'നിത്യാനന്ദയെ ഹിന്ദുവിരുദ്ധര്‍ വേട്ടയാടുന്നുവെന്നാണ് പറഞ്ഞത്': വിശദീകരണവുമായി വിജയപ്രിയ
യു.എന്നിലെ തന്‍റെ പരാമര്‍ശം ചില ഹിന്ദു വിരുദ്ധ മാധ്യമങ്ങള്‍ മനപ്പൂര്‍വം വളച്ചൊടിച്ചെന്ന് വിജയപ്രിയ
വിജയപ്രിയ
ഡല്‍ഹി: ഹിന്ദുമതത്തിലെ പ്രാചീന പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിച്ചതിന്റെ പേരില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ ജന്മനാട്ടില്‍ വരെ വിലക്കപ്പെട്ടുവെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി 'കൈലാസ' പ്രതിനിധി വിജയപ്രിയ. ഐക്യരാഷ്ട്രസഭയിലെ തന്‍റെ പരാമര്‍ശം ചില ഹിന്ദു വിരുദ്ധ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയും മനപ്പൂര്‍വം വളച്ചൊടിക്കുകയും ചെയ്തെന്ന് വിജയപ്രിയ പറഞ്ഞു.
"ഭഗവാന്‍ നിത്യാനന്ദ പരമശിവം അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ ചില ഹിന്ദു വിരുദ്ധരാല്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് ഞാന്‍ പറഞ്ഞത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ ഇന്ത്യയെ ബഹുമാനിക്കുകയും ഗുരുപീഠമായി കണക്കാക്കുകയും ചെയ്യുന്നു. ഹിന്ദുമതത്തിനും കൈലാസത്തിനുമെതിരെ അക്രമം തുടരുന്ന ഇത്തരം ഘടകങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു"- വിജയപ്രിയ വിശദീകരിച്ചു.
ഫെബ്രുവരി 24ന് ജനീവയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശ സമിതിയുടെ (സി.ഇ.എസ്.സി.ആർ) യോഗത്തിലാണ് കൈലാസയുടെ പ്രതിനിധിയായി വിജയപ്രിയ പങ്കെടുത്തത്. 'തീരുമാനമെടുക്കുന്ന സംവിധാനങ്ങളിൽ സ്ത്രീകളുടെ തുല്യമായ പ്രാതിനിധ്യം' എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.
ഭക്ഷണം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം, വൈദ്യസഹായം തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങളും കൈലാസയിൽ സൗജന്യമായി നൽകുന്നുണ്ടെന്ന് വിജയപ്രിയ പറഞ്ഞു. തുടര്‍ന്നാണ് നിത്യാനന്ദയെ വേട്ടയാടുകയാണെന്നും അദ്ദേഹം ജന്മനാട്ടിൽ നിന്ന് പോലും വിലക്കപ്പെട്ടിട്ടുണ്ടെന്നും വിജയപ്രിയ പറഞ്ഞത്. അദ്ദേഹത്തെ വേട്ടയാടുന്നത് തടയാന്‍ ദേശീയ അന്തർദേശീയ തലങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്നും വിജയപ്രിയ ആവശ്യപ്പെട്ടു.
അതേസമയം കൈലാസ പ്രതിനിധിയുടെ പരാമർശങ്ങൾ അപ്രസക്തമായതിനാല്‍ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണറുടെ ഓഫീസിലെ മീഡിയ ഓഫീസര്‍ വിവിയന്‍ ക്വോക്ക് പറഞ്ഞു. താത്പര്യമുള്ള ആർക്കും രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്ന പൊതുയോഗത്തിലാണ് നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുത്തതെന്നും കമീഷണറുടെ ഓഫീസ് അറിയിച്ചു.
ബലാത്സംഗ കേസ്, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ നിത്യാനന്ദക്കെതിരെയുണ്ട്. 2010ലാണ് നിത്യാനന്ദക്കെതിരെ അനുയായി നല്‍കിയ പരാതിയില്‍ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ നിത്യാനന്ദയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ജാമ്യം റദ്ദാക്കപ്പെട്ടതോടെ 2019ല്‍ നിത്യാനന്ദ രാജ്യം വിട്ടു. തുടര്‍ന്ന് നിത്യാനന്ദ ഇന്ത്യ വിടുകയും കൈലാസ എന്ന രാജ്യം സ്ഥാപിച്ചെന്ന് സ്വയം അവകാശപ്പെടുകയും ചെയ്തു. ഇക്വഡോര്‍ തീരത്ത് ദ്വീപ് വാങ്ങിയെന്നാണ് നിത്യാനന്ദ അവകാശപ്പെട്ടത്. എന്നാല്‍ നിത്യനന്ദയ്ക്ക് ഇക്വഡോര്‍ അഭയം നല്‍കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ആ രാജ്യത്തെ സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു.
Summary- Vijayapriya Nithyananda who claims to be the permanent ambassador of the United States of Kailasa has said that controversial godman Nithyananda is being persecuted by anti Hindu elements in his birthplace India
Adjust Story Font
16