ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ മുക്കി 'മെറ്റ'; അപമാനകരമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
ആയിരത്തിലധികം കേസുകള്‍ പഠന വിധേയമാക്കിയാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്
ഫലസ്തീന് നേരെ ഇസ്രായേല്‍ തുടരുന്ന നരനായാട്ടിനിടെ സോഷ്യല്‍ മീഡിയയിലെ ഭീമന്‍മാരായ 'മെറ്റ' ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ വ്യവസ്ഥാപിതമായി സെന്‍സര്‍ ചെയ്യുന്നതായി ഹ്യൂമന്‍ റൈറ്‌സ് വാച്ച് റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ ഉടമകളായ 'മെറ്റ' ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ പിന്‍വലിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'തെറ്റായ ഉള്ളടക്കം', 'മോശം രീതിയില്‍ നടപ്പാക്കല്‍', 'അനാവശ്യ സര്‍ക്കാര്‍ സ്വാധീനം' എന്നിവ പറഞ്ഞാണ് പോസ്റ്റുകള്‍ പിന്‍വലിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഫലസ്തീന്‍ ജനതയുടെ ആവിഷ്‌കാരങ്ങള്‍ ഞെരിച്ചുകൊണ്ടിരിക്കുകയും അവര്‍ക്ക് നേരെ അതിക്രമങ്ങളും അടിച്ചമര്‍ത്തലും നടക്കുകയും ചെയ്യുന്ന സമയത്ത് ഫലസ്തീനെ പിന്തുണക്കുന്ന പോസ്റ്റുകള്‍ മെറ്റ സെന്‍സര്‍ ചെയ്യുന്നത് ഏറെ അപമാനകരമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ആക്ടിങ് അസോസിയേറ്റ് ടെക്‌നോളജി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് ഡയറക്ടര്‍ ഡെബോറ ബ്രൗണ്‍ പറഞ്ഞു.
ആളുകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനും അക്രമങ്ങള്‍ക്കെതിരെ സംസാരിക്കാനും സോഷ്യല്‍ മീഡിയ ഏറെ അനിവാര്യമാണ്. എന്നാല്‍ മെറ്റയുടെ സെന്‍സര്‍ഷിപ്പ് ഫലസ്തീനികളുടെ വേദനകളെ മറക്കുകയാണെന്ന് ബ്രൗണ്‍ കൂട്ടിച്ചേര്‍ത്തു.
60 രാജ്യങ്ങളില്‍നിന്നായി ആയിരത്തിലധികം കേസുകള്‍ പഠന വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഫലസ്തീനികളുടെ കഷ്ടപ്പാടുകളും മരണവുമെല്ലാം വ്യക്തമാക്കുന്ന വാര്‍ത്താപ്രാധാന്യമുള്ള നിരവധി പോസ്റ്റുകളാണ് മെറ്റ ഇല്ലാതാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
'അക്രമവും ഗ്രാഫിക് ഉള്ളടക്കവും', 'അക്രമത്തെ പ്രേരിപ്പിക്കല്‍', 'വിദ്വേഷ പ്രസംഗം', 'നഗ്‌നതയും ലൈംഗിക പ്രവര്‍ത്തനവും' എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മെറ്റ ഈ സെന്‍സറിങ്ങിനെ ന്യായീകരിക്കുന്നത്. 'അപകടകാരികളായ സംഘടനകളും വ്യക്തികളും' എന്ന കാരണം ചൂണ്ടിക്കാട്ടിയും നൂറുകണക്കിന് പോസ്റ്റുകള്‍ മെറ്റ ഒഴിവാക്കി.
കൂടാതെ പല അക്കൗണ്ടുകളും ഡിലീറ്റ് ചെയ്യുകയോ താല്‍ക്കാലികമായി റദ്ദാക്കുകയോ ഉപയോഗം പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. അക്കൗണ്ട് യൂസര്‍മാരെ അറിയിക്കാതെയാണ് മെറ്റ ഇത് ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ സെന്‍സര്‍ ചെയ്ത സംഭവത്തില്‍ മൂന്നിലൊന്ന് കേസുകളിലും അപ്പീല്‍ പോകാന്‍ പോലും ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞിട്ടില്ല.
അതേസമയം, യുദ്ധം പത്താഴ്ച പിന്നിട്ടിരിക്കുകയാണ്. ഇരുപതിനായിരത്തിലധികം പേരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടത്.
Adjust Story Font
16