മൂന്നാംഘട്ട സമാധാന ചർച്ചയിൽ നിർണായക തീരുമാനങ്ങളില്ല; ഒഴിപ്പിക്കലിനായി സുരക്ഷിത പാത ഒരുക്കുമെന്ന റഷ്യയുടെ പ്രഖ്യാപനം യുക്രൈൻ തള്ളി
മൂന്ന് ഘട്ടങ്ങളിലായി നടന്ന ചർച്ചയിൽ പ്രതീക്ഷിച്ച പുരോഗതിയില്ലെന്നാണ് റഷ്യയുടെ വിലയിരുത്തൽ
റഷ്യ-യുക്രൈൻ മൂന്നാംഘട്ട സമാധാന ചർച്ച പൂർത്തിയായി. ചർച്ചയിൽ നിർണായക തീരുമാനങ്ങളുണ്ടായില്ല. സമാധാന ചർച്ച ഇനിയും തുടരുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. സാധാരണക്കാരുടെ ഒഴിപ്പിക്കലിനായി സുരക്ഷിത പാത ഒരുക്കുമെന്ന റഷ്യയുടെ പ്രഖ്യാപനം യുക്രൈൻ തള്ളി.
റഷ്യ-യുക്രൈൻ യുദ്ധം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ബെലറൂസിലെ ബ്രസ്റ്റിൽ ഇന്നലെ നടന്ന മൂന്നാംഘട്ട സമാധാന ചർച്ചയിലും നിർണായക തീരുമാനങ്ങളുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചർച്ചയിൽ പുരോഗതിയുണ്ടെന്നും പ്രതീക്ഷ കൈവിടില്ലെന്നും യുക്രൈൻ വ്യക്തമാക്കി. മൂന്ന് ഘട്ടങ്ങളിലായി നടന്ന ചർച്ചയിൽ പ്രതീക്ഷിച്ച പുരോഗതിയില്ലെന്നാണ് റഷ്യയുടെ വിലയിരുത്തൽ. അടുത്ത ഘട്ടത്തിൽ നടക്കുന്ന ചർച്ചയിൽ നിർണായക തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും റഷ്യ അറിയിച്ചു. റഷ്യ-യുക്രൈന്‍ വിദേശകാര്യമന്ത്രിമാര്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. തുര്‍ക്കിയിലെ അന്താലിയയില്‍ വച്ചാകും ചര്‍ച്ച.
അതേസമയം യുക്രൈനിൽ നിന്ന് സാധാരണക്കാർക്ക് രക്ഷപ്പെടാൻ സുരക്ഷിത പാത ഒരുക്കുമെന്ന റഷ്യയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. റഷ്യ മുന്നോട്ടുവച്ച ഒഴിപ്പിക്കല്‍ പാതയ്ക്കെതിരെ യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമർ സെലൻസ്കി രംഗത്തെത്തി. യുക്രൈനില്‍ നിന്ന് റഷ്യയിലേക്കും ബെലാറസിലേക്കും ആളുകളെ കൊണ്ടുപോകാമെന്ന വാഗ്ദാനം ദുരുദ്ദേശപരമാണെന്നാണ് സെലൻസ്കി ആരോപിച്ചു. ആക്രമണം തുടരുന്ന ഖാർഖിവ്,കിയവ്, മരിയുപോൾ തുടങ്ങിയ നഗരങ്ങളിൽ ജനജീവിതം കൂടുതൽ ദുസ്സഹമാവുകയാണ്. കിയവിലെ മകരീവ് പട്ടണത്തിൽ ബേക്കറിക്ക് നേരെ നടന്ന ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ അധികൃതർ അറിയിച്ചു. ഖാർകീവിൽ മാത്രം തിങ്കളാഴ്ച 209 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് സാധാരണ ജനങ്ങളെ കൊലപ്പെടുത്തിയ റഷ്യൻ സൈന്യത്തെ വെറുതെ വിടില്ലെന്ന് സെലൻസ്കി പ്രതികരിച്ചു.
Adjust Story Font
16