രക്താർബുദം കീഴടക്കി, മരിക്കുന്നതിന് മുമ്പ് വിവാഹം കഴിക്കണമെന്ന് ആഗ്രഹം; 10വയസുകാരിയുടെ കണ്ണു നനയിക്കുന്ന 'വിവാഹ' വീഡിയോ
'വിവാഹം' നടന്ന് പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം എമ്മ ഈ ലോകത്തോട് വിട പറഞ്ഞു
10 വയസുകാരിയായ എമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അവളുടെ വിവാഹം. പത്ത് വർഷത്തിനിടെ അവളേറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളതും സ്വന്തം വിവാഹത്തെ കുറിച്ചായിരുന്നു. വെള്ള ഗൗണിൽ അതിസുന്ദരിയായി, ലിലില്ലിപ്പൂക്കളാൽ അലങ്കരിച്ച ബൊക്കെയും കയ്യിലേന്തി വരനടുത്തേക്ക് നടന്നടുക്കുന്ന തന്നെ അവളെത്ര തവണ സ്വപ്‌നങ്ങളിൽ കണ്ടിരിക്കുന്നു...
എന്നാൽ വിവാഹപ്രായമെത്തുന്നത് വരെ കാത്തിരിക്കാനുള്ള സമയം വിധി എമ്മയ്ക്ക് നൽകിയില്ല. കഴിഞ്ഞ വർഷം ഏപ്രിലിൽ എമ്മയ്ക്ക് രക്താർബുദം സ്ഥിരീകരിച്ചു. എല്ലാ പ്രതിസന്ധികളെയും നേരിടുന്ന കുഞ്ഞുമകൾ ക്യാൻസറിനെയും തോൽപ്പിക്കുമെന്ന് ഉറച്ച് വിശ്വസിച്ച മാതാപിതാക്കൾ അലീനയ്ക്കും ആരോണിനും തെറ്റി. അവരറിയും മുമ്പ് തന്നെ ക്യാൻസർ മകളെ അറിഞ്ഞു തുടങ്ങിയിരുന്നു. കുട്ടികളെ ബാധിക്കുന്ന ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ആണ് എമ്മയെയും ബാധിച്ചിരിക്കുന്നത്.
ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യതകൾ സാധാരണ ഈ ക്യാൻസറിന് കൂടുതലാണെങ്കിലും എന്തോ എമ്മയെ വിധി കനിഞ്ഞില്ല. സന്തോഷത്തോടെ ഓടി നടന്നിരുന്ന എമ്മ ആശുപത്രിക്കിടക്കയിലേക്കും വീൽചെയറിലേക്കും ഒതുങ്ങി. ജൂണിൽ ഇടിത്തീ പോലെ ആ കൊച്ചു യുഎസ് കുടുംബത്തെ തേടി ഡോക്ടറുടെ ആ വാക്കുകളെത്തി. എമ്മയ്ക്കിനി അധിക നാളുകളില്ല. ഏറിയാൽ ഒരാഴ്ച, അല്ലെങ്കിൽ ഏതാനും ദിവസങ്ങൾ... സ്തബ്ധരായാണ് ആ വാക്കുകൾ അലീനയും ആരോണും കേട്ടത്. എങ്കിലും ആ വാർത്ത കേട്ട് സങ്കടത്തോടെ എമ്മയ്‌ക്കൊപ്പമിരിക്കാൻ അവർ ആഗ്രഹിച്ചില്ല. എമ്മയുടെ ഏറ്റവും വലിയ സ്വപ്‌നമായ അവളുടെ വിവാഹം നടത്തിക്കൊടുക്കാൻ തന്നെ അവർ തീരുമാനിച്ചു.
എമ്മയെന്നാൽ ജീവനാണ് അവളുടെ ബോയ്ഫ്രണ്ട് ഡാനിയേലിന്. ആശുപത്രിയിലെ സ്ഥിരം സന്ദർശകൻ കൂടിയായിരുന്നു ഡാനിയേൽ. അതുകൊണ്ടു തന്നെ വിവാഹക്കാര്യം പറഞ്ഞപ്പോൾ ഏറ്റവുമധികം സന്തോഷിച്ചതും ഡാനിയേൽ ആയിരുന്നു. അങ്ങനെ ജൂൺ 29ന് അടുത്ത ബന്ധുക്കളും എമ്മയുടെയും ഡാനിയേലിന്റെയും കുറച്ച് സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ എമ്മയുടെയും ഡാനിയേലിന്റെയും വിവാഹം നടന്നു. മറ്റേത് വിവാഹങ്ങിലെയും പോലെ തന്നെ ബൈബിൾ വായനയും മോതിരം മാറലുമെല്ലാം ഈ കുട്ടി വിവാഹത്തിനുമുണ്ടായിരുന്നു. മെയ്ഡ് ഓഫ് ഓണർ ആയി എമ്മയുടെ ഉറ്റസുഹൃത്തുക്കളുമെത്തി. വിവാഹച്ചടങ്ങുകൾക്കൊടുവിൽ എമ്മയെ സ്‌നേഹത്തോടെ ചുംബിക്കാനും ഡാനിയേൽ മറന്നില്ല.
'വിവാഹം' നടന്ന് പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം എമ്മ ഈ ലോകത്തോട് വിട പറഞ്ഞു. തങ്ങളെ വിട്ടു പിരിഞ്ഞെങ്കിലും മകൾക്കേറ്റവും ഇഷ്ടപ്പെട്ട സമ്മാനം നൽകി അവളെ പറഞ്ഞയയ്ക്കാനായതിന്റെ ആശ്വാസത്തിലാണ് എമ്മയുടെ മാതാപിതാക്കൾ.
Adjust Story Font
16