Quantcast

ലിസ് ട്രസ് ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി

ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെയാണ് തോല്‍പ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-09-05 14:43:26.0

Published:

5 Sep 2022 11:53 AM GMT

ലിസ് ട്രസ് ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി
X

ലിസ് ട്രസ് ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെയാണ് തോല്‍പ്പിച്ചത്. ബ്രിട്ടന്‍റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്.

2025 വരെ ലിസ് ട്രസിന് പ്രധാനമന്ത്രിയായി തുടരാം. 20,000 വോട്ടിനാണ് ലിസ് ട്രസ് റിഷി സുനകിനെ തോൽപ്പിച്ചത്. 81,326 വോട്ടാണ് ലിസിന് ലഭിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ രജിസ്റ്റര്‍ ചെയ്ത 1.8 ലക്ഷം അംഗങ്ങള്‍ക്കിടയില്‍ ആഗസ്ത് ആദ്യം തുടങ്ങിയ വോട്ടിങ് വെള്ളിയാഴ്ചയാണ് പൂര്‍ത്തിയായത്. ലിസ് ട്രസ് വിജയിക്കുമെന്നാണ് സര്‍വേകള്‍ നേരത്തെ തന്നെ പ്രവചിച്ചത്. എംപിമാർക്കിടയിൽ നടന്ന വോട്ടെടുപ്പിൽ ഋഷി സുനകായിരുന്നു മുന്നിൽ. പക്ഷേ അവസാന ഘട്ട വോട്ടെടുപ്പില്‍ ലിസ് ട്രസ് മുന്നിലെത്തുകയായിരുന്നു.

ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു ലിസ് ട്രസ്. ഡേവിഡ് കാമറൺ, തെരേസ മേ മന്ത്രിസഭകളിലും അംഗമായിരുന്നു.ആദ്യ ഘട്ടത്തിൽ ബ്രെക്സിറ്റ് വിരുദ്ധ നിലപാടെടുത്ത നേതാവ് കൂടിയാണ് ലിസ് ട്രസ്.

വിവാദങ്ങളിൽ പെട്ട് ബോറിസ് ജോൺസൺ ജൂലൈ ഏഴിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചത്. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രെക്സിറ്റ് പദ്ധതിയുടെ പശ്ചാത്തലത്തിൽ 2019ലെ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ ബോറിസ് ജോൺസനെ തുടക്കം മുതൽ വിവാദങ്ങൾ പിന്തുടർന്നു. കോവിഡ് കാലത്ത് ലോക്ഡൗൺ ചട്ടങ്ങൾ മറികടന്ന് മദ്യസൽക്കാരമടക്കമുള്ള ആഘോഷങ്ങൾ നടത്തിയത് വൻ തിരിച്ചടിയായി. ഈ വിവാദത്തിന്റെ പേരിൽ പാർലമെന്റിൽ ക്ഷമാപണം നടത്തേണ്ടിവന്നു. പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും തിരിച്ചടിയായി. ഇതോടെയായിരുന്നു രാജി. ബോറിസ് ജോൺസണു പകരം പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ ജൂലൈ മാസത്തിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നടപടികൾ തുടങ്ങിയത്.

സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചൊവ്വാഴ്ച വിടവാങ്ങൽ പ്രസംഗം നടത്തും. പുതിയ നേതാവിനെ എലിസബത്ത് രാജ്ഞി അവരുടെ ബൽമോറൽ കാസിൽ വസതിയിൽ വച്ച് പ്രധാനമന്ത്രിയായി ഔദ്യോഗികമായി നിയമിക്കും. പ്രധാന കാബിനറ്റ് പദവികൾ ബുധനാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിക്കും.

TAGS :

Next Story