'അല്ലാഹ്' എന്ന് ആലേഖനം ചെയ്ത മാല ധരിച്ചു; ജർമനിയിൽ മുസ്‌ലിം വിദ്യാർഥിനിക്ക് സഹപാഠികളുടെ ക്രൂരമർദനം
വിദ്യാർഥിനിയെ ബാത്ത്റൂമിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും മാല കഴുത്തിൽ നിന്ന് പൊട്ടിച്ചെടുക്കുകയും ചെയ്തെന്ന് ബെർലിൻ പൊലീസ് പറഞ്ഞു.
ബെർലിൻ: 'അല്ലാഹ്' എന്നെഴുതിയ ലോക്കറ്റുള്ള മാല ധരിച്ചതിന് ജർമനിയിൽ മുസ്‌ലിം വിദ്യാർഥിനിക്ക് ക്രൂരമർദനം. ബെർലിനിലെ വിൽഹെംസ്റ്റാഡിലെ ഒരു സ്‌കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം.
15കാരിയായ വിദ്യാർഥിനിയെ ബാത്ത്റൂമിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും മാല കഴുത്തിൽ നിന്ന് പൊട്ടിച്ചെടുക്കുകയും ചെയ്തെന്ന് ബെർലിൻ പൊലീസ് പറഞ്ഞതായി തുർക്കിഷ് വാർത്താ ഏജൻസിയായ അനാദൊലു റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
'അഞ്ച് സഹപാഠികൾ ചേർന്നാണ് സ്‌കൂളിലെ ബാത്ത്റൂമിൽ വച്ച് വിദ്യാർഥിനിയെ ആക്രമിച്ചത്. പെൺകുട്ടിയെ സംഘം ചവിട്ടുകയും ചെയ്തു. സംഘർഷം ശ്രദ്ധയിൽപ്പെട്ട ഒരു അധ്യാപകനാണ് പരിക്കേറ്റ കൗമാരക്കാരിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്'- ബെർലിൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
കുറ്റകൃത്യത്തിന്റെ പശ്ചാത്തലം അന്വേഷിക്കുകയും ആക്രമണത്തിന് പിന്നിലെ മതപരമായ കാരണങ്ങൾ പരിശോധിക്കുകയും ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. ഇസ്രായേൽ- ഫലസ്തീൻ സംഘർഷം രൂക്ഷമായതിന് ശേഷമുള്ള ഇസ്‌ലാമോഫോബിക് ആക്രമണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് ഇതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരുടെ പ്രചാരണവും ഗസ്സ ആക്രമണത്തിലെ പക്ഷപാതപരമായ മാധ്യമ കവറേജും മൂലം ജർമനിയിലെ മുസ്‌ലിം വിഭാഗങ്ങൾക്കെതിരായ വിദ്വേഷ ആക്രമണങ്ങൾ വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ വാക്കാലുള്ളതും ശാരീരികവുമായ ആക്രമണം, പള്ളികൾക്കും ഇസ്‌ലാമിക കേന്ദ്രങ്ങൾക്കുമെതിരായ ആക്രമണം, ഓൺലൈൻ അധിക്ഷേപങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുമെന്നും അനാദൊലു ഏജൻസി (എഎ) റിപ്പോർട്ട് ചെയ്തു.
84 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ജർമനി പടിഞ്ഞാറൻ യൂറോപ്പിൽ ഫ്രാൻസിന് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ്. രാജ്യത്തെ ഏകദേശം 5.3 ദശലക്ഷം മുസ്‌ലിംകളിൽ മൂന്നു ദശലക്ഷം പേർ തുർക്കി വംശജരാണ്.
Adjust Story Font
16