വിസ റദ്ദാക്കിയെന്നും രാജ്യം വിടണമെന്നും ആവശ്യം; അമേരിക്കയിൽ വിദേശ വിദ്യാർഥികൾക്ക് ഇ-മെയിൽ സന്ദേശം
പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തവരെയും സോഷ്യൽ മീഡിയയിൽ പ്രതികരിച്ചവരെയുമാണ് ലക്ഷ്യമിടുന്നത്

വാഷിങ്ടൺ: അമേരിക്കയിൽ നിരവധി വിദേശ വിദ്യാർഥികൾക്ക് വിസ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പുകൾ ഇ-മെയിൽ വഴി ലഭിക്കുന്നതായി റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിൽ (ഡിഒഎസ്) നിന്നാണ് ഇത്തരം ഇ-മെയിൽ സന്ദേശങ്ങൾ ലഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന എഫ്-1 വിസ റദ്ദാക്കിയതായും രാജ്യവിട്ട് പോകണമെന്നുമാണ് സന്ദേശത്തിലുള്ളത്.
ക്യാമ്പസുകളിൽ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തവർക്കെതിരെയും ദേശ വിരുദ്ധമെന്നാരോപിക്കപ്പെടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ലൈക്ക് ചെയ്തവരെയും ഷെയർ ചെയ്യുന്നവരെയും ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഇ-മെയിൽ സന്ദേശങ്ങൾ അയക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡിഒഎസ് നടത്തുന്ന സോഷ്യൽ മീഡിയ അവലോകനത്തിന്റെ ഭാഗമാണ് ഈ നടപടി. എഫ് (അക്കാദമിക് സ്റ്റഡി), എം (വൊക്കേഷണൽ സ്റ്റഡി), ജെ (എക്സ്ചേഞ്ച്) വിസകൾക്കുള്ള പുതിയ അപേക്ഷകർ സൂക്ഷ്മപരിശോധനയ്ക്ക് വിധേയരാകുകയും യുഎസിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്യാൻ സാധ്യതയേറെയാണ്.
2023-24 അധ്യയന വർഷത്തിൽ യുഎസിൽ 1.1 ദശലക്ഷം വിദേശ വിദ്യാർഥികൾ ഉണ്ടായിരുന്നുവെന്നും അതിൽ 331,000 പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നും ഓപ്പൺ ഡോർസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. രാജ്യ വിരുദ്ധപ്രവർത്തനം നടത്തുന്ന വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുമെന്ന് യു.എസ് സ്റ്റേറ്റ്സ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുവരുടെ എണ്ണം ഓരോ ദിവസവും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എത്ര പേരുടെ വിസയാണ് റദ്ദാക്കുന്നതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
Adjust Story Font
16