'രണ്ടുകൂട്ടരും പോകുന്നത് ഒരേ സ്കൂളില്‍'; മോദി-അമിത് ഷാ പരിഹാസത്തിലുറച്ച് ടെന്നീസ് ഇതിഹാസം മാർട്ടിന നവ്‍രതിലോവ
2016ൽ ജെഎൻയു വിദ്യാർത്ഥികൾക്കുനേരെ നടന്ന ഭരണകൂട വേട്ടയ്‌ക്കെതിരെയും അമേരിക്കന്‍ ടെന്നീസ് ഇതിഹാസം മാർട്ടിന നവ്‍രതിലോവ പ്രതികരിച്ചിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ചതിലുറച്ച് ടെന്നീസ് ഇതിഹാസം മാർട്ടിന നവ്‍രതിലോവ. ട്വിറ്ററിലാണ് താരം അമിത്ഷായുടെ പ്രസ്താവന പങ്കുവച്ച് പരിഹസിച്ചത്. ഇതിനു പിറകെ നടന്ന സംഘ്പരിവാർ സൈബർ ആക്രമണത്തിലും അവര്‍ ട്വീറ്റ് പിന്‍വലിച്ചില്ല. ഇന്ത്യയിലെയും അമേരിക്കയിലെയും വലതുപക്ഷക്കാരെല്ലാം ഒരേ സ്‌കൂളിലാണ് പോകുന്നതെന്നും അവര്‍ പ്രതികരിച്ചു.
നരേന്ദ്ര മോദി ഏകാധിപതിയായിരുന്നില്ലെന്നും രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയാണെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന. എന്‍റെ അടുത്ത തമാശയിതാ എന്നു കുറിച്ചായിരുന്നു അമേരിക്കൻ താരം വാർത്ത റീട്വീറ്റ് ചെയ്തത്. ഗുജറാത്ത് മുഖ്യമന്ത്രി പദവി മുതൽ പ്രധാനമന്ത്രി സ്ഥാനം വരെയുള്ള മോദി ഭരണത്തിന്‍റെ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ചാനലായ സൻസദ് ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ അഭിപ്രായപ്രകടനം.
സംഘ്പരിവാർ അനുകൂല അക്കൗണ്ടുകളിൽനിന്ന് കടുത്ത വിമർശനമുയർന്നിട്ടും അവർ അഭിപ്രായത്തിൽ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇന്ത്യയിൽ വലതുപക്ഷക്കാരുടെ ട്രോളിനിരയാകാൻ പോകുകയാണ് മാർട്ടിനയെന്ന മാധ്യമപ്രവർത്തകൻ ഉസൈർ റിസ്‌വിയുടെ ട്വീറ്റിനോട് പ്രതികരിച്ചായിരുന്നു അവർ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിലെയും അമേരിക്കയിലെയും വലതുപക്ഷ സംഘങ്ങളുടെ ട്രോളിനിരയാകുന്ന സെലിബ്രിറ്റികളുടെ പട്ടികയിൽ മാര്‍ട്ടിനയും ഇടംപിടിച്ചിരിക്കുകയാണെന്ന് റിസ്‌വി ട്വീറ്റ് ചെയ്തു. ഇക്കാര്യത്തിൽ അവരുടെ അഭിപ്രായം എന്താണെന്ന് അറിയില്ല! സമാന അഭിപ്രായമാണോ എന്തെങ്കിലും വിയോജിപ്പുണ്ടോ എന്നൊന്നും അറിയില്ലെന്നും ഉസൈർ റിസ്‌വി ട്വീറ്റിൽ പറഞ്ഞു. എന്നാൽ, അമേരിക്കയിലെ വലതുപക്ഷ ട്രോളുകളെപ്പോലെത്തന്നെയാണ് ഇതുമെന്നായിരുന്നു മാർട്ടിനയുടെ പ്രതികരണം. രണ്ടുകൂട്ടരും ഒരേ സ്‌കൂളിലാണ് പോകുന്നതെന്നാണ് തോന്നുന്നതെന്നും ഒരു ആശങ്കയുമില്ലെന്നും മാർട്ടിന വ്യക്തമാക്കി.
And for my next joke …😳🤡 https://t.co/vR7i5etQcv
— Martina Navratilova (@Martina) October 10, 2021
ഇതിനുമുൻപും മോദി സർക്കാരിനെതിരെ മാർട്ടിന നവരതിലോവ പ്രതികരിച്ചിരുന്നു. 2016ൽ ജെഎൻയു വിദ്യാർത്ഥികൾക്കുനേരെ നടന്ന ഭരണകൂട വേട്ടയ്‌ക്കെതിരെയാണ് താരം ട്വിറ്ററിൽ പ്രതികരിച്ചത്. ഇതിന്റെ പേരിൽ സംഘ്പരിവാർ അനുകൂലികളുടെ ശക്തമായ സൈബർ ആക്രമണത്തിനുമിരയായിരുന്നു മാർട്ടിന. കർഷക സമരവുമായി ബന്ധപ്പെട്ട് ഗായിക റിഹാന്നയുടെ ഇടപെടലും ഏറെ കോളിളക്കമുണ്ടാക്കി.
Martina is going to be bombarded by right wing in India; she joins the list of foreign celebs to be trolled by right wing in US & India. Wonder what she makes of it, any difference or similarities?
— Uzair Rizvi (@RizviUzair) October 10, 2021
മോദി ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നയാളാണെന്ന പ്രചാരണം അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനായി എതിരാളികൾ പടച്ചുണ്ടാക്കിയതാണെന്ന് അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു. മോദി ചില സാഹസങ്ങൾക്കൊക്കെ മുതിരാറുണ്ടെന്നത് യാഥാർത്ഥ്യമാണ്. അച്ചടക്കം പാലിക്കാൻ നിർദേശിക്കാറുമുണ്ട്. എന്നാൽ, സർക്കാരുമായും സർക്കാർ നയങ്ങളുമായും ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ ഒരിക്കലും സ്വന്തം താൽപര്യങ്ങൾ മറ്റുള്ളവർക്കുമേൽ അടിച്ചേർപ്പിക്കാറില്ല. വെറും ഭരണം നിർവഹിക്കാൻ മാത്രമല്ല, ഇന്ത്യയുടെ നി ർമാണത്തിനു കൂടിയാണ് നമ്മൾ വന്നിട്ടുള്ളതെന്നാണ് മോദി വിശ്വസിക്കുന്നത്. അക്കാര്യം അദ്ദേഹം നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്-അഭിമുഖത്തിൽ ഷാ പറഞ്ഞു.
നോട്ടുനിരോധനവും കശ്മീരിന്റെ ഭരണഘടനാ പദവിയും മുത്തലാഖും റദ്ദാക്കിയതുമെല്ലാം മോദിയുടെ ധീരമായ തീരുമാനങ്ങളായിരുന്നുവെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. സർജിക്കൽ ആക്രമണം ഒരു അമേരിക്കൻ ആശയമായിരുന്നെന്നും എന്നാൽ, നരേന്ദ്ര മോദി അധികാരത്തിലേറുന്നതിനു മുൻപ് അതൊരു അസാധ്യമായ കാര്യമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Adjust Story Font
16