കാണാതായ രണ്ടുവയസുകാരന്റെ മൃതദേഹം ചീങ്കണ്ണിയുടെ വായിൽ; പിതാവ് അറസ്റ്റിൽ
കുട്ടിയുടെ അമ്മയെ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അപ്പാർട്ടുമെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്
ഫ്‌ളോറിഡ: ഫ്‌ളോറിഡയിൽ കാണാതായ രണ്ടുവയസുകാരന്റെ മൃതദേഹം ചീങ്കണ്ണിയുടെ വായിൽ നിന്ന് കണ്ടെടുത്തു. ടെയ്ലൻ മോസ്‍ലി എന്ന കുട്ടിയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ പശുൻ ജെഫറി (20)യെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സെന്റ് പീറ്റേഴ്സ്ബർഗിലെ അപ്പാർട്ടുമെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. അന്നുമുതൽ കുട്ടിയെ കാണാതായിരുന്നു. ഈ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം ചീങ്കണ്ണിയുടെ വായയിൽ നിന്ന് കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ പിതാവ് 21 കാരനായ തോമസ് മോസ്‍ലിയെ പൊലീസ് കൊലപാതകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടിയുടെ അമ്മ പശുൻ ജെഫറിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് അവളുടെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അന്നുമുതൽ ടെയ്ലൻ മോസ്‍ലിയെയും കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കൊലപാതകമെന്ന് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഡെൽ ഹോംസ് പാർക്കിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ചീങ്കണ്ണിയുടെ വായയിൽ മൃതദേഹം കണ്ടെത്തുന്നത്. ചീങ്കണ്ണിയെ വെടിവെച്ചപ്പോൾ അതിന്റെ വായയിലുള്ളത് താഴെയിട്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് ടെയ്ലന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതെന്ന് സെന്റ് പീറ്റേഴ്സ്ബർഗ് പൊലീസ് മേധാവി ആന്റണി ഹോളോവേ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, കൊലപാതകത്തിന്റെ കാരണങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഡെൽ ഹോംസ് പാർക്കിൽ നിന്ന് ഏകദേശം 13 മൈൽ വടക്കുള്ള ലിങ്കൺ ഷോർസ് അപ്പാർട്ട്‌മെന്റ് കോംപ്ലക്സിൽ വെച്ചാണ് കുഞ്ഞിന്റെ അമ്മ ജെഫറിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവർക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പൊലീസ് മേധാവി പറഞ്ഞു. അറസ്റ്റിലായ മോസ്‍ലിക്കും കൈകളിലും കാലിലും പരിക്കേറ്റിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുമായി ഇയാൾ സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു.
മോസ്‍ലിയുടെ 21-ാം ജന്മദിനം ആഘോഷിക്കാൻ കുടുംബാംഗങ്ങൾ ബുധനാഴ്ച ജെഫറിയുടെ അപ്പാർട്ട്മെന്റിൽ ഒത്തുകൂടിയതായി ദ ടാംപ ബേ ടൈംസിന് റിപ്പോർട്ട് ചെയ്തു.
Adjust Story Font
16