നേതാക്കളെ വധിക്കുന്നത് ഹമാസിന്റെ ശക്തി വർധിപ്പിക്കുമെന്നതാണ് ചരിത്രം -ഇസ്രായേലി രഹസ്യാന്വേഷണ വിദഗ്ധൻ
‘ആളുകളെ വകവരുത്തിക്കൊണ്ട് ഫലസ്തീൻ പ്രശ്നം ഇല്ലാതാക്കാനാകുമെന്നത് ഇസ്രായേലിന്റെ മിഥ്യാധാരണയാണ്’
തെൽഅവീവ്: നേതാക്കളെ വധിക്കുന്നത് ഹമാസിന്റെ ശക്തിയും നിശ്ചയദാർഢ്യവും വർധിപ്പിക്കാനേ സഹായിക്കുകയുള്ളൂവെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ടെന്ന് ഇസ്രായേലി രഹസ്യാന്വേഷണ വിദഗ്ധൻ യോസി മെൽമാൻ പറയുന്നു. ഹമാസിന്റെ നേതാക്കളെ വധിക്കുന്നത് പരാജയപ്പെട്ട നയമാണെന്ന് തെളിഞ്ഞതായും യോസി മെൽമാനെ ഉദ്ധരിച്ച് ഇസ്രായേൽ പത്രം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഹമാസിന്റെ മുതിർന്ന നേതാവ് മർവാൻ ഇസ്സയെ കൊലപ്പെടുത്തിയത് വലിയ നേട്ടമായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ നടപടികൊണ്ടെന്നും ഹമാസിനെ ഇല്ലാതാക്കാനാകില്ല. ഫലസ്തീൻ സമൂഹത്തിൽ ഹമാസ് ആഴത്തിൽ വേരൂന്നിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലും ഗസ്സയിലും മാത്രമല്ല, ജോർദാനിലും സിറിയയിലും മിഡിൽ ഈസ്റ്റിന് പുറത്തുപോലും അവർക്ക് സ്വാധീനമുണ്ട്.
ആളുകളെ വകവരുത്തിക്കൊണ്ട് ഫലസ്തീൻ പ്രശ്നം ഇല്ലാതാക്കാനാകുമെന്നത് ഇസ്രായേലിന്റെ മിഥ്യാധാരണയാണ്. സുരക്ഷാ, സൈനിക മേഖലകളിൽ പോലും ഈ വിശ്വാസം പുലർത്തുന്ന നിരവധി പേരുണ്ട്.
ഗസ്സക്കെതിരായ ക്രൂരമായ യുദ്ധം ആറ് മാസത്തേക്ക് അടുക്കുമ്പോൾ, ഹമാസ് കീഴടങ്ങുന്നതിന്റെ സൂചനകളൊന്നും കാണിക്കുന്നില്ല. പകരം അതിന്റെ പോരാട്ടം തുടരുകയാണ്. കൂടാതെ ഇസ്രായേൽ സൈന്യം കീഴടക്കി എന്ന് അവകാശപ്പെട്ട സ്ഥലങ്ങളിലേക്ക് ഹമാസിന്റെ പോരാളികൾ മടങ്ങിയെത്തി എന്നത് അവരുടെ ദൃഢനിശ്ചയത്തെ സൂചിപ്പിക്കുന്നു. വടക്കൻ ഗസ്സയിലും മധ്യ ഭാഗത്തുമെല്ലാം അവർ തിരിച്ചെത്തി.
മറുവശത്ത് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ നേതാക്കളുടെ നിരയെ പെരുപ്പിച്ചു കാണിക്കുന്നു. ഹമാസിനെതിരായ യുദ്ധത്തിൽ തങ്ങൾ വിജയത്തിലേക്ക് അടുക്കുകയാണെന്നാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്.
എന്നാൽ, യാഥാർഥ്യം കൂടുതൽ സങ്കീർണമാണ്. നിരവധി ഇസ്രായേൽ സൈനികരെയും ഓഫീസർമാരെയുമാണ് ഹമാസ് ഇല്ലാതാക്കിയത്. മാത്രമല്ല ‘അദൃശ്യമായ’ പരിക്കുകൾ വേറെയുമുണ്ട്. ഇസ്രായേൽ സൈന്യത്തിലെ പലരും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്ന മാനസിക വെല്ലുവിളി നേരിടുകയാണ്. യുദ്ധം അവസാനിച്ചാലും ഈ മാനസിക പ്രശ്നം മാസങ്ങളും വർഷങ്ങളും തുടരാം.
മുതിർന്ന ഹമാസ് നേതാക്കൾ ബന്ദികളെ മനുഷ്യ കവചമായി ഉപയോഗിച്ച് തുരങ്കങ്ങളിൽ ഒളിവൽ കഴിയുകയാണെന്നാണ് ഇസ്രായേൽ പറയുന്നത്. എന്നാൽ, ഇക്കാര്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും യോസി മെൽമാൻ പറയുന്നു.
പതിറ്റാണ്ടുകളായി ഇസ്രായേൽ സർക്കാറുകളും സൈന്യവും കൊലപാതകത്തിന്റെ രീതി ഉപയോഗിക്കാൻ ഇഷ്ടപ്പെടുകയാണ്. എന്നാൽ, ഇവർ ഒരു കൊലപാതക സിദ്ധാന്തം രൂപപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നു.
എല്ലാ സാഹചര്യങ്ങളിലും കൊലപാതകങ്ങൾക്ക് പരിമിതവും ഹ്രസ്വകാലത്തേക്കുമുള്ള സ്വധീനം മാത്രമാണുള്ളതെന്ന് മെൽമാൻ ഉറപ്പിച്ചുപറയുന്നു. 2008ൽ സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ മൊസാദും സി.ഐ.എയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഹിസ്ബുല്ല നേതാവ് ഇമാദ് മുഗ്നിയയെ കൊലപ്പെടുത്തി. 2020ൽ ബാഗ്ദാദിൽ വെച്ച് ഇസ്‍ലാമിക് റെവല്യൂഷനറി ഗാർഡിന്റെ അൽ-ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചു. എന്നാൽ, ഹിസ്ബുല്ലയും ഖുദ്‌സ് സേനയും ശക്തിയോടും നിശ്ചയദാർഢ്യത്തോടും കൂടി അവരുടെ പ്രവർത്തനം തുടരുകയാണ്. ഇതിന്റെ വെളിച്ചത്തിൽ, ഇസ്രായേൽ കൊലപാതകങ്ങളിൽ ആനന്ദിക്കേണ്ടതില്ലെന്ന് രഹസ്യാന്വേഷണ വിദഗ്ധൻ യോസി മെൽമാൻ വ്യക്തമാക്കി.
ഗസ്സക്കെതിരായ യുദ്ധം ഇസ്രായേലിന് വിജയത്തിൻ്റെ പ്രതീതിയില്ലാതെ അവസാനിക്കും. ഹമാസ് നേതാക്കളുടെ കൊലപാതകം പോലും ഈ യാഥാർത്ഥ്യത്തെ ഇല്ലാതാക്കില്ല. ഗസ്സയിലെ ക്രൂരതയിൽനിന്ന് ഇസ്രായേലിനെ കരകയറ്റാനുള്ള ഒരേയൊരു മാർഗ്ഗം തന്ത്രപരമായ രാഷ്ട്രീയ പ്രവർത്തനമാണ്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും മിഡിൽ ഈസ്റ്റിലും അന്താരാഷ്ട്ര തലത്തിലും നയങ്ങൾ രൂപീകരിക്കണമെന്നും യോസി മെൽമാൻ വ്യക്തമാക്കി.
Adjust Story Font
16