ഗസ്സയെ കാത്തിരിക്കുന്നത് കൂട്ടമരണങ്ങളാണെന്ന് യുഎൻ മുന്നറിയിപ്പ്
ലോകം ഗസ്സയെ ഒറ്റപ്പെടുത്തുകയും ഗസ്സക്കാരോട് മുഖം തിരിക്കുകയും ചെയ്യുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ കമ്മീഷണർ ജനറൽ
ഗസ്സ സിറ്റി: ഗസ്സയെ അടുത്ത മണിക്കൂറുകളിൽ കാത്തിരിക്കുന്നത് കൂട്ടമരണങ്ങളായിരിക്കുമെന്ന് യുഎന്നിന്റെ മുന്നറിയിപ്പ്. വെള്ളവും ഭക്ഷണവും ഇന്ധനവും മിക്ക ഇടങ്ങളിലും തീർന്നതോടെയാണ് യുഎൻ മുന്നറിയിപ്പ് നൽകിയത്. അടിയന്തര ഇടപെടലുണ്ടാകണമെന്നും യുഎൻ പറഞ്ഞു. ലോകം തന്നെ ഗസ്സയെ ഒറ്റപ്പെടുത്തുകയും ഗസ്സക്കാരോട് മുഖം തിരിക്കുകയും ചെയ്യുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി കുറ്റപ്പെടുത്തി.
വെറും 10 ട്രക്കുകളാണ് റഫ അതിർത്തി വഴി ഗസയിലെത്തിയത്. 10 വിദേശ ഡോക്ടർമാരുടെ സംഘം റഫാ അതിർത്തി വഴി ഇന്ന് ഗസ്സയിലെത്തി. 21 ലക്ഷം വരുന്ന ജനങ്ങൾക്ക് ആവശ്യമായതിന്റെ ഒരു തരിപോലും സഹായം ഇപ്പോൾ റഫ അതിർത്തിവഴി എത്തുന്നില്ലെന്ന് ഗസ്സയിലെ വിവിധ സന്നദ്ധസംഘടനകൾ പറയുന്നു. അതിനിടെ, ഖത്തറിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ സജീവമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.
അതിനിടെ, ഇതുവരെ കൊല്ലപ്പെട്ട ഏഴായിരത്തിലേറെ ആളുടെ പേരുവിവരങ്ങൾ ഗസ്സയിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. ബൈഡന് മറുപടിയായാണ് ഇതുവരെ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങളും രജിസ്‌ട്രേഷൻ നമ്പറുകളും ഗസ്സയിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. ഗസ്സയിലെ മരണക്കണക്കിൽ വിശ്വാസമില്ല എന്നായിരുന്നു ബൈഡന്റെ വാക്കുകൾ. അതിനിടെ, കൊല്ലപ്പെട്ടവരിൽ 41 ശതമാനം കുട്ടികളാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 24 മണിക്കൂറിനിടെ 481 പേരാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സയിലാകെ 7326 പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഫലസ്തീൻ പ്രതിസന്ധിയുടെ തുടക്കം ഒക്ടോബർ ഏഴിനല്ലെന്നും കരയുദ്ധത്തിലൂടെ ഗസ്സയിൽ അധിനിവേശം നടത്തിയാൽ തീരുന്നതുമല്ല അതെന്നും ഐറിഷ് പ്രധാനമന്ത്രി പറഞ്ഞു. അതിനിടെ, വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ വിട്ടുനൽകുന്നതിൽ ചർച്ചയില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഹമാസിന്റെ കൈവശമുളളത് 229 ബന്ദികളാണെന്നാണ് ഇസ്രയേൽ പറയുന്നത്.
Mass deaths await in Gaza, UN warns
Adjust Story Font
16