എവിടെ വച്ച് വെടിയേറ്റോ അവിടെ നിന്നുതന്നെ അടുത്ത ദിവസം റാലി പുനരാരംഭിക്കും; ഇമ്രാൻ ഖാൻ
ആക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
ഇസ്‌ലാമാബാദ്: തനിക്ക് എവിടെ വച്ച് വെടിയേറ്റോ അവിടെ നിന്ന് തന്നെ അടുത്ത ദിവസം ലോങ് മാർച്ച് പുനരാരംഭിക്കുമെന്ന് വെടിയേറ്റ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വസീറാബാദിൽ താൻ ആക്രമിക്കപ്പെട്ട സ്ഥലത്തുവച്ച് തന്നെ ചൊവ്വാഴ്ച റാലി വീണ്ടും തുടങ്ങുമെന്ന് ലാഹോറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു.
'എനിക്കും മറ്റ് 11 പേർക്കും വെടിയേറ്റ, മുഅസ്സം എന്ന പ്രവർത്തകൻ രക്തസാക്ഷിയായ വസീറാബാദിലെ അതേയിടത്തു നിന്നുതന്നെ ഞങ്ങൾ ചൊവ്വാഴ്ച മാർച്ച് പുനരാംരഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മാർച്ചിനെ ഞാൻ തന്നെ അഭിസംബോധന ചെയ്യും. 10-14 ദിവസത്തിനുള്ളിൽ മാർച്ച് റാവൽപിണ്ടിയിൽ എത്തും'- ഖാൻ വ്യക്തമാക്കി.
'മാർച്ച് റാവൽപിണ്ടിയിൽ എത്തുന്നതോടെ താനും അതിനൊപ്പം ചേരുകയും തുടർന്ന് മുന്നിൽ നിന്ന് നയിക്കുകയും ചെയ്യും'- അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
വ്യാഴാഴ്ചയാണ് വസീറാബാദിൽ ലോങ് മാർച്ചിനിടെ ഇമ്രാൻ ഖാന് വെടിയേറ്റത്. അദ്ദേഹത്തിന്റെ കാലിനാണ് വെടിയേറ്റത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് മുൻ പ്രധാനമന്ത്രി.
തനിക്കെതിരെ നടന്നത് ആസൂത്രിത വധശ്രമം ആണെന്ന് ആശുപത്രിയിൽ കഴിയവെ ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. അതേസമയം, വെടിയച്ചയാൾ പിടിയിലായിരുന്നു. സംഭവസ്ഥലത്ത് വച്ച് തഹ്‌രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകർ തന്നെയാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ പലവട്ടം വെടിയുതിർത്തതോടെ ഒരാൾ കൊല്ലപ്പെടുകയും ഇംറാനടക്കമുള്ളവർക്ക് പരിക്കേൽക്കുകയുമായിരുന്നു. സർക്കാരിനെതിരെയുള്ള പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി റാലിക്കിടെയാണ് ഇംറാന് വെടിയേറ്റത്.
350 കിലോമീറ്റർ ദൂരത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചിരുന്നത്. നവംബർ നാലോടെ തലസ്ഥാനമായ ഇസ്‌ലാമാബാദിലെത്തുമെന്നായിരുന്നു പ്രതീക്ഷ. കിലോമീറ്ററുകളോളം നീളുന്ന വാഹനവ്യൂഹത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തിരുന്നത്.
Adjust Story Font
16