നാവ് പുറത്തേക്ക് നീട്ടി,കസേരയും താങ്ങിപ്പിടിച്ച് കനേഡിയൻ പാർലമെന്‍റിന് പുറത്തേക്ക് നീങ്ങുന്ന ജസ്റ്റിൻ ട്രൂഡോ; ട്രംപാണോ ലക്ഷ്യമെന്ന് സോഷ്യൽമീഡിയ

ഒട്ടാവ: പ്രധാനമന്ത്രി പദവി നിന്നും രാജി വച്ചതിന് ശേഷം കനേഡിയൻ പാര്‍ലമെന്‍റിൽ നിന്നും പുറത്തേക്ക് കടക്കുന്ന ജസ്റ്റിൻ ട്രൂഡോയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നാവ് പുറത്തേക്ക് നീട്ടി കസേരയും താങ്ങിപ്പിടിച്ചു പുറത്തേക്ക് ഇറങ്ങുന്ന ട്രൂഡോയുടെ ചിത്രം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്‍റെ ഫോട്ടോഗ്രാഫറായ കാര്‍ലോസ് ഒസോരിയോയാണ് പകര്‍ത്തിയത്.
കനേഡിയൻ പാർലമെന്‍ററി ചരിത്രമനുസരിച്ച് മന്ത്രിമാര്‍ ഓഫീസ് വിടുമ്പോൾ അവരുടെ കസേരകൾ അവരോടൊപ്പം കൊണ്ടുപോകാൻ അനുവാദമുണ്ട്. "ഇതൊരു മികച്ച പാരമ്പര്യമായി ഞാൻ കാണുന്നു, അതിനെ ഞാൻ പിന്തുണക്കുന്നു. എന്നിരുന്നാലും, ട്രൂഡോയുടെ വിചിത്രമായ ഫോട്ടോയാണിത്. കൂടാതെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ മറ്റൊരു സൂചനയായിരിക്കാം." ടൊറന്‍റോ സണിന്‍റെ രാഷ്ട്രീയ കോളമിസ്റ്റായ ബ്രയാൻ ലില്ലി എക്സിൽ കുറിച്ചു. ലിബറൽ ലീഡർഷിപ്പ് കൺവെൻഷനിലെ വിടവാങ്ങൽ പ്രസംഗത്തിൽ തന്‍റെ പാര്‍ട്ടിയുടെ നേട്ടങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞിരുന്നു. “കഴിഞ്ഞ 10 വർഷമായി മധ്യവർഗത്തിനും അതിൽ ചേരാൻ കഠിനാധ്വാനം ചെയ്യുന്ന ആളുകൾക്കും വേണ്ടി ഞങ്ങൾ ചെയ്ത കാര്യങ്ങളിൽ ഞാൻ അഭിമാനിക്കുന്നു,” കാനഡയ്ക്കുവേണ്ടി പോരാടുന്നത് തുടരാൻ തന്‍റെ അനുയായികളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ജനുവരി 6നാണ് ട്രൂഡോ രാജിവച്ചത്. കഴിഞ്ഞ 9 വര്‍ഷമായി കാനഡയെ നയിച്ച നേതാവായിരുന്നു ജസ്റ്റിൻ ട്രൂഡോ. തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം നേതൃത്വം നൽകുന്ന ലിബറല്‍ പാര്‍ട്ടിയുടെ പ്രകടനം മോശമായതിനെ തുടര്‍ന്നായിരുന്നു രാജി. വിലക്കയറ്റം, പാർപ്പിടക്ഷാമം എന്നീ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ വന്നതോടെ 2 വർഷത്തിനിടെ ട്രൂഡോയുടെ ജനപ്രീതി ഇടിഞ്ഞിരുന്നു. കൂടാതെ ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ കൺസര്‍വേറ്റീവ് പാര്‍ട്ടി വൻവിജയം നേടുമെന്നാണ് സര്‍വേ ഫലം. അദ്ദേഹത്തിന്‍റെ പിൻഗാമിയായ മാർക്ക് കാർണി ഞായറാഴ്ച ലിബറൽ പാർട്ടിയുടെ പുതിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമായിരിക്കെയാണ് കടുത്ത ട്രംപ് വിരുദ്ധനായ മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയാകുന്നത്.
Adjust Story Font
16