കമ്പനിയുടെ ഓഹരി വിവരങ്ങൾ ചോർത്തി നൽകി; അമേരിക്കയിൽ ഏഴ് ഇന്ത്യക്കാർക്കെതിരെ കേസ്
ഏഴ് കോടിയോളം രൂപ സമ്പാദിച്ച ഏഴ് പേർക്കെതിരെയാണ് കേസ് രജിസ്‌റ്റര്‍ ചെയ്തിട്ടുള്ളത്
സോഫ്റ്റ്‍വെയർ കമ്പനിയുടെ ഓഹരി വിവരങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ചോർത്തി നൽകിയ ഏഴ് ഇന്ത്യക്കാർക്കെതിരെ അമേരിക്കയിൽ കേസെടുത്തു. കമ്പനിയുടെ ഓഹരി മൂല്യം വർധിക്കുമെന്ന വിവരം മുൻകൂട്ടി അറിഞ്ഞ് നടത്തുന്ന 'ഇൻസൈഡർ ട്രേഡിങ്' വലിയ കുറ്റമാണെന്നിരിക്കെ ഇതിലൂടെ ഏഴ് കോടിയോളം രൂപ സമ്പാദിച്ച ഏഴ് പേർക്കെതിരെയാണ് കേസ് രജിസ്‌റ്റര്‍ ചെയ്തിട്ടുള്ളത്.
ഹരിപ്രസാദ് സുരേ (34), ലോകേഷ് ലഗുഡു (31), ചോട്ടു പ്രഭു തേജ് പുളഗം (29) എന്നവരാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. ഇവർ സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിങ് വിവര വിനിമയ കമ്പനിയായ ട്വിലിയോയുടെ സേഫ്റ്റ്വെയർ എൻജിനീയർമാരാണ്.
ഹരിപ്രസാദ് സുരേ സുഹൃത്ത് ദിലീപ് കുമാർ റെഡ്ഡി കമുജുലക്കാണ് വിവരങ്ങൾ ചോർത്തി നൽകിയത്. ഇതേത്തുടർന്ന് കമുജുല ട്വിലിയോയുടെ ഓഹരികളിൽ ട്രേഡിങ് നടത്തി നേട്ടമുണ്ടാക്കി. ലോകേഷ് ലഗുഡു കാമുകി സായി നേക്കൽപുടിക്കും സുഹൃത്ത് അഭിഷേക് ധർമപുരികറിനും, തേജ് പുളഗം തന്റെ സഹോദരൻ ചേതൻ പ്രഭുവിനും വിവരങ്ങൾ ചോർത്തി നൽകി കോടികൾ സമ്പാദിച്ചു. ഇതിലൂടെ വലിയ നേട്ടമാണ് ഇവർ ഉണ്ടാക്കിയെടുത്തത്.
2020 മാർച്ചിൽ ഡിജിറ്റൽ കമ്യൂണിക്കേഷൻ കമ്പനിയായ ട്വിലിയോയുടെ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധനയെ തുടർന്ന് ഓഹരി മൂല്യം വർധിക്കുമെന്ന വിവരമാണ് ഇവർ മുൻകൂട്ടി അറിഞ്ഞ് ചോർത്തിയത്. തുടർന്ന് ഇവർ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമടക്കം ചോർത്തിക്കൊടുക്കുകയായിരുന്നു.
Adjust Story Font
16