Quantcast

ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്‍റെ രാജാവായി അധികാരമേറ്റു

ബ്രിട്ടനിലെ സെന്‍റ് ജെയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍.

MediaOne Logo

Web Desk

  • Updated:

    2022-09-10 10:13:46.0

Published:

10 Sep 2022 9:53 AM GMT

ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്‍റെ രാജാവായി അധികാരമേറ്റു
X

ബ്രിട്ടനിൽ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി മകൻ ചാൾസ് മൂന്നാമൻ അധികാരമേറ്റു. ബ്രിട്ടനിലെ സെന്‍റ് ജെയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. ബ്രിട്ടനില്‍ അധികാരമേറ്റ ഏറ്റവും പ്രായമുള്ള രാജാവാണ് ചാള്‍സ് മൂന്നാമന്‍. അദ്ദേഹത്തിന് 73 വയസ്സുണ്ട്.

രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിർന്ന രാഷ്ട്രീയക്കാരും കാന്റർബറി ആർച്ച്ബിഷപ്പും അടങ്ങുന്ന അക്സഷൻ കൗൺസിൽ അംഗങ്ങളാണ് ചാൾസ് മൂന്നാമനെ രാജാവായി പ്രഖ്യാപിച്ചത്. ഇന്നലെ ചാൾസ് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. പുതിയ ഉത്തരവാദിത്വങ്ങൾ വരുന്നതോടുകൂടി തന്റെ ജീവിതവും മാറുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ചയാളായിരുന്നു അമ്മ എലിസബത്ത് രാജ്ഞി. അമ്മ കുടുംബത്തിൽ എല്ലാവർക്കും പ്രചോദനവും മാതൃകയുമായിരുന്നു. സ്വന്തം കടമകൾ നിർവഹിക്കാനായി അവർ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചെന്നും ചാള്‍സ് അനുസ്മരിച്ചു.

ചരിത്രത്തിൽ ആദ്യമായി ബ്രിട്ടനില്‍ രാജാവിന്‍റെ സ്ഥാനാരോഹണം തൽസമയം സംപ്രേഷണം ചെയ്തു. സ്ഥാനാരോഹണം നടന്നെങ്കിലും മറ്റ് ഔദ്യോഗിക ചടങ്ങുകൾ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. വിവിധ ലോകനേതാക്കള്‍ ചടങ്ങിനെത്തും. ജോർജ് ആറാമൻ രാജാവ് മരിച്ചതിനു പിന്നാലെ എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടത്തിയെങ്കിലും പൂർണ ചടങ്ങുകളോടെ ഔദ്യോഗിക നടപടിക്രമങ്ങൾ ദുഃഖാചരണം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് നടന്നത്.

ഈ മാസം എട്ടിനായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. 96 വയസായിരുന്നു. ഏറ്റവും ദീർഘകാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന അപൂർവനേട്ടത്തിനുടമയായിരുന്നു എലിസബത്ത്.‌ സ്‌കോട്ട്‌ലൻഡിലെ ബെൽമോർ കൊട്ടാരത്തിലായിരുന്നു അന്ത്യം. 2015ലാണ് എലിസബത്ത് രാജ്ഞി ഏറ്റവും ദീർഘമായ കാലം ബ്രിട്ടനെ ഭരിച്ച ഭരണാധികാരിയെന്ന റെക്കോർഡിനുടമയാകുന്നത്. മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

TAGS :

Next Story