മലയാളിയുടെ രുചിഭേദങ്ങളെ പരിചയപ്പെടുത്താൻ ബ്രിട്ടണിൽ മലബാർ ഭക്ഷണ മേള
യൂറോപിലെ തന്നെ ഏറ്റവും വലിയ ഭക്ഷണ മേളക്കാണ് നോട്ടിങ്ഹാം വേദിയാകാനൊരുങ്ങുന്നത്
മലയാളിയുടെ രുചിഭേദങ്ങളെ പരിചയപ്പെടുത്താൻ ബ്രിട്ടണിൽ മലബാർ ഭക്ഷണ മേള ഒരുങ്ങുന്നു. ഈസ്റ്റ് മിഡ്ലാൻറ്സ് മലയാളി മുസ്ലിം അസോസിയേഷനാണ് നോട്ടിങ്ഹാമിൽ സ്നേഹ വിരുന്ന് 2022 എന്ന പേരിൽ മലബാർ ഭക്ഷണ മേള സംഘടിപ്പിക്കുന്നത്. മേളയുടെ വെബ്സൈറ്റ് നോട്ടിങ്ഹാം സിറ്റി കൗൺസിൽ മുൻ മേയർ മുഹമ്മദ് സഗീർ പ്രകാശനം ചെയ്തു. മേളയിൽ നിന്നുള്ള പണം സേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനുള്ള നീക്കത്തെ സഗീർ പ്രശംസിച്ചു.
യൂറോപിലെ തന്നെ ഏറ്റവും വലിയ ഭക്ഷണ മേളക്കാണ് നോട്ടിങ്ഹാം വേദിയാകാനൊരുങ്ങുന്നത്. ഈ മാസം ഇരുപത്തിയഞ്ചിനാണ് മേള. ഈസ്റ്റ് മിഡ്ലാൻറ്സ് മലയാളി മുസ്ലിം അസോസിയേഷനൊരുക്കുന്ന മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് മലബാറിൻറെ നാടൻ രുചിഭേദങ്ങളാണ്. സന്ദർശകരാവശ്യപ്പെടുന്ന ഭക്ഷണം തത്സമയം പാകം ചെയ്ത് നൽകുന്ന സ്റ്റാളുകൾ മേളയുടെ മുഖ്യ ആകർഷണമായേക്കും. പൊറോട്ടയും ബീഫും മുതൽ ചായ പഴംപൊരിയും വരെ നീളുന്ന സ്വാദേറുന്ന ഇനങ്ങളാണ് ഭക്ഷണ പ്രിയരെ കാത്തിരിക്കുന്നത്. മേളക്ക് ആതിഥ്യം വഹിക്കാൻ സാധിക്കുന്നതിൽ നോട്ടിങ്ഹാമിന് സന്തോഷമുണ്ടെന്ന് മേളയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്ത നോട്ടിങ്ഹാം മുൻ മേയർ മുഹമ്മദ് സഗീർ അഭിപ്രായപ്പെട്ടു.
മേളയിൽ നിന്ന് സ്വരൂപിക്കുന്ന പണം ബ്രിട്ടണിലും വിദേശത്തുമായി സേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് ഈസ്റ്റ് മിഡ്ലാൻറ്സ് മലയാളി മുസ്ലിം അസോസിയേഷൻറ തീരുമാനം. അസോസിയേഷനിൽ അംഗങ്ങളായ കുടുംബങ്ങളാണ് ഭക്ഷണ വിഭവങ്ങളൊരുക്കുന്നത്. ഉച്ചക്ക് പന്ത്രണ്ട് മുതൽ അഞ്ച് വരെ നടക്കുന്ന മേളയോടനുബന്ധിച്ച്
വിവിധ വിനോദപരിപാടികളും അരങ്ങേറും ബ്രിട്ടണിലെ മലയാളികളും മലയാളികളല്ലാത്തവരും ഒരുപോലെ സന്ദർശകരായെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Adjust Story Font
16