വിവാദ ജുഡീഷ്യൽ ബില്ലിനെതിരെ ഇസ്രായേലിൽ പ്രതിഷേധം ശക്തം; നെതന്യാഹു ആശുപത്രിയിൽ
ബില്ലിൽ അവസാന വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്.
ജറുസലേം: നീതിന്യായ സംവിധാനത്തിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിനെചൊല്ലി ഇസ്രായേലിൽ ബെഞ്ചമിന്‍ നെതന്യാഹു സർക്കാറിനെതിരെ പ്രതിഷേധം ശക്തം. പതിനായിരക്കണക്കിന് ഇസ്രായേലികള്‍ ജറുസലേമിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ടെൽ അവീവിലും പ്രതിഷേധക്കാർ ഒത്തുകൂടി. ബില്ലിൽ അവസാന വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്.
മന്ത്രിതല തീരുമാനങ്ങളെ അസാധുവാക്കുന്നതിന് സുപ്രിംകോടതിയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്നതാണ് ബിൽ. അഴിമതിയും അയോഗ്യരായ വ്യക്തികളെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കുന്നതും തടയുന്നതിന് സുപ്രിംകോടതിക്കുള്ള അധികാരമാണ് ബിൽ പാസായാൽ ഇല്ലാതാകുന്നത്. ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമനിർമാണത്തിനെതിരെ മന്ത്രിസഭയിലടക്കം കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പേസ്‌മേക്കര്‍ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപ് നിര്‍ജലീകരണത്തെത്തുടര്‍ന്ന് നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നെതന്യാഹുവിന്റെ അഭാവത്തിൽ നിയമമന്ത്രി യാറിവ് ലെവിനാണ് ആക്ടിങ് പ്രധാനമന്ത്രി.
Adjust Story Font
16