Quantcast

നീല സ്ക്രീനിന് മുന്നിൽ നിശ്ചലമായത് ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകൾ

വിമാനത്താവളങ്ങൾ, ബാങ്ക്, ആശുപത്രി, ഐ.ടി മേഖല, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു

MediaOne Logo

Web Desk

  • Updated:

    2024-07-19 11:34:43.0

Published:

19 July 2024 10:55 AM GMT

നീല സ്ക്രീനിന് മുന്നിൽ നിശ്ചലമായത് ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകൾ
X

ന്യൂയോർക്ക്: സാ​ങ്കേതിക തകരാറിന് പിന്നാലെ മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളാണ് പണിമുടക്കിയത്. ഇതോടെ ലോകത്തുള്ള വൻകിട കമ്പനികളുടെയും മുൻനിര സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെയാണ് ബാധിച്ചത്. വിമാനത്താവളങ്ങൾ, ബാങ്കിങ് മേഖല, ആശുപത്രി ശൃംഖലകൾ, മാധ്യമ സ്ഥാപനങ്ങൾ, ഐ.ടി മേഖല തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.

സെൻട്രൽ യു.എസ് മേഖലയിലെ ഉപയോക്താക്കൾക്കാണ് ആദ്യം സാ​ങ്കേതിക തകരാറുണ്ടായത്. ബ്ലൂ സ്​ക്രീനിന് മുന്നിൽ പിന്നീട് ടെക് ലോകം നിശ്ചലമാകുകയായിരുന്നു. കമ്പ്യൂട്ടറുകൾ ലോഗിൻ ചെയ്യാൻ പോലും പലർക്കും കഴിഞ്ഞില്ല. സാ​ങ്കേതിക തകരാർ മൂലം ഏറ്റവുമധികം ആഘാതം നേരിട്ടത് വ്യോമയാന മേഖലയിലാണ്. യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കും അമേരിക്കയിലേക്കുമുള്ള എയർലൈൻ സർവീസുകളെ ബാധിച്ചു. വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിച്ചു. പല രാജ്യങ്ങളും വിമാന സർവീസുകൾ നിർത്തിവച്ചു.

ഇന്ത്യയിലെ ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ പ്രവർത്തനത്തെയാണ് ആദ്യം ബാധിച്ചത്. ടിക്കറ്റ് ബുക്കിങ്, വെബ് ചെക്ക്-ഇൻ തുടങ്ങിയ സേവനങ്ങളിൽ സാ​ങ്കേതിക തകരാറുകൾ നേരിടുന്നതായി കമ്പനികൾ അറിയിച്ചു. ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി ലഭ്യമല്ലെന്ന് ആകാശ എയർ പ്രഖ്യാപിച്ചു. എയർപോർട്ടുകളിൽ മാനുവലായാണ് ചെക്ക്-ഇൻ, ബോർഡിങ് സേവനങ്ങൾ നടത്തുന്നതെന്ന് അവർ അറിയിച്ചു. പല യാത്രക്കാർക്കും​ ബോർഡിങ് പാസുകൾ എഴുതി കൊടുക്കുകയായിരുന്നു.

നിരവധി ബാങ്കുകളുടെ പ്രവർത്തനങ്ങളെയും ബാധിച്ചു. ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും തകരാർ ബാധിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടനിലെ സ്കൈ ന്യൂസ് ടി.വി ചാനൽ പ്രക്ഷേപണം നിർത്തി​വെച്ചു.

തകരാറിന് പിന്നിലെ കാരണം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. എന്നാലും നിരവധി ഉപഭോക്താക്കൾക്ക് ഇപ്പോഴും പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുണ്ട്. മൈക്രോസോഫ്റ്റിനുണ്ടായ തകരാറിന്റെ കാരണങ്ങൾ വിശദീകരിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മൈക്രോസോഫ്റ്റിന് സുരക്ഷാ സേവനങ്ങൾ ഒരുക്കുന്ന ​ക്രൗഡ് സ്ട്രൈക്കിനുണ്ടായ സാ​ങ്കേതിക തകരാറാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ​ക്രൗഡ്‌ സ്ട്രൈക്കിൽ നടന്ന അപ്‌ഡേഷനാണ് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

TAGS :

Next Story