ശ്രീലങ്കയിൽ മഹിന്ദ രജപക്‌സെ രാജിവെച്ചേക്കും; രാജിക്കാര്യത്തിൽ ഉറപ്പു ലഭിച്ചെന്ന് പ്രതിപക്ഷ നേതാക്കൾ
പ്രധാനമന്ത്രിയെ മാറ്റുന്ന കാര്യം പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല
കൊളംബോ: ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചേക്കും. രാജിക്കാര്യത്തിൽ ഉറപ്പു ലഭിച്ചെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. പ്രസിഡന്റ് ഗോതബയെ രജപക്‌സെയാണ് പ്രശ്‌ന പരിഹാരത്തിന് പുതിയ നീക്കങ്ങൾ നടത്തുന്നത്. മഹിന്ദ രജപക്സെയെ പ്രധാന മന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ പ്രസിഡൻറ് ഗോത്തബയ രജപക്‌സെ സമ്മതിച്ചെന്നാണ് പ്രതിപക്ഷ നേതാക്കൾ പറഞ്ഞത്. പുതിയൊരു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി മന്ത്രിസഭ ഉണ്ടാക്കാൻ പ്രസിഡന്റ് ഉറപ്പുനൽകിയെന്ന് പ്രതിപക്ഷ നിരയിലെ മൈത്രിപാല സിരിസേന പറഞ്ഞു. പ്രധാനമന്ത്രിയെ മാറ്റിയില്ലെങ്കിൽ പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ദീർഘമായ പ്രക്രിയ ആരംഭിക്കുമെന്നും സിരിസേന കൂട്ടിച്ചേർത്തു.
എന്നാൽ പ്രധാനമന്ത്രിയെ മാറ്റുന്ന കാര്യം പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല. പുതിയ പ്രധാനമന്ത്രിയായി ആരെയെങ്കിലും നിർദേശിക്കാൻ ഉണ്ടെങ്കിൽ എഴുതി നൽകാൻ മാത്രമാണ് ആവശ്യപ്പെട്ടത് എന്നാണ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചത്.
മഹിന്ദ രാജപക്‌സെയും ഗോതബയ രാജപക്‌സെയും തമ്മിൽ അഭിപ്രായ ഭിന്നത ഉളളതായി റിപോർട്ടുകൾ വന്നിരുന്നു. പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും സഹോദരനായ മഹിന്ദ സ്ഥാനമൊഴിയാൻ തയാറായില്ലൊണ് റിപോർട്ടുകൾ. പ്രക്ഷോഭം ശക്തിയാർജിച്ച സാഹചര്യത്തിലാണ് പ്രസിഡന്റ് ചില മാറ്റങ്ങൾക്ക് തയ്യാറാകുന്നത്. രജപക്‌സെ സഹോദരന്മാർ രാജിവെച്ചാൽ മാത്രമേ അടങ്ങൂ എന്നാണ് പ്രക്ഷോഭകർ പറയുന്നത്.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെയാണ് ശ്രീലങ്ക ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ക്ഷാമത്തിന് പുറമം, കുതിച്ചുയരുന്ന വിലക്കയറ്റവും മണിക്കൂറുകളോളമുള്ള വൈദ്യുത മുടക്കവും ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചു.കോവിഡ് ശേഷം തുടങ്ങിയ സാമ്പത്തിക അരക്ഷിതാവസ്ഥ ടൂറിസം മേഖലയുടെ തകർച്ചയിലേക്കും നയിച്ചു. വിദേശനാണ്യ ക്ഷാമത്തോടെ അവശ്യവസ്തുക്കളുടെ ഇറക്കുമതിയെയും ബാഘിച്ചു. തുടർന്ന് ഇന്ത്യയടക്കമുള്ള അയൽ രാജ്യങ്ങളിൽ നിന്നാണ് രാജ്യം സാമ്പത്തിക സഹായം നേടിയത്.
Adjust Story Font
16