'ഫലസ്തീൻ അനുകൂല ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നീക്കാന്‍ ആവശ്യപ്പെട്ടു'; മെറ്റയുടെ ഇസ്രായേൽ നയ മേധാവിക്കെതിരെ റിപ്പോര്‍ട്ട്
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൊടും ക്രൂരതയ്‌ക്കെതിരെ ശബ്ദമുയർത്തിയ സ്റ്റുഡന്റ്‌സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീനുമായി ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം പോസ്റ്റുകളടക്കം സെൻസർ ചെയ്യാൻ മെറ്റയ്ക്ക് ജോർദാന നിർദേശം നൽകിയതായാണ് റിപ്പോർട്ട്
വാഷിങ്ടൺ: ഇസ്രായേൽ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയുടെ ഇസ്രായേൽ പോളിസി മേധാവി ജോർദാന കട്‌ലർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൊടും ക്രൂരതയ്‌ക്കെതിരെ ശബ്ദമുയർത്തിയ സ്റ്റുഡന്റ്‌സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീനുമായി ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം പോസ്റ്റുകളടക്കം സെൻസർ ചെയ്യാൻ മെറ്റയ്ക്ക് ജോർദാന നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
ഫലസ്തീൻ അനുകൂല കാമ്പസ് പ്രതിഷേധങ്ങളിൽ പ്രധാന പങ്ക് വഹിച്ച ഗ്രൂപ്പാണ് സ്റ്റുഡന്റ്‌സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ (എസ്‌ജെപി). പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതിന് പുറമെ വിദ്യാർഥി രോഷം പുറം ലോകത്തെ അറിയിക്കുന്ന വിവരങ്ങളെല്ലാം ഈ ഗ്രൂപ്പ് മുഖേന പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളാണ് സെൻസർഷിപ്പ് ചെയ്യണമെന്ന് ഇസ്രായേൽ സർക്കാരിലെ മുൻ ഉദ്യോഗസ്ഥകൂടിയായ ജോർദാന കട്‌ലർ ആവശ്യപ്പെട്ടതെന്ന് ദി ഇന്റർസെപ്റ്റ് റിപ്പോർട്ട് ചെയ്തു.
കുറഞ്ഞത് നാല് എസ്‌ജെപിയുടെ പോസ്റ്റുകളും ഇസ്രായേലിന്റെ വിദേശ നയത്തെ വിമർശിക്കുന്ന മറ്റ് ഉള്ളടക്കങ്ങളും ജോർദാന അവലോകനം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ജോർദാന നിരീക്ഷിച്ചവ ഇതിലേറെ വരുമെന്നാണ് വിവരം. എസ്‌ജെപിക്ക് പുറമെ ഫലസ്തീന് പിന്തുണ നൽകുന്ന ജൂയിഷ് വോയിസ് ഫോർ
പീസി(ജെവിപി)നേയും ഇവർ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് ഫലസ്തീൻ (പിഎഫ്എൽപി), ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ എന്നി സംഘടനകളുമായി സഹകരിച്ച് ജെവിപി പങ്കുവച്ച കുറിപ്പുകൾ നീക്കാനും അവ റീഡിങ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനും ജോർദാന നിർദേശം നൽകിയിരുന്നു.
പിഎഫ്എൽപി അംഗമായ ലൈല ഖാലിദിനെക്കുറിച്ചുള്ള എസ്‌ജെപിയുടെ പോസ്റ്റ് നീക്കം ചെയ്യാനും കട്ട്ലർ മെറ്റയെ പ്രേരിപ്പിച്ചു. ആഗോളതലത്തിൽ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് നടന്ന നഫലസ്തീൻ അനുകൂല പരിപാടികളുടെ വിവരങ്ങളും പരിപാടികളെ തകർക്കാനായി ഇസ്രായേൽ അനുകൂലികൾ നടത്തിയ ആക്രമണങ്ങളും ജോർദാന നിരീക്ഷിക്കുകയും ഇത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ ഗസ്സയിലെ ഇസ്രായേൽ ക്രൂരത വ്യക്തമാക്കുന്ന വിഡിയോകളും നീക്കം ചെയ്യാൻ ഇവർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കട്‌ലർ ആവശ്യപ്പെട്ടതനുസരിച്ച് മെറ്റ ഉള്ളടക്കങ്ങൾ നീക്കം ചെയ്തിരുന്നുവോ എന്നത് സംബന്ധിച്ച് റിപ്പോർട്ടിൽ പറയുന്നില്ല. ഇതിൽ മെറ്റയുടെ ഔദ്യോഗിക പ്രതികരണവും പുറത്തുവന്നിട്ടില്ല.
ഇസ്രായേൽ സർക്കാർ ജീവനക്കാരിയായിരുന്ന ജോർദാന കട്‌ലർ 2016ലാണ് മെറ്റയിൽ ചേർന്നത്. വാഷിങ്ടൺ ഡിസിയിലെ ഇസ്രായേൽ എംബസിയിലും പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഉപദേശകയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. ജോലിക്കായുള്ള അഭിമുഖത്തിനിടെ മെറ്റയ്ക്കും ഇസ്രായേലിനുമിടയിലെ കണ്ണിയായി പ്രവർത്തിക്കുമെന്ന് കട്‌ലർ പ്രസ്താവിച്ചതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ താല്പര്യങ്ങളെ പ്രതിനിധീകരിക്കാനാണ് ജോർദാന കട്‌ലറിനെ മെറ്റയുടെ ഭാഗമായി നിയോഗിച്ചതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 'മെറ്റയിൽ നമ്മുടെ വനിത' എന്നാണ് അന്ന് ഇസ്രായേൽ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്.
Adjust Story Font
16