ഹനിയ്യയുടെ മക്കളുടെ കൊലപാതകം ഹമാസിന്റെ ജനപ്രീതി വർധിപ്പിക്കുമെന്ന് ഇസ്രായേലി മാധ്യമങ്ങൾ
‘യുദ്ധത്തിൽ തോറ്റതായാണ് ഓരോ ഇസ്രായേലി പൗരനും ചിന്തിക്കുന്നത്’
ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയുടെ മക്കളെയും പേരക്കുട്ടികളെയും ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത് ഹമാസിന്റെയും അതിന്റെ നേതൃത്വത്തിന്റെയും ജനപ്രീതി വർധിപ്പിക്കാൻ കാരണമാകുമെന്ന് ഇസ്രായേലി പത്രമായ ഹാരെറ്റ്സ്. കൊലപാതകം ഹമാസിനെ ദുർബലപ്പെടുത്തുകയോ വെടിനിർത്തൽ ചർച്ചകളിലെ നിലപാടുകളിൽ മാറ്റം വരുത്തുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പുതിയ സംഭവം ഗസ്സയിലുള്ള ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനുള്ള സമ്മർദ്ദത്തിന് വഴിയൊരുക്കില്ലെന്നും ഹമാസ് അവരുടെ നിലപാടിൽ പിന്നോട്ടുപോകില്ലെന്നും ഹാരെറ്റ്സിന്റെ എഡിറ്റോറിയലിൽ വ്യക്തമാക്കി. ഫലസ്തീനികൾ ഈ കൊലപാതകത്തെ ഹമാസിനെ അസ്ഥിരപ്പെടുത്താനുള്ള സൈനിക നടപടി എന്ന നിലയിലല്ല കാണുന്നത്. പകരം ഇതൊരു പ്രതികാര നടപടിയായിട്ടാണ് അവർ വിലയിരുത്തുന്നത്.
കൊലപാതകം ഫലസ്തീനിൽ ഹമാസിന്റെ ജനപ്രീതി വർധിപ്പിക്കും. കൂടാതെ സംഘടനയിൽ ഹനിയ്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും. ഫലസ്തീൻ പൊതുസമൂഹത്തിൽ നിന്ന് അദ്ദേഹത്തിന് അനുകമ്പയും കൂടുതൽ ജനപിന്തുണയും ലഭിക്കുകയാണ്.
മക്കളുടെ മരണവാർത്തയോടുള്ള ഹനിയ്യയുടെ പ്രതികരണം എഡിറ്റോറിയലിൽ എടുത്തുപറയുന്നുണ്ട്. തന്റെ മക്കൾ ഫലസ്തീൻ ജനതയുടെ ഭാഗമാണെന്നും ഹമാസ് ഒരു ജനകീയ പ്രസ്ഥാനമാണെന്നും തന്റെ മക്കളുടെയും ഫലസ്തീൻ ജനതയുടെയും വിധി ഒരുപോലെയാണെന്നുമാണ് ഹനിയ്യ പറഞ്ഞത്.
ഇസ്രായേൽ സർക്കാറിലെ സുരക്ഷ സൈനിക ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും തമ്മിലെ അഭിപ്രായ വ്യത്യാസങ്ങളും ഹാരെറ്റ്സ് ചൂണ്ടിക്കാട്ടി. ദക്ഷിണ മേഖലാ കമാൻഡറെയും ചീഫ് ഓഫ് സ്റ്റാഫിനെയും ഈ ഓപ്പറേഷൻ മുൻകൂട്ടി അറിയിച്ചില്ല എന്നാണ് വിവരം. ഇത് സൈന്യത്തിലുള്ള വിശ്വാസ്യതയുടെ തോത് ഗണ്യമായി കുറക്കും.
ഈ ഓപ്പറേഷനെ കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അറിവില്ലായിരുന്നു എന്നാണ് വിവരം. ഇത് അദ്ദേഹത്തിന്റെ മറ്റൊരു പരാജയത്തിന്റെ ഉദാഹരണമാണെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കി.
ഹമാസിനെതിരായ യുദ്ധത്തിൽ നമ്മൾ തോറ്റതായാണ് ഓരോ ഇസ്രായേലി പൗരനും ചിന്തിക്കുന്നതെന്ന് ഹാരെറ്റ്സിൽ വന്ന മറ്റൊരു ലേഖനത്തിൽ പറയുന്നു. വ്യക്തവും മൂർച്ചയുള്ളതുമായ ഒരു യാഥാർത്ഥ്യം നമ്മുടെ മുമ്പിലുണ്ട്. അത് മനസ്സിലാക്കാനും ഭാവിയിലേക്ക് അതിൽ നിന്ന് നിഗമനങ്ങളിൽ എത്തിച്ചേരാനും കഴിയണം.
പക്ഷേ, തോറ്റുപോയി എന്ന് പറയാൻ കഴിയാത്തതിനാൽ നമ്മൾ കള്ളം പറയുകയാണ്. ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേലി പൗരൻമാർ ചരിത്രത്തിലെ ഏറ്റവും മോശം നേതൃത്വത്തിന്റെ തടവുകാരായി മാറിയിരിക്കുന്നു. നമുക്ക് സുരക്ഷിതമായി വടക്കൻ അതിർത്തിയിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഇനി ഉറപ്പില്ല. ലെബനാനിലെ ഹിസ്ബുള്ള കാര്യങ്ങൾ അവർക്ക് അനുകൂലമായി മാറ്റി.
ഇറാന്റെ ഭീഷണിയും നമ്മെ വിറപ്പിക്കുന്നു. അന്താരാഷ്ട്ര ബന്ധങ്ങൾക്ക് വലിയ ഉലച്ചിൽ സംഭവിച്ചു. ഇസ്രായേൽ നേതൃത്വത്തിന്റെ ബലഹീനത തുറന്നുകാണിക്കപ്പെട്ടു. ബുദ്ധിമാൻമാരായ ജനതയും അതിശക്തമായ സൈന്യവുമാണെന്നായിരുന്നു നമ്മൾ അഭിമാനിച്ചിരുന്നത്. അതൊരു മിഥ്യാധാരണയാണെന്ന് ലോകത്തിന് മനസ്സിലായെന്നും ഒരു വ്യോമസേനയുള്ള ചെറിയ ജൂത ഗ്രാമം മാത്രമായി ഇസ്രായേൽ മാറിയെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16