഇടപെടൽ വേണമെന്നു ജനക്കൂട്ടത്തിൽനിന്ന് ആവശ്യമുയർന്നു. വെടിനിർത്തൽ ആവശ്യപ്പെടാൻ ഇനിയും എത്ര ഫലസ്തീൻ കുഞ്ഞുങ്ങൾ കൊല്ലപ്പെടണമെന്നും ചോദ്യമുയർന്നു. ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളും പള്ളിയിൽ ഉയർന്നു. ഇത്രയും പ്രയാസം നിറഞ്ഞൊരു ഘട്ടത്തിൽ കൂടെ പ്രാർത്ഥിക്കാൻ അവസരം നൽകിയതിൽ നന്ദിയുണ്ടെന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം. പ്രസംഗം കഴിഞ്ഞു മടങ്ങുംവഴി കൂക്കുവിളിയുമുണ്ടായതായും റിപ്പോർട്ടുണ്ട്.

പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളിൽ പ്രയാസമനുഭവിക്കുന്ന മുസ്‌ലിം സമൂഹത്തിനു പിന്തുണ അറിയിക്കാനാണ് ഇന്റർനാഷനൽ മുസ്‌ലിം ഓർഗനൈസേഷൻ ഓഫ് ടൊറന്റോ കേന്ദ്രത്തിൽ പ്രധാനമന്ത്രി എത്തിയതെന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് പിന്നീട് വിശദീകരിച്ചത്. എല്ലാവർക്കും ദുഃഖവും വേദനയുമുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ട്രൂഡോ പ്രതികരിച്ചു.

ഹമാസ് ആക്രമണത്തെ ജസ്റ്റിൻ ട്രൂഡോ അപലപിച്ചിരുന്നു. ഇസ്രായേലിനു സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരത്തോടൊപ്പമാണ് ഇപ്പോഴും കാനഡ. ഹമാസ് ഫലസ്തീനികളെ പ്രതിനിധീകരിക്കുന്നില്ലെന്നും മുസ്‌ലിംകൾക്കോ അറബികൾക്കോ വേണ്ടിയല്ല സംസാരിക്കുന്നതെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.

Summary: Canada PM Justin Trudeau booed at mosque over Israel-Hamas stance

TAGS :

Next Story