Quantcast

ആശുപത്രി ബില്ലടയ്ക്കാൻ പണമില്ല; ചികിത്സയിലായിരുന്ന ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് 75കാരൻ

ഭാര്യയുടെ ശബ്ദം പുറത്തുകേൾക്കാതിരിക്കാനായി മൂക്കും വായും പൊത്തിപ്പിടിച്ചായിരുന്നു കൊലപാതകം.

MediaOne Logo

Web Desk

  • Published:

    7 May 2024 4:28 PM GMT

Man killed hospitalised wife because he couldnt afford the bill
X

വാഷിങ്ടണ്‍: ആശുപത്രിയിലെ ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്. അമേരിക്കയിലെ മുസോരി സെന്റര്‍ പോയിന്റ് മെഡിക്കല്‍ സെന്ററിൽ വെള്ളിയാഴ്ച രാത്രി 11.30നാണ് സംഭവം. കൻസാസ് സിറ്റി സ്വദേശിയായ റോണി വിഗ്‌സ് എന്ന 75കാരനാണ് ഡയാലിസിസിന് വിധേയായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയത്.

ഭാര്യയുടെ ശബ്ദം പുറത്തുകേൾക്കാതിരിക്കാനായി മൂക്കും വായും പൊത്തിപ്പിടിച്ചായിരുന്ന കൊലപാതകം. താന്‍ വിഷാദ രോഗിയായിരുന്നെന്നും ഭാര്യയെ ശുശ്രൂഷിക്കാനും മെഡിക്കൽ ബില്ലുകൾ താങ്ങാനും കഴിയാത്തതിനാലാണ് അവരെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

അർധരാത്രിയോടെ, പൊലീസിന് ഒരു ഫോൺ കോൾ ലഭിക്കുകയും ഒരു സ്ത്രീയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഐസിയുവിലേക്ക് വരാൻ പറയുകയുമായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും ആശുപത്രി ജീവനക്കാർക്ക് കൊലപാതകിയെ മനസിലായിരുന്നു. 'ഞാനത് ചെയ്തു. ഞാൻ അവളെ കൊന്നു. ഞാൻ അവളെ ശ്വാസം മുട്ടിച്ചു'- എന്ന് റോണി പറയുന്നത് കേട്ടതായി അവർ പൊലീസിനെ അറിയിച്ചു.

റോണിയെ ഉടൻ തന്നെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇതിനുമുമ്പും പല തവണ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകി.

മുമ്പ് ഭാര്യയെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നപ്പോഴും കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് ഭാര്യ ഉണർന്ന് ഇനി ഇതാവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയിരുന്നു. മറ്റൊരു പ്രാവശ്യം ചികിത്സയിലായിരുന്നപ്പോള്‍ കൊല്ലാന്‍ ശ്രമിച്ചങ്കിലും നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് ശ്രമം വിഫലമായതെന്നും പ്രതി വ്യക്തമാക്കി.

TAGS :

Next Story