ചാൾസ് രാജാവിന്‍റെ കിരീടധാരണം ഇന്ന്; ലോകനേതാക്കള്‍ പങ്കെടുക്കും
ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ ആബെയിൽ ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 3.30നാണ് ചടങ്ങുകൾ
ലണ്ടന്‍: ബ്രിട്ടനിൽ ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് വിപുലമായ ഒരുക്കങ്ങൾ. ഓപ്പറേഷൻ ഗോൾഡൻ ഓർബ് എന്നാണ് കിരീടധാരണ ചടങ്ങിന് പേരിട്ടിരിക്കുന്നത്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ ആബെയിൽ ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 3.30നാണ് ചടങ്ങുകൾ. വെസ്റ്റ് മിനിസ്റ്റർ ആബെയിൽ നടക്കുന്ന ഒരു മണിക്കൂർ ദൈർഘ്യമേറിയ കോറോണേഷൻ ചടങ്ങിൽ ലോക രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ 2000ലധികം പേർ പങ്കെടുക്കും.
1,000 വർഷത്തിലേറെയായി നിലവിലുള്ള ചടങ്ങുകളാണ് അതേപടി തുടരുന്നത്. ചടങ്ങുമായി ബന്ധപ്പെട്ടുള്ള കാര്യപരിപാടികൾ കാന്റർബെറി ആർച്ച് ബിഷപ്പ് പ്രസിദ്ധീകരിച്ചിരുന്നു. തത്സമയം സംപ്രേഷണം ചെയ്യപ്പെടുന്ന ആദ്യത്തെ കോറോണേഷനാകും ഇത്തവണത്തേത്. നാവിക യൂണിഫോം ധരിച്ചാകും ചാൾസ് എത്തുക. 444 വിലയേറിയ രത്‌നങ്ങൾ പതിപ്പിച്ച, സ്വർണത്തിൽ തീർത്ത സെന്റ് എഡ്വേർഡ്‌സ് ക്രൗൺ ആണ് ചടങ്ങിന്റെ പ്രധാന ആകർഷണം.
ഭരണകൂട മേധാവിക്കും പ്രത്യേക പങ്കുണ്ടെന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകായിരിക്കും ബൈബിൾ വായിക്കുക. കിരീടധാരണത്തിൽ പങ്കെടുക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡും എത്തും. നടി സോനം കപൂർ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന ഏക സെലിബ്രിറ്റിയാകും. മുസ്‌ലി, ഹിന്ദു, സിഖ്, ജൂത പ്രതിനിധികളും ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിലെ പുരോഹിതരും കിരീടധാരണചടങ്ങിൽ പങ്കെടുക്കും
Adjust Story Font
16