Quantcast

ഗസ്സയിലെ ആക്രമണത്തിൽ അടിതെറ്റി; മിഷിഗണിൽ കനത്ത തോൽവി ഏറ്റുവാങ്ങി കമലാ ഹാരിസ്

15 ഇലക്ടറൽ വോട്ടുകളാണ് ട്രംപ് നേടിയത്

MediaOne Logo

Web Desk

  • Updated:

    2024-11-07 14:30:36.0

Published:

7 Nov 2024 2:29 PM GMT

kamala harris
X

അമേരിക്കൻ പ്രസിഡന്റ് തെര​ഞ്ഞെടുപ്പിൽ ചാഞ്ചാടുന്ന സംസ്ഥാനമായി കണക്കാക്കിയിരുന്ന മിഷിഗണിൽ ദയനീയ പരാജയമാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസ് ഏറ്റുവാങ്ങിയത്. അറബ്, മുസ്‍ലിം വിഭാഗങ്ങൾ ഏറെയുള്ള സംസ്ഥാനമാണ് മിഷിഗൺ. അതിനാൽ തന്നെ ഇവരുടെ വോട്ടുകളും ഏറെ നിർണായകമായിരുന്നു.

താൻ അധികാരത്തിൽ വന്നാൽ ഗസ്സയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് മിഷിഗണിൽ നടന്ന റാലിയിൽ കമലാ ഹാരിസ് പ്രസംഗിച്ചിരുന്നു. എന്നാൽ ഇതൊന്നും ജനം ചെവികൊണ്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 15 ഇലക്ടറൽ വോട്ടുകളാണ് റിപബ്ലിക്കൻ പാർട്ടിയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇവിടെനിന്ന് നേടിയത്.

ഇസ്രായേലിനുള്ള ജോ ബൈഡൻ - കമലാ ഹാരിസ് ഭരണകൂടത്തിന്റെ നിരുപാധിക പിന്തുണയാണ് മിഷിഗണിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് പ്രധാനമായും തിരിച്ചടിയായത്. ഇസ്രായേലിനുള്ള പിന്തുണ പിൻവലിക്കണമെന്ന അറബ് - മുസ്‍ലിം സമൂഹത്തിന്റെ ആവശ്യം നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ കമലാ ഹാരിസ് പൂർണമായും അവഗണിച്ചു. ഗസ്സയിൽ അതിക്രൂരമായ നടപടികൾ ചെയ്തിട്ടും ഇസ്രായേലിന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്നായിരുന്നു വൈസ് പ്രസിന്റിന്റെ വാദം.

ഡെമോക്രാറ്റിക് പാർട്ടിയുടെ അടിത്തറയാണ് അറബ് - മുസ്‍ലിം സമൂഹവും യുവജനങ്ങളും പുരോഗമന വാദികളുമെല്ലാം. എന്നാൽ, ഇവരിൽ നല്ലൊരു ശതമാനം പാർട്ടിയെ കൈവിട്ടു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം ചേർന്ന കമലയുടെ നടപടി അവരുടെ തോൽവിക്ക് കാരണമായെന്ന് മിഷിഗണിലെ ആക്റ്റിവിസ്റ്റായ ആദം അബുസലാഹ് അൽജസീറയോ​ട് പറഞ്ഞു. തങ്ങൾ ഒരു വർഷമായി ഡെമോക്രാറ്റുകൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. എന്നാൽ, അവർ അതിനെയെല്ലാം നിസ്സാരവത്കരിച്ചു. ട്രംപ് പ്രസിഡന്റായാൽ അറബ് സമൂഹത്തിനുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചാണ് കമലാ ഹാരിസ് റാലികളിൽ മുന്നറിയിപ്പ് നൽകിയത്. എന്നാൽ, പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ജനങ്ങളെ വ്യക്തിപരമായി ഏറെ ബാധിച്ചിരുന്നു. അതിനാൽ തന്നെ കമലയുടെ ഈ പ്രചാരണം ഏശിയില്ലെന്നും ആദം അബുസലാഹ് പറയുന്നു.

അന്ന് ബൈഡന് മിന്നും ജയം

മിഷിഗണിൽ അറബ് - മുസ്‍ലിം സമൂഹം വലിയരീതിയിൽ താമസിക്കുന്നയിടമാണ് ഡിയർബോൺ. അറബ് അമേരിക്കൻ സമൂഹത്തിന്റെ തലസ്ഥാനമായിട്ടാണ് ഈ നഗരം അറിയപ്പെടുന്നത്. ഇവിടെ രണ്ടര ലക്ഷത്തോളം മുസ്‍ലിം വോട്ടർമാരാണുള്ളത്. ഗസ്സയിലും ലബനാനിലും അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനെതിരായ രോഷം ഇവിടെ ബാലറ്റിൽ വലിയ രീതിയിൽ പ്രകടമായി. കമലയെ 2600 വോട്ടുകൾക്കാണ് ട്രംപ് പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ പ്രസിഡന്റ് ജോ ബൈഡൻ 17,000 വോട്ടുകൾക്കാണ് ട്രംപിനെ പരാജയപ്പെടുത്തിയത്. അന്ന് ഒന്നര ലക്ഷത്തോളം വോട്ട് ഇവിടെനിന്ന് ബൈഡന് ലഭിച്ചിരുന്നു.

യുദ്ധത്തിനെതിരെ നിലപാടെടുത്ത ഗ്രീൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ജിൽ സ്റ്റെയിനും ഡിയർബോണിൽ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ചു. 7600ഓളം വോട്ടുകൾ അവർക്ക് ലഭിച്ചു. 2020ൽ 207 വോട്ടാണ് പാർട്ടിക്കുണ്ടായിരുന്നത്. അതേസമയം, ഡെമോക്രാറ്റും നിലവിലെ കോൺഗ്രസ് പ്രതിനിധിയുമായ റാഷിദ ത്ലൈബ് കമലാ ഹാരിസിനേക്കാൾ 9600 വോട്ടുകൾ അധികം കരസ്ഥമാക്കിയിട്ടുണ്ട്.

തങ്ങൾ വംശഹത്യക്ക് എതിരാണെന്നാണ് അറബ് സമൂഹം തെരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞതെന്ന് ഡിട്രോയ്റ്റിലുള്ള ലെബനീസ് അമേരിക്കൻ പൊളിറ്റിക്കൽ കൺസൾട്ടൻറ് ഹുസൈൻ ദബാജ പറയുന്നു. സമുദായത്തെ പിന്തുണക്കുന്ന സ്ഥാനാർഥികളെയാണ് തങ്ങൾ പിന്തുണച്ചത്. സമുദായത്തിന് എതിരെ നിൽക്കുന്ന സ്ഥാനാർഥികൾക്കെതിരെ അവരും നിന്നു. ട്രംപ് പ്രസിഡന്റാകുന്നത് നല്ലതാകുമെന്നാണ് പ്രതീക്ഷ. രാജ്യം ഒന്നിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ​ഡെമോക്രാറ്റുകൾക്ക് ഇതൊരു താക്കീതാകും’ -ദബാജ പറഞ്ഞു.

നിരവധി മുസ്‍ലിം - കുടിയേറ്റ വിരുദ്ധ പ്രസ്താവനകളുടെയും നയങ്ങളുടെയും നീണ്ട ചരിത്രമുള്ളയാളാണ് ട്രംപ്. എന്നാൽ, പശ്ചിമേഷ്യയിൽ അദ്ദേഹം സമാധാനം കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പ് റാലികളിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ മിഷിഗണിലെ പ്രചാരണത്തിൽ അറബികൾക്കും മുസ്‍ലിംകൾക്കുമെതിരായ സമീപനത്തിലും മയപ്പെടുത്തലുണ്ടായിരുന്നു. തന്റെ റാലികളിൽ അറബ്, മുസ്ലിം ഉദ്യോഗസ്ഥരെയും ഇമാമുമാരെയും വേദിയിലേക്ക് കൊണ്ടുവരികയും അവരെ ‘മഹാൻമാർ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുകയുണ്ടായി. ട്രംപ് ഡിയർബോൺ സന്ദർശിക്കുകയും യുദ്ധം അവസാനിപ്പിക്കണമെന്ന ജനങ്ങളുടെ ആവശ്യം നേരിട്ട് കേൾക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം ട്രംപ് നടത്തിയ പ്രസംഗത്തിൽ അറബ്, മുസ്‍ലിം അമേരിക്കൻ സമൂഹത്തിനടക്കം നന്ദി പറയുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story