വീട് ചാരമായി, മക്കളെ വിട്ടുപിരിയേണ്ടിവന്നു; ഖൗല ഇപ്പോഴും യുദ്ധമുഖത്തുണ്ട്, തത്സമയം വാർത്തകളുമായി
എല്ലാ മഹാന്മാരായ പുരുഷന്മാരുടെയും പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്ന പഴമൊഴി എല്ലാ വലിയ സ്ത്രീകളുടെയും പിന്നിൽ കരുത്തായി ഒരു മഹാനായ പുരുഷനുണ്ടാകുമെന്നു തിരുത്തിയെഴുതുകയാണ് താനെന്നാണ് ഖൗല പറയുന്നത്
ഖൗല അൽഖാലിദി
ഗസ്സ സിറ്റി: ഒക്ടോബർ എട്ടിന് തെരുവിലിറങ്ങിയതാണ് ഫലസ്തീൻ ഗസ്സയിൽനിന്നുള്ള മാധ്യമപ്രവർത്തകയായ ഖൗല അൽഖാലിദി. ഇതിനുശേഷം ഇടതടവില്ലാതെ സ്വന്തം സ്ഥാപനമായ ഫലസ്തീൻ ടി.വിക്കും സൗദി ചാനലായ അൽഅറബിയ്യ്ക്കുമെല്ലാം യുദ്ധമുഖത്തുനിന്നുള്ള തത്സമയ വിവരങ്ങൾ റിപ്പോർട്ട് ചെയ്ത് സജീവമാണവർ. അതിനിടയിൽ സ്വന്തം വീട് ഇസ്രായേൽ ആക്രമണത്തിൽ തകർന്നടിഞ്ഞു, മക്കൾ ആക്രമണത്തിൽനിന്നു പലതവണ തലനാരിഴയ്ക്കു രക്ഷപ്പെട്ടു, അവരെ പല ഭാഗങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു വിട്ടുപിരിഞ്ഞു കഴിയേണ്ടിവന്നു. അപ്പോഴും കുലുക്കമില്ലാതെ ഖൗല വാർത്തകളുടെ ലോകത്ത് സജീവമാണ്.
ഭർത്താവും പ്രോസിക്യൂട്ടറുമായ ബാഹിർ കൂടെയുണ്ട്, എപ്പോഴും എവിടെയും. കുറച്ചുനാളായി അൽഅഖ്‌സ ആശുപത്രിയാണ് ഖൗലയെപ്പോലെ ഗസ്സയിൽനിന്നുള്ള മിക്ക മാധ്യമപ്രവർത്തകരുടെയും താൽക്കാലിക ബ്യൂറോ ഇപ്പോൾ. കാരണം ഗസ്സയിൽ ഇന്റർനെറ്റും വൈദ്യുതിയും ലഭ്യമായ അപൂർവം കേന്ദ്രങ്ങളിലൊന്നാണിത്. മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും മറ്റ് ഇലക്ട്രോണിക് സാധന സാമഗ്രികളും അവിടെനിന്നു ചാർജ് ചെയ്താണ് അവർ ലോകത്തോട് സംസാരിക്കുന്നത്.
മാധ്യമപ്രവർത്തനത്തോട് അടങ്ങാത്ത അഭിനിവേശമാണെന്ന് ഖൗല പറയുന്നു. 11 വർഷമായി ഈ മേഖലയിൽ. ഫലസ്തീൻ ടി.വിക്ക് കാലങ്ങളായി മോണിങ് ഷോ അവതരിപ്പിച്ചുവരികയാണ് ഞാൻ. ഈ യുദ്ധം തുടങ്ങിയ ശേഷം സൗദി ചാനലുകളായ അൽഹദാസിനും അൽഅറബിയ്യയ്ക്കും വേണ്ടി വാർത്തകൾ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചെന്നും അവർ പറയുന്നു.
വീടുകളിൽനിന്ന് വീടുകളിലേക്ക്
യുദ്ധം തുടങ്ങിയ ശേഷം ഖൗല ഗസ്സയിലെ ചാനൽ ഓഫിസിൽ പോയ ദിവസങ്ങൾ വിരളമാകും. സഹപ്രവർത്തകരെയെല്ലാം ഓഫിസിൽനിന്ന് ഒഴിപ്പിച്ചതോടെ അവർ വീട്ടിൽനിന്നായി റിപ്പോർട്ടിങ്. അവിടെനിന്നു തത്സമയ വിവരങ്ങൾ ചാനലിനു നൽകിക്കൊണ്ടിരുന്നു. ഒരു ദിവസം രാത്രി അത്തരമൊരു ലൈവ് റിപ്പോർട്ടിങ്ങിനിടെയാണു പെട്ടെന്ന് ഭർത്താവ് ബാഹിർ ഓടിവന്ന് വീട് ഒഴിയണമെന്ന് പറഞ്ഞത്. ഉടൻ ഇസ്രായേൽ ആക്രമണമുണ്ടാകുമെന്നും 20 മിനിറ്റിനകം ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും വിവരം അറിയിച്ചു.
വിവരം തത്സമയം തന്നെ ചാനലിലൂടെ പങ്കുവച്ച് പാതിവഴിയിൽ റിപ്പോർട്ടിങ് നിർത്തി ഖൗല. എന്നിട്ട് കിട്ടിയ സാധനങ്ങളുമെല്ലാം എടുത്ത് നാലു മക്കളുമായി ഗസ്സ സിറ്റിയിലെ ഖൗലയുടെ ജന്മവീട്ടിലേക്കു പുറപ്പെട്ടു. താനും ഭർത്താവും അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് പത്തുവർഷം കൊണ്ട് കെട്ടിപ്പടുത്ത വീട് ഒറ്റ രാത്രിയിൽ ചാരമായ വാർത്ത ഉൾക്കിടിലത്തോടെ അവർ കേട്ടു.
അടുക്കള മാത്രം കത്തിയിട്ടേയുള്ളൂവെന്നു പറഞ്ഞ് കുടുംബം ആശ്വസിപ്പിച്ചു. ചിന്നിച്ചിതറിയ വെടിയുണ്ടകൾ തട്ടി ഭാഗികമായി മാത്രമേ തകർന്നിട്ടുണ്ടാകൂവെന്നും കുടുംബം പറഞ്ഞുനോക്കിയെങ്കിലും ഒന്നും ബാക്കിയായിട്ടില്ലെന്ന വാർത്ത തന്നെയാണ് ഒടുവിൽ അറിയാനായത്. ആദ്യം പൊട്ടിക്കരഞ്ഞു. പിന്നീട് സ്വയം ആശ്വസിപ്പിച്ച് ജോലിയിലേക്കു തിരിഞ്ഞു. പിന്നെയും ജോലിക്കിടയിലും തേങ്ങൽ പൊന്തിവന്നു. അപ്പോഴും സ്വയം അടക്കിപ്പിടിച്ചു വാർത്തയുടെ ലോകത്ത് സജീവമായി. ഗസ്സയിലിപ്പോൾ എല്ലാവരുടെയും സ്ഥിതി ഇതുതന്നെയാണെന്നു മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു.
കുറച്ചുകഴിഞ്ഞ് ഗസ്സ സിറ്റിയിലെ ജന്മവീട്ടിൽ ഉറക്കമുണരുന്നതു വെടിയൊച്ചകളും ബോംബ് സ്‌ഫോടനവും കേട്ടാണ്. പുറത്തിറങ്ങിനോക്കുമ്പോൾ ഇസ്രായേൽ ആക്രമണം വീടിനു തൊട്ടരികിലെത്തിയിട്ടുണ്ടെന്നു വ്യക്തമായി. തൊട്ടടുത്തുള്ള വീട് ഇസ്രായേൽ ആക്രമണത്തിൽ ചാരമായിരുന്നു. മാതാപിതാക്കളെയും കുട്ടികളെയും കൂട്ടി ഗസ്സയിലെ അൽമഗാസി അഭയാർത്ഥി ക്യാംപിലേക്കു രക്ഷപ്പെട്ടു പിന്നീട്.
തണലും കരുത്തുമായി ബാഹിർ
മക്കളെ മാതാപിതാക്കളെ ഏൽപിച്ച് ഖൗല വീണ്ടും യുദ്ധമുഖത്തിറങ്ങി; കൂട്ടിന് ബാഹിറും. ഇതിനിടയിൽ സ്വന്തം കാറിൽ റഫാ അതിർത്തിയിൽനിന്നുള്ള പുതിയ വാർത്തകൾ റിപ്പോർട്ട് ചെയ്യാനായി പോകുമ്പോഴാണു അൽമഗാസിയും ആക്രമിക്കപ്പെട്ട വിവരം അറിയുന്നത്. കുടുംബം കഴിഞ്ഞിരുന്ന വീടിനു തൊട്ടടുത്തുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് റേഡിയോ വാർത്തയിൽനിന്നു വ്യക്തമായി. ഉടൻ കാർ നിർത്തി ഭർത്താവിനെ വിളിച്ചെങ്കിലും കിട്ടിയില്ല. വലുതെന്തോ സംഭവിച്ചിട്ടുണ്ടെന്നു പേടിച്ചു.
കാർ നേരെ അൽഅഖ്‌സ ആശുപത്രിയിലേക്കു തിരിച്ചു. ഹൃദയം പിടയ്ക്കുന്നുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ കവാടത്തിൽ തന്നെ ബാഹിർ നിൽക്കുന്നുണ്ടായിരുന്നു. മകൻ കറമിന്റെ തലയ്ക്ക് ചെറിയ പരിക്കുണ്ടെന്നതൊഴിച്ചാൽ പേടിക്കാൻ ഒന്നുമില്ലെന്ന് ഭർത്താവ് ആശ്വസിപ്പിച്ചു. തുടർന്ന് റഫായിലെ കുടുംബത്തിന്റെ അടുത്തേക്ക് മക്കളെ അയച്ചു. ഖൗലയും ബാഹിറും ഗസ്സയിൽ തന്നെ തുടർന്നു.
അതിരാവിലെ പ്രഭാത പ്രാർത്ഥനയ്ക്കുശേഷം തുടങ്ങുന്ന ജോലി വൈകീട്ട് പത്തുവരെയും തുടരും. കൂടെ മുഴുസമയം ബാഹിറുമുണ്ടാകും; വേണ്ട സഹായങ്ങളെല്ലാമായി. തത്സമയ റിപ്പോർട്ടിങ്ങിനിടെ കിതയ്ക്കുമ്പോൾ വെള്ളവും കാപ്പിയുമായി വരും. റിപ്പോർട്ടിങ്ങിലെ പ്രശ്‌നങ്ങൾ പറഞ്ഞുതിരുത്തും. പ്രചോദനവും പ്രശംസയും ചൊരിഞ്ഞ് ആത്മവിശ്വാസം പകർന്നുനൽകും.
ബാഹിർ കൂടെയുണ്ടായിരുന്നില്ലെങ്കിൽ ഇപ്പോൾ ചെയ്തതിന്റെ പാതി പോലും ചെയ്യാനാകുമായിരുന്നില്ലെന്ന് ഖൗല പറയുന്നു. തന്റെ ജീവനും തണലുമാണ് അദ്ദേഹം. എല്ലാ മഹാന്മാരായ പുരുഷന്മാരുടെയും പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്നാണു പഴയ പ്രയോഗം. എന്നാൽ എല്ലാ വലിയ സ്ത്രീകളുടെയും പിന്നിൽ കരുത്തായി ഒരു മഹാനായ പുരുഷനുണ്ടാകുമെന്നാണു തനിക്കു പറയാനുള്ളതെന്നാണ് ഖൗല ഇപ്പോൾ പറയുന്നത്.
Summary: Khawla al-Khalidi lost her home, had to send her kids away, but keeps reporting on Gaza
Adjust Story Font
16