ഫലസ്തീനികളെ ഭീകരവാദികളാക്കി ഇൻസ്റ്റഗ്രാമിന്റെ 'കടുംകൈ'; മാപ്പുപറഞ്ഞ് മെറ്റ
വലിയ പ്രതിഷേധം ഉയർന്നതോടെയാണു മുഖം രക്ഷിക്കാനായി മെറ്റയുടെ ഇടപെടൽ
വാഷിങ്ടൺ: ഫലസ്തീനികളുടെ ഇൻസ്റ്റഗ്രാം ബയോയിൽ ഭീകരവാദി എന്നു ചേർത്ത സംഭവത്തിൽ മാപ്പുപറഞ്ഞ് മാതൃ കമ്പനിയായ മെറ്റ. അറബിയിൽനിന്നുള്ള മൊഴിമാറ്റത്തിൽ സംഭവിച്ച പിഴവാണെന്നാണ് കമ്പനിയുടെ വിശദീകരണം. സംഭവത്തിൽ മാപ്പുചോദിക്കുകയാണെന്നും മെറ്റ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനെ പിന്തുണയ്ക്കുകയും ഗസയിൽനിന്നുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന പ്രൊഫൈലുകൾക്കെതിരെ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും കൂട്ടത്തോടെ നടപടി സ്വീകരിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. പോസ്റ്റുകൾ നീക്കം ചെയ്യുകയും അക്കൗണ്ടുകൾ റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുവെന്നാണു പരാതിയുള്ളത്. ഇതിനു പിന്നാലെയാണ് ഫലസ്തീനികളുടെ ഇൻസ്റ്റഗ്രാം ബയോയിൽ വ്യാപകമായി ഭീകരവാദി എന്നു ചേർത്തതായും കണ്ടെത്തിയത്.
ഫലസ്തീനിയൻ എന്നും അൽഹംദുലില്ലാഹ് എന്നും അറബിയിൽ ചേർത്ത ഒരു ബയോ 'ദൈവത്തിനു സ്തുതി, ഫലസ്തീൻ ഭീകരവാദികൾ അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണു പോരാടുന്നത്' എന്നായിരുന്നു ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ കാണുന്നത്. മറ്റൊരു അക്കൗണ്ടിൽ ഫലസ്തീൻ ഭീകരവാദികൾ എന്നും ദൈവത്തിനു സ്തുതി എന്നുമാണു ചേർത്തിട്ടുള്ളത്.
സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെയാണു മുഖം രക്ഷിക്കാനായി മെറ്റയുടെ ഇടപെടൽ. തങ്ങളുടെ ചില ഉൽപന്നങ്ങളിൽ തെറ്റായ അറബി വിവർത്തനത്തിനിടയാക്കിയ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്ന് മെറ്റ വാർത്താകുറിപ്പിൽ വ്യക്തമാക്കി. സംഭവത്തിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. ഇസ്രായേൽ-ഹമാസ് യുദ്ധത്തിനു പിന്നാലെ ഞങ്ങളുടെ അക്കൗണ്ടുകളിൽ പ്രചരിച്ച അപകടകരമായ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യാനുള്ള പല തരത്തിലുള്ള നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ, തങ്ങൾ ബോധപൂർവം ആരുടെയെങ്കിലും ശബ്ദം അടിച്ചമർത്തുന്നതായുള്ള ആരോപണത്തിൽ ഒരു യാഥാർത്ഥ്യവുമില്ലെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
Summary: Instagram apologises after adding 'terrorist' into some Palestinian profiles' bios
Adjust Story Font
16