വർണ വിവേചനം; ശരീരദുർഗന്ധം ആരോപിച്ച് കറുത്ത വർഗക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടാൻ ശ്രമം
"ദുർഗന്ധം വമിക്കുന്നു എന്ന് കേട്ടപ്പോൾ അത് ഞങ്ങളിൽ നിന്നാവാം എന്ന് സങ്കോചമേതുമില്ലാതെ അവർ തീരുമാനിച്ചു. അത് വംശീയ വിവേചനമല്ലാതെ പിന്നെന്താണ്?"
ശരീര ദുർഗന്ധം ആരോപിച്ച് കറുത്ത വർഗക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചതായി പരാതി. അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. വിമാനത്തിലെ ആരോ പരാതി ഉന്നയിച്ചതിനെ തുടർന്ന് കറുത്ത വർഗക്കാരായ എട്ട് പേരോട് ഫ്‌ളൈറ്റ് ജീവനക്കാർ വിമാനത്തിൽ നിന്നിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ മൂന്ന് പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അരിസോണയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം. പരാതി നൽകിയിരിക്കുന്നവർ തമ്മിൽ മുൻപരിചയമില്ല. വിവിധ സീറ്റുകളിലാണ് ഇവർ ഇരുന്നിരുന്നതും. കറുത്ത വർഗക്കാർ എട്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫിന് മുമ്പ് ഇവരോട് അകാരണമായി പുറത്തിറങ്ങാൻ ജീവനക്കാർ ആവശ്യപ്പെട്ടു. കാരണം ചോദിച്ചപ്പോൾ ഫ്‌ളൈറ്റിനുള്ളിലെ ആരിൽ നിന്നോ ശരീര ദുർഗന്ധം വമിക്കുന്നതായി പരാതി ഉയർന്നുവെന്നായിരുന്നു മറുപടി.
തുടർന്ന് എട്ട് പേരെയും ഫ്‌ളൈറ്റിൽ നിന്നിറക്കുകയും ചെയ്തു. വേറെ ഫ്‌ളൈറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനായിരുന്നു ജീവനക്കാരിൽ നിന്ന് ഇവർക്ക് ലഭിച്ച നിർദേശം. എന്നാൽ അടുത്ത മണിക്കൂറുകളിൽ വേറെ ഫ്‌ളൈറ്റ് ഇല്ലാതിരുന്നതിനാൽ ഇവരെ ഈ ഫ്‌ളൈറ്റിൽ തന്നെ കയറ്റി ന്യൂയോർക്കിൽ ഇറക്കി. സംഭവം കാരണം ഒരുമണിക്കൂറോളം യാത്ര വൈകുകയും ചെയ്തു. തുടർന്ന് ന്യൂയോർക്കിൽ എത്തിയ ഉടൻ തന്നെ ഇവരിൽ മൂന്ന് പേർ കേസ് ഫയൽ ചെയ്യുകയായിരുന്നു. ദുർഗന്ധം വമിക്കുന്നത് തങ്ങളുടെ ശരീരത്തിൽ നിന്നാണെന്ന് അടിസ്ഥാനരഹിതമായി ആരോപിക്കുന്നത് വർണ/വംശീയ വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
"ഏതെങ്കിലും ഒരു വെള്ളക്കാരനോടാണ് ഇങ്ങനെ ഇറങ്ങിപ്പോകാൻ പറഞ്ഞതെങ്കിൽ എന്താകുമായിരുന്നു? അങ്ങനെ അവരോട് ആരെങ്കിലും പറയുമോ? ഞങ്ങൾ കറുത്ത വർഗക്കാരായത് കൊണ്ട് മാത്രം സംഭവിച്ച കാര്യമാണിത്. ദുർഗന്ധം വമിക്കുന്നു എന്ന് കേട്ടപ്പോൾ അത് ഞങ്ങളിൽ നിന്നാവാം എന്ന് സങ്കോചമേതുമില്ലാതെ അവർ തീരുമാനിച്ചു. അത് വർണ വിവേചനമല്ലാതെ പിന്നെന്താണ്? നേരിട്ട വിവേചനത്തെ പറ്റി ഞങ്ങൾ ഗേറ്റിലെത്തി പരാതി പറയുമ്പോൾ ഞങ്ങളെ ഇറക്കി വിട്ടിട്ടുണ്ട് എന്ന് മറ്റ് യാത്രക്കാരെ പറഞ്ഞ് സമാധാനിപ്പിക്കുകയായിരുന്നു ഫ്‌ളൈറ്റ് ജീവനക്കാർ. നടന്ന സംഭവങ്ങൾക്ക് മറ്റൊരു വിശദീകരണവും നൽകാനില്ല. ഞങ്ങളുടെ തൊലിയുടെ നിറമായിരുന്നു അവരുടെ പ്രശ്‌നം". പരാതിക്കാരിലൊരാളെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
യാത്രക്കാർ നേരിട്ട വിവേചനം ഒരിക്കലും അംഗീകരിക്കാനാവുന്നതല്ലെന്നാണ് അമേരിക്കൻ എയർലൈൻസിന്റെ പ്രതികരണം. തങ്ങളുടെ മൂല്യങ്ങൾക്ക് നിരക്കാത്ത സംഭവമാണുണ്ടായതെന്നും കൃത്യമായ അന്വേഷണത്തിന് ശേഷം വേണ്ട നടപടികളെടുക്കുമെന്നും എയർലൈൻസ് പ്രതികരിച്ചു.
Adjust Story Font
16