ടിക് ടോക്ക് ലൈവ് സ്ട്രീമിനിടെ ഭാര്യയെ മർദിച്ചു; യുവാവിന് ഒരു വർഷം തടവ്
ഭർത്താവിനെതിരെ പരാതി നല്‍കാന്‍ യുവതി വിസമ്മതിച്ചിരുന്നു
മാഡ്രിഡ്: ടിക് ടോക്ക് ലൈവ് സ്ട്രീമിനിടെ ഭാര്യയെ തല്ലിച്ചതച്ച സ്പാനിഷ് യുവാവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. വടക്കൻ നഗരമായ സോറിയയിലെ കോടതി ഭർത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. അതേസമയം,ഭർത്താവിനെതിരെ പരാതി നൽകാൻ ഭാര്യ തയ്യാറായില്ല. ഭാര്യയുടെ 300 മീറ്റർ (1,000 അടി) പരിധിയിൽ വരുന്നതും അവളുമായി മൂന്ന് വർഷത്തേക്ക് ആശയവിനിമയം നടത്തുന്നതും കോടതി വിലക്കിയിട്ടുണ്ട്.
ജനുവരി 28 ന് അതിരാവിലെയാണ് സംഭവം നടന്നത്. യുവാവ് ഭാര്യയുടെ മുഖത്ത് അടിക്കുന്നതും തല കറങ്ങുന്നതും അവൾ പൊട്ടിക്കരയുന്നതുമായ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. 'പ്രതി തന്റെ ഭാര്യയെ പരസ്യമായി ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ വെച്ചാണ് മർദിച്ത്. പൊതുസ്ഥലത്ത് അപമാനിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതി ഭാര്യയെ മർദിച്ചതെന്നും കോടതി വിധിച്ചു.
ഭാര്യ പരാതി നൽകിയില്ലെങ്കിലും ലിംഗാതിക്രമ കുറ്റകൃത്യങ്ങളിൽ ഇരയുടെ പരാതിയുടെ ആവശ്യമില്ലെന്നും കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാൽ ശിക്ഷിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. ഭർത്താവിനെതിരെ ആരോപണം ഉന്നയിക്കാനും വിചാരണ വേളയിൽ ഭർത്താവിനെതിരെ നിലപാട് എടുക്കാനും യുവതി വിസമ്മതിച്ചിരുന്നു. അതേസമയം,നേരത്തെയും ഇവർ തമ്മിൽ തർക്കങ്ങളുണ്ടാകുകയും പൊലീസ് ഇടപെട്ട് അത് പരിഹരിക്കുകയും ചെയ്തിരുന്നെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ഗാർഹിക പീഡനത്തിനെതിരെ കർശമായ നിലപാടാണ് സ്പാനിഷ് ഗവൺമെന്റുകൾ സ്വീകരിച്ചിട്ടുള്ളത്.
Adjust Story Font
16