Quantcast

മുഖംമൂടിയിട്ട് സ്വന്തം മകനെ കത്തിമുനയിൽ നിർത്തി പണം തട്ടാൻ ശ്രമം; ഒടുവിൽ മാപ്പ്; പിതാവ് അറസ്റ്റിൽ

പ്രതിയെ 26 മാസത്തെ തടവിന് ശിക്ഷിച്ച ജഡ്ജി, ഇതൊരു അസാധാരണ സംഭവമാണെന്നും ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Updated:

    2023-03-12 12:57:59.0

Published:

12 March 2023 12:55 PM GMT

Man Arrested For Attempts To Rob His Own Son At Knifepoint
X

ഗ്ലാസ്​ഗോ: എ.ടി.എമ്മിൽ നിന്ന് പണമെടുത്ത് ഇറങ്ങിയ കൗമാരക്കാരന് നേരെ കത്തിചൂണ്ടി പണം തട്ടാൻ ശ്രമിച്ചയാൾ പെട്ടു. പണം തട്ടാൻ ശ്രമിച്ചത് സ്വന്തം മകനിൽ നിന്ന് തന്നെ. ഇക്കാര്യം തിരിച്ചറിഞ്ഞതോടെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്നീട് അറസ്റ്റിലായി. സ്കോട്ട്ലൻഡിലെ ​ഗ്ലോസ്​ഗോയിലെ ക്രാൻഹില്ലിലാണ് സംഭവം.

മുഖംമൂടിയിട്ട് എ.ടി.എമ്മിനു പുറത്ത് കാത്തുനിന്നായിരുന്നു 45കാരന്റെ കവർച്ചാ ശ്രമം. ഇരയായ 17കാരൻ തന്റെ വീടിനടുത്തുള്ള എ.ടി.എമ്മിൽ നിന്ന് അക്കൗണ്ടിലുണ്ടായിരുന്ന 10 പൗണ്ട് (986 രൂപ) പിൻവലിക്കുകയായിരുന്നു. ഈ സമയം മുഖംമൂടിയും ഇരുണ്ട വസ്ത്രവും ധരിച്ച ഒരാൾ സമീപത്ത് പതിയിരിക്കുന്നതായി കുട്ടി കണ്ടു.

ഇടത്തേക്ക് തിരിഞ്ഞപ്പോൾ, മുഖംമൂടി ധരിച്ചയാൾ ഒരു വലിയ കത്തി 17കാരന്റെ മുഖത്ത് അമർത്തി വച്ച് പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് പ്രോസിക്യൂട്ടർ കാരി സ്റ്റീവൻസ് പറഞ്ഞു. ഇതോടെ, തനിക്ക് പരിചയമുള്ള ശബ്ദമാണല്ലോ എന്ന് ആൺകുട്ടിക്ക് മനസിലായി. ശബ്ദം വീണ്ടും ഉയർന്നതോടെ അത് പിതാവാണെന്ന് 17കാരൻ തിരിച്ചറിഞ്ഞു. അവൻ സ്തംഭിച്ചുപോയി.

ഇതോടെ, 'നിങ്ങൾ കാര്യമായി പറയുകയാണോ? ‍ഞാൻ ആരാണെന്ന് നിങ്ങൾക്കറിയാമോ?' എന്ന് അവൻ അയാളോട് ചോദിച്ചു. എന്നാൽ, ആരാണെങ്കിലും കുഴപ്പമില്ലെന്ന് മോഷ്ടാവ് പറഞ്ഞപ്പോൾ കുട്ടി അയാളുടെ മുഖംമൂടി വലിച്ചൂരി, 'നിങ്ങൾ എന്താണ് ചെയ്യുന്നത്' എന്ന് ചോദിച്ചു. ഇതോടെ, മാപ്പ് പറഞ്ഞ പിതാവ് ആരോടും പറയരുതെന്നും പറഞ്ഞു.

എന്നാൽ, ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിയ മകൻ പൊലീസിനെ അറിയിക്കുന്നതിന് മുമ്പ് സംഭവം വീട്ടുകാരോട് പറഞ്ഞു. പിന്നാലെ പൊലീസിനെ അറിയിക്കുകയും ചെയ്തു. കുറ്റം സമ്മതിച്ച പ്രതി‌ 'മകനാണ് ക്യാഷ് മെഷീനിൽ ഉണ്ടായിരുന്നതെന്ന് തനിക്കറിയില്ലായിരുന്നു' എന്നും അവകാശപ്പെട്ടു. സംഭവത്തിൽ, പ്രതിയെ 26 മാസത്തെ തടവിന് ശിക്ഷിച്ച ജഡ്ജി, ഇതൊരു അസാധാരണ സംഭവമാണെന്നും ചൂണ്ടിക്കാട്ടി.

TAGS :

Next Story