Quantcast

പാശ്ചാത്യൻ ഉപരോധങ്ങളെ അതിജീവിക്കാൻ റഷ്യക്ക് കരുത്തുണ്ട്: പുടിന്റെ വക്താവ്

ഉപരോധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും രാജ്യത്തെ തളർത്താനുള്ള ശ്രമങ്ങളെക്കുറിച്ചും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുമായി പുടിൻ ചർച്ച നടത്തുമെന്നും പെസ്‌കോവ് വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    28 Feb 2022 2:32 PM GMT

പാശ്ചാത്യൻ ഉപരോധങ്ങളെ അതിജീവിക്കാൻ റഷ്യക്ക് കരുത്തുണ്ട്: പുടിന്റെ വക്താവ്
X

യുക്രൈൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ അതിജീവിക്കാൻ റഷ്യക്ക് കരുത്തുണ്ടെന്ന് പ്രസിഡന്റ് പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ്. ''റഷ്യക്കുമേലുള്ള പാശ്ചാത്യൻ ഉപരോധങ്ങൾ കടുത്തതാണ്. പക്ഷെ നമ്മുടെ രാജ്യത്തിന് അതിന്റെ നാശനഷ്ടങ്ങൾ നികത്താനുള്ള കഴിവുണ്ട്''-പെസ്‌കോവ് പറഞ്ഞു.

ഉപരോധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും രാജ്യത്തെ തളർത്താനുള്ള ശ്രമങ്ങളെക്കുറിച്ചും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുമായി പുടിൻ ചർച്ച നടത്തുമെന്നും പെസ്‌കോവ് വ്യക്തമാക്കി. പാശ്ചാത്യൻ രാജ്യങ്ങളുടെ ഉപരോധത്തെ തുടർന്ന് തിങ്കളാഴ്ച റഷ്യൻ റൂബിളിന്റെ മൂല്യം യു.എസ് ഡോളറിനെ അപേക്ഷിച്ച് 30 ശതമാനം ഇടിഞ്ഞിരുന്നു.

അതിനിടെ അപ്രതീക്ഷിതമായി ദക്ഷിണ കൊറിയയും സിംഗപ്പൂരും തങ്ങളുടെ പാശ്ചാത്യൻ സഖ്യരാഷ്ട്രങ്ങൾക്കൊപ്പം ചേർന്ന് റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. തന്ത്രപ്രധാനമായ വസ്തുക്കളുടെ റഷ്യയിലേക്കുള്ള കയറ്റുമതി നിരോധിക്കുമെന്നും റഷ്യൻ ബാങ്കുകളെ സ്വിഫറ്റ് ബാങ്കിങ് സിസ്റ്റത്തിൽ നിന്ന് വിലക്കുമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി.

യുക്രൈനുകാരെ ദ്രോഹിക്കുന്നതിനോ കീഴ്‌പ്പെടുത്തുന്നതിനോ യുക്രൈനിൽ നേരിട്ട് ആയുധങ്ങളായി ഉപയോഗിക്കാവുന്നതോ ആയ വസ്തുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് സിംഗപ്പൂർ വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണൻ പറഞ്ഞു.

TAGS :

Next Story