വിശ്വസുന്ദരിപ്പട്ടത്തിനായി ഇനി അമ്മമാര്‍ക്കും വിവാഹിതര്‍ക്കും മത്സരിക്കാം : നിബന്ധനകളില്‍ മാറ്റം
വിജയിക്കുന്നവര്‍ അടുത്ത വിശ്വസുന്ദരിയെ കണ്ടെത്തുന്നത് വരെ അവിവാഹിതരായി തുടരുകയും ഗര്‍ഭം ധരിക്കാതിരിക്കുകയും ചെയ്യണം എന്ന നിബന്ധനയുമുണ്ടായിരുന്നു.
ന്യൂയോര്‍ക്ക് : വിശ്വസുന്ദരി മത്സരത്തിന്റെ നിബന്ധനകളില്‍ കാലാനുസൃതമായ പൊളിച്ചെഴുത്ത്. അമ്മമാര്‍ക്കും വിവാഹിതരായവര്‍ക്കും ഇനി മുതല്‍ മത്സരത്തില്‍ പങ്കെടുക്കാം.
18-28 വയസ്സിനിടയിലുള്ള അവിവാഹിതരായ സ്ത്രീകളെയും കുട്ടികളില്ലാത്തവരെയുമായിരുന്നു ഇതുവരെ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യരായി കണക്കാക്കിയിരുന്നത്. മത്സരത്തില്‍ വിജയിക്കുന്നവര്‍ അടുത്ത വിശ്വസുന്ദരിയെ കണ്ടെത്തുന്നത് വരെ അവിവാഹിതരായി തുടരുകയും ഗര്‍ഭം ധരിക്കാതിരിക്കുകയും ചെയ്യണം എന്ന നിബന്ധനയുമുണ്ടായിരുന്നു.
നിബന്ധനകളില്‍ മാറ്റം വരുത്തിയതോടെ ഇനിമുതല്‍ വിവാഹമോ മാതൃത്വമോ മത്സരത്തില്‍ പങ്കെടുക്കുന്നതിന് തടസ്സമാവില്ല.അടുത്ത വര്‍ഷം നടക്കുന്ന 72ാം വിശ്വസുന്ദരി മത്സരം മുതല്‍ പുതിയ നിബന്ധനകള്‍ ബാധകമായിരിക്കും. നിബന്ധനകളിലെ മാറ്റം ഏറെ അനിവാര്യമായിരുന്നുവെന്നും ഇതുവരെ ഉണ്ടായിരുന്ന മാനദണ്ഡങ്ങള്‍ ലിംഗവിവേചനപരവും യാഥാര്‍ഥ്യബോധമില്ലാത്തവയുമായിരുന്നെന്നും 2020ല്‍ വിശ്വസുന്ദരിപ്പട്ടം നേടിയ മെക്‌സിക്കോയുടെ ആന്‍ഡ്രിയ മെസ പ്രതികരിച്ചു.
എണ്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന വിശ്വസുന്ദരി മത്സരത്തിന് 1952ലാണ് തുടക്കം കുറിക്കുന്നത്. ഫിന്‍ലന്‍ഡിന്റെ ആര്‍മി കുസേലയായിരുന്നു ആദ്യ വിശ്വസുന്ദരി. വിവാഹം കഴിക്കുന്നതിനായി വിശ്വസുന്ദരി കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ഇവര്‍ കിരീടം തിരിച്ചേല്‍പ്പിച്ചിരുന്നു.
2021ല്‍ ഇന്ത്യയുടെ ഹര്‍നാസ് സന്ധുവായിരുന്നു വിശ്വസുന്ദരി. സുസ്മിത സെന്‍, ലാറ ദത്ത എന്നിവരാണ് വിശ്വസുന്ദരിപ്പട്ടം നേടിയ മറ്റ് ഇന്ത്യക്കാര്‍.
Adjust Story Font
16