Quantcast

ഒമ്പതുവയസുകാരൻ ടിക്കറ്റുപോലുമില്ലാതെ വിമാനത്തിൽ സഞ്ചരിച്ചത് 2,700 കിലോമീറ്റർ; എല്ലാം പഠിച്ചത് ഗൂഗിളിൽ നോക്കി

ആരുടെയും കണ്ണിൽപെടാതെ വിമാനത്തിൽ എങ്ങനെ യാത്ര ചെയ്തുവെന്ന് ഇനിയും വ്യക്തമായിട്ടില്ല

MediaOne Logo

Web Desk

  • Published:

    5 March 2022 10:51 AM GMT

ഒമ്പതുവയസുകാരൻ ടിക്കറ്റുപോലുമില്ലാതെ വിമാനത്തിൽ സഞ്ചരിച്ചത് 2,700 കിലോമീറ്റർ; എല്ലാം പഠിച്ചത് ഗൂഗിളിൽ നോക്കി
X

ലോകത്ത് ആർക്കും പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്ന വിജ്ഞാനത്തിന്റെ മഹാസമുദ്രമാണ് ഇന്റർനെറ്റ്. സൂര്യന് കീഴിലുള്ള ഏത് വിഷയത്തെകുറിച്ചും അറിയണമെങ്കിൽ വെറുതെ ഇന്റർനെറ്റിൽ തിരഞ്ഞാൽ മതി. ബ്രസീലിലെ ഒമ്പതുവയസുകാരനും ഇന്റർനെറ്റിൽ നോക്കി ചില കാര്യങ്ങൾ പഠിച്ചെടുത്തു. 'ആരുടെയും കണ്ണിൽ പെടാതെ എങ്ങനെ വിമാനത്തിൽ കയറാം' എന്നതായിരുന്നു അവൻ ഇന്റർനെറ്റിൽ തിരഞ്ഞ് പഠിച്ചെടുത്തത്. എന്തായാലും പഠിച്ചത് വെറുതെയായില്ല. തന്റെ മാതാപിതാക്കൾ പോലും അറിയാതെ വീട്ടിൽ നിന്ന് ഓടിപ്പോയി വിമാനത്തിൽ കയറുകയും ഏകദേശം 2,700 കിലോമീറ്റർ യാത്ര ചെയ്യുകയും ചെയ്തു.

ബ്രസീലിലെ മനാസിലാണ് സംഭവം. ഒമ്പതു വയസ്സുള്ള ഇമാനുവൽ മാർക്വെസ് ഡി ഒലിവേരയാണ് ഈ അതിസാഹസികത കാണിച്ച് വിമാനത്തിൽ കയറിയത്.ഫെബ്രുവരി 26 ന് രാവിലെയാണ് കുട്ടിയെ കാണാതായത്. സംഭവത്തെ കുറിച്ച് ഇമാനുവലിന്റെ അമ്മ ഡാനിയേൽ പറയുന്നതിങ്ങനെ.

'ഞാൻ രാവിലെ 5.30 ന് ഉണർന്ന് അവന്റെ മുറിയിൽ പോയി, അവൻ സാധാരണ പോലെ ഉറങ്ങുന്നത് കണ്ടു. പിന്നീട് 7.30 ആയപ്പോൾ വീണ്ടും മുറിയിൽ പോയി. അപ്പോൾ അവൻ അവിടെ ഇല്ലായിരുന്നു.അതോടെ ഞാൻ പരിഭ്രാന്തയായി. പൊലീസിൽ വിവരം അറിയിച്ചു'.

പൊലീസ് ഇമ്മാനുവലിനെ കുറിച്ച് അന്വേഷിച്ചു. ഒടുവിൽ കുട്ടിയെ കണ്ടെത്തിയതായി വിവരം ലഭിക്കുമ്പോൾ അവൻ രാജ്യത്തിന്റെ മറുഭാഗത്തായിരുന്നു. തീരദേശ സംസ്ഥാനമായ സാവോപോളോയിൽ സ്ഥിതി ചെയ്യുന്ന ഗ്വാറുൾഹോസ് നഗരത്തിൽ നിന്നാണ് ഇമ്മാനുവലിനെ കണ്ടെത്തിയത്. വിമാനയാത്രക്ക് വേണ്ട ടിക്കറ്റോ മറ്റ് രേഖകളോ ഇല്ലാതെ എങ്ങനെ അവൻ വിമാത്തിൽ കയറിയെന്ന കാര്യത്തിൽ ഇനിയും വ്യക്തമായിട്ടില്ല. ലാറ്റം എയർലൈനിലാണ് ഈ ഒമ്പതുവയസുകാരൻ ഒളിച്ചു കയറിയത്.

കുട്ടിക്ക് വീട്ടിൽ മറ്റ് പ്രശ്‌നങ്ങളില്ലായിരുന്നെന്നും ഇന്റർനെറ്റിൽ നോക്കി പഠിച്ച ധൈര്യത്തിലാണ് യാത്ര ചെയ്തതുമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മനാസ് എയർപോർട്ട് മാനേജ്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടി എങ്ങനെയാണ് യാത്ര ചെയ്തതെന്ന് മനസിലാക്കാൻ ലോക്കൽ പൊലീസ് സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

'ഫെബ്രുവരി 26 ന് രാത്രി 9.09 ന് ഇറങ്ങിയ LA3168 (മനൗസ്-സാവോ പോളോ/ഗ്വാറുലോസ്) വിമാനത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഗ്വാറുൾഹോസിലെ കമ്പനി ഫെഡറൽ പൊലീസിനെയും ഗാർഡിയൻഷിപ്പ് കൗൺസിലിനെയും വിവരം അറിയിച്ചിട്ടുണ്ട്. ലാറ്റം എയർലൈൻസ് പ്രസ്താവനയിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി ഇമ്മാനുവലിനെ അധികാരികൾ സുരക്ഷിതമായി കണ്ടെത്തുകയും വീട്ടിലേക്ക് തിരികെയെത്തിക്കുകയും ചെയ്തു. എന്തായാലും വീട്ടിൽ നിന്ന് ഒളിച്ചോടി ടിക്കറ്റില്ലാതെ വിമാനത്തിൽ യാത്ര ചെയ്ത കഥ വൈറലായിരിക്കുകയാണ്.

TAGS :

Next Story