Quantcast

വെള്ളപ്പൊക്കം തടയുന്നതിൽ വീഴ്ച; 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് കിം ജോങ് ഉൻ

ജൂലൈയിൽ ഉത്തരകൊറിയയിലുണ്ടായ പ്രളയത്തിൽ ആയിരത്തോളം പേർ മരിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    4 Sep 2024 12:46 PM GMT

Kim Jong Un Executes 30 Officials For Failing To Prevent Deaths During Floods
X

പ്യോങ്യാങ്: ഉത്തരകൊറിയയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതിൽ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് ഏകാധിപതി കിം ജോങ് ഉൻ. ദക്ഷിണകൊറിയൻ മാധ്യമങ്ങളാണ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച വിവരം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം അവസാനമാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്.

ജൂലൈയിൽ ഉത്തരകൊറിയയിലുണ്ടായ പ്രളയത്തിൽ ആയിരത്തോളം പേർ മരിച്ചിരുന്നു. കനത്ത മഴയും ഉരുൾപ്പൊട്ടലും ചാങ്ഗാങ് പ്രവശ്യയിൽ കനത്ത നാശം വിതയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, വെള്ളപ്പൊക്കത്തിനു കാരണക്കാരായ ഉദ്യോ​ഗസ്ഥർക്ക് കർശന ശിക്ഷ നൽകാൻ കിം ജോങ് ഉൻ ഉത്തരവിട്ടതെന്ന് ഉത്തരകൊറിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദക്ഷിണ കൊറിയയിലെ ചോസുൻ ടിവി റിപ്പോർട്ട് ചെയ്യുന്നു.

അഴിമതി, കൃത്യനിർവഹത്തിൽ വീഴ്ചവരുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഉദ്യോ​ഗസ്ഥർക്കെതിരായ നടപടി. സിൻജുവിൽ നടന്ന അടിയന്തര പോളിറ്റ്ബ്യൂറോ യോഗത്തിലാണ് കിം ജോങ് ഉന്നിന്റെ നിർദേശം പുറത്തുവന്നത്.

വെള്ളപ്പൊക്ക ബാധിത പ്രദേശത്തെ 20-30 ഉദ്യോ​ഗസ്ഥരെ കഴിഞ്ഞ മാസം അവസാനം ഒരേ സമയം വധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും 2019 മുതൽ ചാങ്ഗാങ് പ്രവിശ്യാ പാർട്ടി കമ്മിറ്റിയുടെ സെക്രട്ടറി കാങ് ബോങ് ഹൂൺ ഉൾപ്പെടെയുള്ളവർ നടപടിക്ക് വിധേയരായവരിൽ ഉൾപ്പെടുന്നതായി ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു.

കനത്ത മഴയെ തുടർന്നുണ്ടായ പ്രളയം 4,000ത്തോളം കുടുംബങ്ങളെ ബാധിച്ചിരുന്നു. 15,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ആയിരക്കണക്കിന് പേർക്കാണ് വീടും മറ്റ് സ്വത്തുവകകളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നത്.

ഇതിനു പിന്നാലെ കിം ജോങ് ഉൻ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും പ്രളയത്തിൽ മുങ്ങിയ പ്രദേശങ്ങൾ പുനർനിർമിക്കാൻ മാസങ്ങളെടുക്കുമെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. അമ്മമാർ, കുട്ടികൾ, പ്രായമായവർ, പരിക്കേറ്റ സൈനികർ തുടങ്ങിയവർ ഉൾപ്പെടെ 15,400 പേർക്ക് പ്യോങ്‌യാങ്ങിൽ സർക്കാർ അഭയം നൽകിയിരുന്നു.

TAGS :

Next Story