Quantcast

എത്യോപ്യയിൽ മണ്ണിടിച്ചിൽ: 229 മൃതദേഹങ്ങൾ കണ്ടെത്തി

മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ

MediaOne Logo

Web Desk

  • Published:

    23 July 2024 4:41 PM GMT

Landslides in Ethiopia: 229 bodies found, latest news എത്യോപ്യയിൽ മണ്ണിടിച്ചിൽ: 229 മൃതദേഹങ്ങൾ കണ്ടെത്തി
X

‌തെക്കൻ എത്യോപ്യയിലെ ഗോഫയിലുണ്ടായ രണ്ട് മണ്ണിടിച്ചിലിലായി മരിച്ച 229 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ഗോഫ ദുരന്തനിവാരണ വിഭാഗം മേധാവി മർക്കോസ് മെലെസെ പറഞ്ഞു. ഗോഫ സോണിലെ ഉൾപ്രദേശത്തുള്ള വനമേഘലയിൽ കനത്ത മഴയെ തുടർന്ന് ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്നും മരണസംഖ്യ ഇനിയും വർധിച്ചേക്കാമെന്നും പ്രാദേശിക അതോറിറ്റി അറിയിച്ചു.

മരിച്ചവരിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നും ജീവനോടെ രക്ഷപ്പെടുത്തിയ 10 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഗോസ സോണിൻ്റെ ചീഫ് അഡ്മിനിസ്ട്രേറ്റർ ദഗ്മാവി അയേലെ ബിബിസിയോട് പറഞ്ഞു. തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് 320 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സതേൺ എത്യോപ്യയുടെ ഭാഗമാണ് ഗോഫ. ആദ്യ മണ്ണിടിച്ചിലിന് ഏതാനും മിനിറ്റുകൾക്ക് ശേഷം രണ്ടാമത്തെ മണ്ണിടിച്ചിൽ സംഭവിക്കുകയായിരുന്നു എന്ന് പാർലമെൻ്റേറിയൻ കെമാൽ ഹാഷി മുഹമ്മദ് പറഞ്ഞു.

കനത്ത മഴയും വെള്ളപ്പൊക്കവും ബാധിച്ച രാജ്യത്തിൻ്റെ പ്രദേശങ്ങളിലൊന്നാണ് തെക്കൻ എത്യോപ്യയെന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോർ ദി കോ-ഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് അധികൃതർ പറഞ്ഞു. 2016 മെയ് മാസത്തിലുണ്ടായ മഴ ​ദുരന്തത്തിൽ 50ലധികം പേർ മരിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷത്തിന്റെ താപ നില വർധിക്കുന്നതാണ് തീവ്രമായ മഴയും അനുബന്ധ ദുരന്തങ്ങളും സംഭവിക്കാൻ കാരണമാകുന്നതെന്ന് കാലാവസ്ഥാ അധികൃതർ പറഞ്ഞു.

TAGS :

Next Story