മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റ് സിയന്ന വെയർ കുതിരപ്പുറത്തു നിന്നു വീണു മരിച്ചു
കഴിഞ്ഞ മാസം സ്വന്തം നാടായ ആസ്ത്രേലിയയില്‍ കുതിര സവാരി ചെയ്യുന്നതിനിടെയാണ് മോഡലിന് അപകടം പറ്റിയത്
സിയന്ന വെയര്‍
സിഡ്നി: കുതിരപ്പുറത്തു നിന്നു വീണു ചികിത്സയിലായിരുന്ന 2022 ലെ മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റും ആസ്ത്രേലിയൻ ഫാഷൻ മോഡലുമായ സിയന്ന വെയർ(23) അന്തരിച്ചു. കുതിര സവാരിക്കിടെ കുതിരപ്പുറത്തു നിന്നും വീഴുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം സ്വന്തം നാടായ ആസ്ത്രേലിയയില്‍ കുതിര സവാരി ചെയ്യുന്നതിനിടെയാണ് മോഡലിന് അപകടം പറ്റിയത്.
ഏപ്രിൽ 2ന് ആസ്ത്രേലിയയിലെ വിൻഡ്‌സർ പോളോ ഗ്രൗണ്ടിൽ സവാരി നടത്തുന്നതിനിടെ സിയന്ന കുതിരപ്പുറത്തു നിന്നും വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ സിയന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആഴ്ചകളോളം ജീവന്‍ രക്ഷാ ഉപകരണങ്ങളോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. സിയന്നയുടെ മോഡലിംഗ് ഏജൻസിയായ സ്‌കൂപ്പ് മാനേജ്‌മെന്‍റ് തങ്ങളുടെ മോഡലിന്‍റെ മരണം സ്ഥിരീകരിക്കുകയും അവരുടെ നിരവധി ചിത്രങ്ങള്‍ വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയും ചെയ്തു. 'ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നെന്നും' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
2022 ലെ ആസ്ത്രേലിയൻ മിസ്സ് യൂണിവേഴ്‌സ് മത്സരത്തിലെ 27 ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു സിയന്ന വെയർ.സിഡ്‌നി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും സൈക്കോളജിയിലും ഇരട്ട ബിരുദം നേടിയിട്ടുണ്ട്. തന്‍റെ കരിയർ തുടരാൻ യുകെയിലേക്ക് പോകാനും സഹോദരി, മരുമകൾ, മരുമകൻ എന്നിവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും പ്രൊഫഷണൽ, സോഷ്യൽ നെറ്റ്‌വർക്ക് വിപുലീകരിക്കാനും' പദ്ധതിയുണ്ടെന്ന് അവർ മുമ്പ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മോഡലിംഗ് കൂടാതെ കുതിര സവാരിയിലും താല്‍പര്യമുള്ളയാളായിരുന്നു സിയന്ന. ''എന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും നഗരത്തിലാണ് ഞാൻ ജീവിച്ചതെങ്കിലും, ഷോ ജമ്പിംഗിനോട് എനിക്ക് ആഴത്തിലുള്ളതും അചഞ്ചലവുമായ സ്നേഹമുണ്ട്'' ഒരിക്കല്‍ അവര്‍ ഗോൾഡ് കോസ്റ്റ് മാസികയോട് പറഞ്ഞു.
മൂന്നു വയസുള്ളപ്പോള്‍ മുതല്‍ കുതിരസവാരി നടത്തുണ്ടെന്നും അതില്ലാത്ത ഒരു ജീവിതം തനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും സിയന്ന പറഞ്ഞിരുന്നു. വാരാന്ത്യങ്ങളിലും ന്യൂ സൗത്ത് വെയിൽസിലോ ആസ്ത്രേലിയയിലോ പരിശീലിപ്പിക്കുന്നതിനും മത്സരിക്കുന്നതിനുമായി താൻ ആഴ്‌ചയിൽ 2-3 തവണ ഗ്രാമീണ സിഡ്‌നിയിലേക്ക് പോകാറുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.
Adjust Story Font
16