നാട്ടുകാരുടെയെല്ലാം കൈയിൽ 'എ.കെ 47'; സുഡാനുശേഷം മാഹീൻ എത്യോപ്യയില്‍-സാഹസികയാത്ര തുടരുന്നു
നിത്യോപയോഗ വസ്തുക്കളെപ്പോലെയാണ് എത്യോപ്യയില്‍ ആളുകൾ കലാഷ്‌നിക്കോവ് കൊണ്ടുനടക്കുന്നത്. വെടിവയ്പ്പും ആഭ്യന്തരയുദ്ധങ്ങളും കാരണം പലയിടങ്ങളിലും യാത്ര തടസപ്പെട്ടതായി മാഹീന്‍ വെളിപ്പെടുത്തി
അഡിസ് അബാബ: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സുഡാൻ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ നടക്കുന്ന ആഭ്യന്തര യുദ്ധത്തിന്റെ തത്സമയ വിവരങ്ങളുമായി വാർത്തകളിൽ നിറഞ്ഞ മലയാളി വ്‌ളോഗറാണ് തിരുവനന്തപുരം സ്വദേശിയായ മാഹീൻ എസ്. ഹിച്ച്‌ഹൈക്കിങ് യാത്രകളിലൂടെ ശ്രദ്ധേയനായ മാഹീൻ 'സി.എൻ.എൻ' അടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങളിലടക്കം യുദ്ധത്തിന്റെ തത്സമയ റിപ്പോർട്ടിങ്ങുമായി എത്തിയിരുന്നു. സാഹസികയാത്രകളോടുള്ള അടങ്ങാത്ത അഭിനിവേശവുമായി ലോകം ചുറ്റുന്ന യുവാവിനെ യുദ്ധവും സംഘർഷങ്ങളും ഒട്ടും ഉലച്ചിട്ടില്ല. സുഡാനിൽനിന്ന് മറ്റൊരു ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെത്തിയിരിക്കുകയാണ് മാഹീൻ.
ഒരു മലയാളിയുടെ ഉൾപ്പെടെ ജീവനെടുത്ത ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ സുഡാനിലുള്ള ഇന്ത്യക്കാരെ കേന്ദ്ര സർക്കാർ നാട്ടിലെത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഇക്കൂട്ടത്തിൽ സുരക്ഷിതമായി നാട്ടിലണയാൻ നിന്നില്ല മാഹീൻ. തൊട്ടടുത്ത രാജ്യമായ എത്യോപ്യയിലൂടെ ആഫ്രിക്കൻ യാത്ര തുടരുന്നതിനെക്കുറിച്ചായിരുന്നു യുവാവിന്റെ ചിന്ത. ഒടുവിൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കി അദ്ദേഹം എത്യോപ്യയിലേക്ക് കടന്നിരിക്കുകയാണ്.
എന്നാൽ, എത്യോപ്യയിലും കാര്യങ്ങൾ സുരക്ഷിതമല്ലെന്നാണ് സ്വന്തം യൂട്യൂബ് ചാനലായ 'ഹിച്ച്‌ഹൈക്കിങ് നൊമാഡി'ൽ മാഹീൻ വെളിപ്പെടുത്തിയിരിക്കുന്നത്. എരിതീയിൽനിന്ന് വറച്ചട്ടിയിലേക്ക് എടുത്തുചാടിയ അവസ്ഥയാണ്. തുടക്കത്തിൽ തന്നെ വെടിവയ്പ്പും ആഭ്യന്തരയുദ്ധങ്ങളും കാരണം പലയിടങ്ങളിലും യാത്ര തടസപ്പെട്ടതായി വിഡിയോയിൽ അദ്ദേഹം വെളിപ്പെടുത്തി. എത്യോപ്യയുടെ ഗ്രാമീണപ്രദേശങ്ങളിൽനിന്നുള്ള കാഴ്ചകളും ഞെട്ടിപ്പിക്കുന്നതാണ്. സാധാരണക്കാർ പോലും 'എ.കെ 47' പിടിച്ചാണ് നടപ്പ്.
നിത്യോപയോഗ വസ്തുക്കളെപ്പോലെയാണ് ആളുകൾ കലാഷ്‌നിക്കോവ് തോക്കുകൾ കൊണ്ടുനടക്കുന്നത്. തോക്കുകളും സംഘർഷങ്ങളുമെല്ലാം കൗതുകത്തോടെ കാണുന്നയാളാണെങ്കിലും ഇത് ഭയപ്പെടുത്തുന്ന കാഴ്ചയാണെന്ന് മാഹീൻ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചു. കുതിരവണ്ടി മുതൽ ട്രക്കുകളിലും ലോറികളുമെല്ലാമാണ് യുവാവിന്റെ ഹിച്ച്‌ഹൈക്കിങ് യാത്ര പുരോഗമിക്കുന്നത്. ആഭ്യന്തരയുദ്ധ ഭീതി നിലനിൽക്കുന്ന സ്ഥലങ്ങളിൽനിന്ന് യു.എൻ അഭയാർത്ഥി സംഘവും എത്യോപ്യൻ സർക്കാരും സംയുക്തമായി നടത്തുന്ന രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള ബസിലും ഏക വിദേശിയായി മാഹീൻ സഞ്ചരിക്കുന്നുണ്ട്.
ഒറ്റയ്ക്കാണ് മാഹീന്റെ ലോകസഞ്ചാരം. ഓരോ നാട്ടിലും ആളുകളുടെ സഹായത്തോടെ വാഹനങ്ങളോരൊന്നും മാറിക്കയറിയാണ് സാഹസികയാത്ര. 'ഹിച്ച്‌ഹൈക്കിങ്' രീതിയിൽ ഇതിനകം പത്തിലേറെ രാജ്യങ്ങൾ പിന്നിട്ടുകഴിഞ്ഞു ഈ യുവാവ്. കസഖിസ്താനിൽനിന്നു തുടങ്ങിയ യാത്ര ഉസ്‌ബെകിസ്താൻ, താജികിസ്താൻ, അഫ്ഗാനിസ്താൻ, കുർദിസ്താൻ, ഇറാൻ, ഒമാൻ, ജോർദാൻ, സൗദി അറേബ്യ, യു.എ.ഇ, ഇറാഖ്, ബഹ്‌റൈൻ, ഖത്തർ, ഈജിപ്ത്, സുഡാൻ പിന്നിട്ടാണ് ഇപ്പോൾ എത്യോപ്യയിലെത്തിയിരിക്കുന്നത്. യാത്രാനുഭവങ്ങളും കാഴ്ചകളും യൂട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലും പങ്കുവയ്ക്കുന്നുണ്ട്. യൂട്യൂബില്‍ ഏഴു ലക്ഷത്തോളം സബ്സ്‍ക്രൈബര്‍മാരുണ്ട് മാഹീന്. ഇന്‍സ്റ്റഗ്രാമില്‍ മൂന്നു ലക്ഷത്തോളം പേരും പിന്തുടരുന്നു.
ഇതിനിടെ, സുഡാനിൽ തൊട്ടരികെ വെടിപൊട്ടുന്ന കാഴ്ചയും അഫ്ഗാനിസ്താനിൽ താലിബാൻ സൈന്യത്തിന്റെ പിടിയിലായ അനുഭവവും മാഹീനു നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ, ഈ അനുഭവങ്ങളെല്ലാം അടുത്ത സാഹസികയാത്രയിലേക്ക് ഇറങ്ങിത്തിരിക്കാൻ കൂടുതൽ പ്രോത്സാഹനം മാത്രമാണ് മാഹീനു നൽകുന്നത്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: മാഹീന്‍റെ യൂട്യൂബ് ചാനല്‍ 'ഹിച്ച്‌ഹൈക്കിങ് നൊമാഡ്'
Summary: After traveling in civil war-torn Sudan, Malayalee vlogger Maheen S continues his adventure through Ethiopia.
Adjust Story Font
16