വലിയ വില! ഹെലികോപ്ടര്‍ അപകടദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് കോബിയുടെ വിധവയ്ക്ക് 127 കോടി നഷ്ടപരിഹാരം
2020 ജനുവരിയിലാണ് 13കാരിയായ മകൾ ഗിയന്നയ്ക്കും കുടുംബസുഹൃത്തുക്കൾക്കുമൊപ്പം യു.എസ് ബാസ്‌കറ്റ്‌ബോൾ താരം കോബി ബ്രയന്റ് ഹെലികോപ്ടർ തകർന്ന് മരിക്കുന്നത്
ന്യൂയോർക്ക്: യു.എസ് ബാസ്‌കറ്റ്‌ബോൾ താരം കോബി ബ്രയന്റിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് കുടുംബത്തിന് 127 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഫെഡറൽ കോടതി ഉത്തരവ്. കോബിയുടെ വിധവ വനേസ ബ്രയന്റിനാണ് ലോസ് ആഞ്ചലസ് കൗണ്ടി അധികൃതർ ഭീമൻതുക നഷ്ടപരിഹാരം നൽകേണ്ടത്.
2020 ജനുവരിയിലാണ് 13കാരിയായ മകൾ ഗിയന്നയ്ക്കും ആറു കുടുംബസുഹൃത്തുക്കൾക്കുമൊപ്പം കോബി ബ്രയന്റ് കാലിഫോർണിയയിൽ ഹെലികോപ്ടർ തകർന്ന് മരിക്കുന്നത്. അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കൗണ്ടി ജീവനക്കാർ അപകടദൃശ്യങ്ങളും ചിത്രങ്ങളും പകർത്തി പുറത്തുവിട്ടിരുന്നു. ഇത് തങ്ങൾക്ക് മാനസികാഘാതം സൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വനേസയും മറ്റ് ഇരകളുടെ കുടുംബവും കോടതിയെ സമീപിച്ചത്.
പരാതിയിൽ 19 കോടി നഷ്ടപരിഹാരം നൽകാമെന്ന് കൗണ്ടി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, വെനേസ ബ്രിയന്റ് ഇത് അംഗീകരിച്ചില്ല. തുടർന്നാണ് ഫെഡറൽ കോടതി കേസിൽ വൻതുക നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. വെനേസയ്ക്കു പുറമെ അപകടത്തിൽ ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ക്രിസ്റ്റഫർ ചെസ്റ്ററിന് 119 കോടി രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കരഞ്ഞുകൊണ്ടാണ് വെനേസ കോടതിവിധി കേട്ടത്. പുറത്ത് കാത്തിരുന്ന മാധ്യമപ്രവർത്തകരോട് സംസാരിക്കാനും അവർ കൂട്ടാക്കിയില്ല. പിന്നീട് മകളുടെയും ഭർത്താവിന്റെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. കോബിക്കും ഗിഗിക്കും നീതി ലഭിച്ചെന്നും ഇതെല്ലാം നിങ്ങൾക്കു വേണ്ടിയാണെന്നും വെനേസ കുറിച്ചു.
Summary: Los Angeles County must pay $31 million in damages to the former US basketball star Kobe Bryant's widow Vanessa Bryant and a co-plaintiff over graphic photos taken at the site of the helicopter crash that killed the basketball star and eight others
Adjust Story Font
16