Quantcast

ഫലസ്​തീൻ അനുകൂല പ്രകടനം: ഹോളോകോസ്​റ്റ്​ അതിജീവിച്ചയാളെ ചോദ്യം ​ചെയ്​ത്​ ലണ്ടൻ പൊലീസ്​

87കാരനായ സ്​റ്റീഫൻ കപോസിന്​ പിന്തുണയുമായി ​പൊലീസ്​ സ്​റ്റേഷന്​ പുറത്ത്​ നിരവധി പേർ തടിച്ചുകൂടി

MediaOne Logo

Web Desk

  • Published:

    22 March 2025 11:18 AM

ഫലസ്​തീൻ അനുകൂല പ്രകടനം: ഹോളോകോസ്​റ്റ്​ അതിജീവിച്ചയാളെ ചോദ്യം ​ചെയ്​ത്​ ലണ്ടൻ പൊലീസ്​
X

ലണ്ടൻ: ഫലസ്​തീൻ അനുകൂല പ്രകടനത്തിൽ പ​ങ്കെടുത്തതിന് ​ഹോളോകോസ്​റ്റ്​ അതിജീവിച്ചയാളെ ചോദ്യം ചെയ്​ത്​ ലണ്ടൻ പൊലീസ്​. 87കാരനായ സ്​റ്റീഫൻ കപോസിനെയാണ്​ ക്രമസമാധാന ലംഘനം ആരോപിച്ച്​ പൊലീസ്​ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്​. അതേസമയം, ഇദ്ദേഹത്തെ പിന്തുണച്ച്​ ലണ്ടനിലെ പൊലീസ്​ സ്​റ്റേഷന്​ പുറത്ത്​ നിരവധി പേർ തടിച്ചകൂടി.

സ്റ്റീഫൻ കപോസിന്​ പിന്തുണ എന്ന മുദ്രാവാക്യവുമായി അദ്ദേഹത്തെ പിന്തുണക്കുന്നവർ ഫലസ്തീൻ പതാകകൾ വീശുകയും ഡ്രം മുഴക്കുകയും ചെയ്തു. പിന്തുണയുമായി എത്തിയവരിൽ, ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ നടത്തിയ കൂട്ടക്കൊലയെ അതിജീവിച്ചയാളും അതിജീവിച്ചവരുടെ പിൻഗാമികളും ഉണ്ടായിരുന്നു. ‘ഹോളോകോസ്റ്റ് അതിജീവിച്ചരുടെ പിൻഗാമികൾ വംശഹത്യയ്‌ക്കെതിരെ’ എന്നെഴുതിയ ബാനറും ഇവർ ഉയർത്തി.

ഗസ്സയിലെ യുദ്ധത്തിനെതിരെ പ്രതിഷേധിച്ചതിന് കപോസിനെപ്പോലുള്ള ജൂതന്മാർ പൊലീസിൽനിന്ന് പീഡനം നേരിടുന്നത് അസംബന്ധമാണെന്ന് ഹോളോകോസ്​റ്റിൽനിന്ന്​ അതിജീവിച്ചയാളുടെ മകനായ മാർക്ക് എറ്റ്കൈൻഡ് വ്യക്​തമാക്കി. ‘നമ്മൾ സംസാരിക്കുമ്പോൾ വെടിനിർത്തൽ ഇല്ലാതായിരിക്കുന്നു. സ്റ്റീഫൻ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ലോകത്തോട് പ്രതിഷേധിക്കാനും ഈ വംശഹത്യ അവസാനിപ്പിക്കാനും യാചിക്കുമായിരുന്നു, കാരണം അതാണ് നാമെല്ലാവരും ഹോളോകോസ്റ്റിൽനിന്ന് പഠിക്കേണ്ട പ്രധാന പാഠം’ -മാർക്ക് എറ്റ്കൈൻഡ് കൂട്ടിച്ചേർത്തു.

ജനുവരി 18ന് നടന്ന ഫലസ്തീൻ അനുകൂല പ്രകടനവുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. വൈറ്റ്ഹാളിൽ നിന്ന് ട്രാഫൽഗർ സ്‌ക്വയറിലേക്കുള്ള പൊലീസ് ലൈനുകൾ ലംഘിച്ചെന്നും പ്രകടനത്തിന് ഏർപ്പെടുത്തിയ നിബന്ധനകൾ നേതാക്കളും മറ്റ് പ്രമുഖരും ലംഘിച്ചതായും ​പൊലീസ് ആരോപിച്ചു. എന്നാൽ, ​പൊലീസി​െൻറ ആരോപണം പ്രതിഷേധക്കാർ നിഷേധിച്ചു.

പ്രകടനത്തിനിടെ പൂക്കളും പ്ലക്കാർഡും കയ്യിലേന്തിയാണ്​​ കപോസ്​ പ​ങ്കെടുത്തിരുന്നത്​. ‘ഈ ഹോളോകോസ്റ്റ് അതിജീവിച്ചയാൾ പറയുന്നു: ഗാസയിലെ വംശഹത്യ നിർത്തുക’ -എന്നായിരുന്നു പ്ലക്കാർഡിലെ വാചകം. പ്രകടനത്തിൽ പ​ങ്കെടുത്ത എംപിമാരായ ജെറമി കോർബിൻ, ജോൺ മക്ഡൊണൽ എന്നിവരെയടക്കം ​പൊലീസ്​ ചോദ്യം ചെയ്​തിട്ടുണ്ട്​.

TAGS :

Next Story