പാർക്കിൽ കളിക്കുന്ന കുട്ടികൾക്ക് നേരെ കത്തിവീശി ആക്രമണം; പിഞ്ചുകുട്ടികൾപ്പെടെ ആറുപേർക്ക് പരിക്ക്
പരിക്കേറ്റ മൂന്നുവയസുള്ള രണ്ടുകുട്ടികളുടെയും മുതിർന്ന ഒരാളുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ
പാരിസ്: ഫ്രഞ്ച് ആൽപ്സിലെ തടാകക്കരയിൽ കളിച്ചുകൊണ്ടിരുന്ന പ്രീ-സ്‌കൂൾ കുട്ടികളെ കത്തിക്കൊണ്ട് ആക്രമിച്ചു. നാല് പിഞ്ചുകുഞ്ഞുങ്ങടക്കം ആറുപേർക്ക് പരിക്കേറ്റു. സിറയിൻ അഭയാർഥിയായ അബ്ദൽമാഷി (31) ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടി. 22 മാസം മുതൽ മൂന്നുവയസുവരെയുള്ള കുട്ടികളെയാണ് ഇയാൾ ആക്രമിച്ചത്. പരിക്കേറ്റ മൂന്നുവയസുള്ള രണ്ടുകുട്ടികളുടെയും മുതിർന്ന ഒരാളുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
സ്വിറ്റ്സർലൻഡിന്റെ അതിർത്തിയോട് ചേർന്നുള്ള ഫ്രഞ്ച് ആൽപ്സിലെ മനോഹരമായ ഒരു നഗരമാണ് അനെസി. ഇവിടെ കുട്ടികളുമായെത്തിയവർക്ക് നേരെയാണ് അക്രമി കത്തിയുമായി ആക്രമണം നടത്തിയത്. കുട്ടികളെ രക്ഷിക്കുന്നതിനിടെയിലാണ് മുതിർന്നവർക്കും പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 9.45 ഓടെയാണ് ആക്രമണം.കുട്ടികളെ ഇയാൾ പല തവണ കുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ എല്ലാവരും അഞ്ചുവയസിൽ താഴെയുള്ളവരാണ്.
ആക്രമണം ഞെട്ടിക്കുന്നതായിരുന്നെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു. പരിക്കേറ്റ കുടുംബങ്ങൾക്ക് എല്ലാ സഹായവും ചെയ്യുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. സംഭവത്തിൽ പാർലമെന്റ് ഒരുമിനിറ്റ് മൗനം ആചരിച്ചു. അക്രമിയുടെ ലക്ഷ്യമെന്തായിരുന്നെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Adjust Story Font
16