'അവൾക്ക് അവളുടെ അമ്മയുടെ പേര് മതി': തുർക്കിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയ കൈക്കുഞ്ഞിനെ ദത്തെടുത്ത് പിതൃസഹോദരിയും ഭർത്താവും
അഫ്രയുണ്ടായി മൂന്ന് ദിവസങ്ങൾക്ക് ശേഷം ഹലയ്ക്കും സഹദിനും ഒരു പെൺകുഞ്ഞ് കൂടി പിറന്നിരുന്നു
ഫെബ്രുവരി ആറിന് തുർക്കിയെ ഭൂകമ്പം നടുക്കുമ്പോൾ ഭൂമിയിലേക്ക് പിറന്നു വീണതേ ഉണ്ടായിരുന്നുള്ളൂ അഫ്ര എന്ന പെൺകുഞ്ഞ്. ഭൂചലനം ജീവനെടുത്ത അമ്മയുടെ ശരീരത്തിൽ നിന്നും പൊക്കിൾക്കൊടി പോലും മുറിയാതെയാണ് അഫ്രയെ രക്ഷാപ്രവർത്തകർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുന്നത്.
ഭൂചലനമുണ്ടായി 10 മണിക്കൂറിന് ശേഷം കണ്ടെത്തിയത് കൊണ്ട് തന്നെ അത്ഭുത ശിശുവെന്ന് വിശേഷിപ്പിച്ച്, ആശുപത്രി അധികൃതർ അവൾക്ക് അയ എന്ന് പേരിട്ടു- അറബിയിൽ ദൈവത്തിന്റെ അടയാളം എന്ന് അർഥം.
അയയുടെ അമ്മയും അച്ഛനും നാല് സഹോദരങ്ങളും ഭൂകമ്പത്തിൽ മരണമടഞ്ഞു എന്നത് സ്ഥിരീകരിക്കപ്പെട്ടത് കൊണ്ടു തന്നെ കുഞ്ഞിനെ ഏറ്റെടുക്കാൻ നിരവധി പേർ മുന്നോട്ടു വന്നു. ഏറ്റെടുക്കൽ നടപടികൾ നടക്കവേയാണ് തന്റെ സഹോദരന്റെ കുഞ്ഞാണ് അയ എന്ന് തിരിച്ചറിഞ്ഞ് കുഞ്ഞിന്റെ പിതൃസഹോദരി ഹലയെത്തുന്നത്. കുഞ്ഞിനെ ഏറ്റെടുത്ത ഹലയും ഭർത്താവ് സവാദിയും കുഞ്ഞിന് അവളുടെ അമ്മയുടെ പേരും നൽകി.
അഫ്രയുണ്ടായി മൂന്ന് ദിവസങ്ങൾക്ക് ശേഷം ഹലയ്ക്കും സഹദിനും ഒരു പെൺകുഞ്ഞ് കൂടി പിറന്നിരുന്നു. അഫ്രയെയും ചേർത്ത് തങ്ങൾക്കിപ്പോൾ ഏഴ് മക്കളാണെന്നും അവളെ മുഴുവൻ വാത്സല്യത്തോടും കൂടി വളർത്താനാണ് തീരുമാനമെന്നുമാണ് ഇരുവരുടെയും പ്രതികരണം. ഡിഎൻഎ പരിശോധന അടക്കം പൂർത്തിയാക്കിയ ശേഷമാണ് അധികൃതർ അഫ്രയെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്.
തുർക്കി-സിറിയ ഭൂകമ്പം എഴുപത് ലക്ഷം കുട്ടികളെ ബാധിച്ചുവെന്നാണ് യുഎന്നിന്റെ കണക്ക്. 4.6 ദശലക്ഷം കുട്ടികളാണ് തുർക്കിയിൽ ഭൂകമ്പം ബാധിച്ച പ്രവിശ്യകളിൽ താമസിച്ചിരുന്നത്. സിറിയയിൽ 26 ലക്ഷം കുട്ടികളെയും ഭൂകമ്പം ബാധിച്ചു. 22 ലക്ഷത്തിലധികം ആളുകളാണ് ദുരന്തഭൂമിയിൽ നിന്നും എല്ലാം ഉപേക്ഷിച്ച് പോയത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നടിഞ്ഞു.
ഫെബ്രുവരി ആറിനാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ 50000ത്തോളം പേർക്ക് ജീവൻ നഷ്ടമായി. തുർക്കി നഗരവും പ്രവിശ്യാ തലസ്ഥാനവുമായി ഗാസിയാൻടെപ് ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
Adjust Story Font
16